ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി ലിയോൺസിനോ 500 സ്പോർട്ട് പതിപ്പിനെ അവതരിപ്പിച്ചു
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി ലിയോൺസിനോ 500 സ്പോർട്ട് പതിപ്പിനെ അവതരിപ്പിച്ചു. ചൈനീസ് വിപണിയിൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിയോൺസിനോ 500 കഫെ റേസർ പതിപ്പിന്റെ പുതിയ അവതാരമാണ് ഇപ്പോൾ പുറത്തിയിരിക്കുന്ന സ്പോർട്ട് മോഡൽ. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈക്ക് യാഥാർഥ്യമാകുന്നത്.
ലിയോൺസിനോ 500 സ്‌പോർട്ട് മറ്റ് വേരിയന്റുകളിൽ നിന്ന് തികച്ചും വേറിട്ടു നില്‍ക്കുന്നു. ഇ സ്റ്റാൻഡേർഡ് മോഡലിലെ ടു-ഇൻ-വൺ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി ബെനലി ലിയോൺസിനോ 500 സ്‌പോർട്ടിൽ ഇരട്ട ബാരൽ എക്‌സ്‌ഹോസ്റ്റാണ് ലഭിക്കുക. റെട്രോ അപ്പീലിനായി വലതുവശത്ത് ഒരു ചെറിയ സാഡിൽ ബാഗും ഒരുങ്ങുന്നു. ബെനലി ലിയോൺസിനോ 500 സ്‌പോർട്ടിന് കരുത്തേകുന്നതും അതേ ലിക്വിഡ്-കൂൾഡ് 499.6 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് . ഇത് 8,500 rpm-ൽ 48.94 bhp കരുത്തും 5,500 rpm-ൽ 47 Nm ടോർക്കും ഉത്പാദിപ്പിക്കും.
ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളാണ് ലിയോൺസിനോ 500 സ്‌പോർട്ടിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ബ്രേസുകളാണ് ഹെഡ്‌ലൈറ്റ് കൗളിനെ പിന്തുണയ്‌ക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന്റെ ഹാൻഡിൽബാർമൗണ്ട് ചെയ്യുന്നിടത്ത് കൃത്യമായി ബോൾട്ട് ചെയ്‌തിരിക്കുന്നു. ഫുട്പെഗ് സ്ഥാനത്തിന് മാറ്റമില്ല. നീലനിറത്തിലുള്ള ബാക്ക്‌ലിറ്റ് എൽസിഡി കൺസോളാണ് ബെനലി ലിയോൺസിനോ 500 സ്‌പോർട്ടിന് ഉള്ളത്.
ലിയോണ്‍സിനോ 500ന്‍റെ റഗുലര്‍ പതിപ്പിനെ 2021 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 4.59 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ്6 നവീകരണം ലഭിച്ച DOHC ട്വിന്‍ സിലിണ്ടര്‍ ഫോര്‍-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, 500 സിസി എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 47.5 bhp കരുത്തും 6,000 rpm-ല്‍ 46 Nm torque ഉം ഉത്പാദിപ്പിക്കും. 8-വാല്‍വ് മോട്ടോര്‍ ഒരു സ്ലിക്ക്-ഷിഫ്റ്റിംഗ് 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ട്രാന്‍സ്‍മിഷന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona