വ്യാഴമാറ്റം; ഒരു വർഷം നിങ്ങൾക്കെങ്ങനെ? കൂറുഫലം...

 2019 നവംബര്‍ 5ന് വെളുപ്പിനാണ് വ്യാഴം രാശി മാറുന്നത്. പുലര്‍ച്ചെ 5നും 6നും ഇടയിലാണ് വ്യാഴമാറ്റം സംഭവിക്കുക. വ്യാഴത്തിന്റെ ദേവത മഹാവിഷ്ണുവാണ്. അതിനാല്‍ തന്നെ നവംബര്‍ 5ന് പുലര്‍ച്ചെ വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുക. 

Jupiter transit  Sagittarius 05th November 2019

ഒരു വ്യാഴ വട്ടത്തിനു ശേഷം അതായത് 12 വര്‍ഷത്തിന് ശേഷം ഗുരു ബൃഹസ്പതി സ്വന്തം ക്ഷേത്രത്തിലേക്ക് വരികയാണ്. ഗ്രഹങ്ങളില്‍ വ്യാഴത്തിന് പ്രത്യേക സ്ഥാനം ഉണ്ട്. വ്യാഴം സര്‍വ്വേശ്വരകാരനാണ്. പ്രപഞ്ച ചൈതന്യത്തിന്റെ കേന്ദ്രമാണ് വ്യാഴം. എല്ലാ ഗ്രഹങ്ങളുടെയും പ്രവര്‍ത്തനത്തില്‍ വ്യാഴത്തിന് പ്രത്യേക നിയന്ത്രണം ഉണ്ട്. ഒരു ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥിതിയും ബലവും മറ്റേതിനെക്കാളും പ്രധാനമാണ്.

ഈശ്വരാധീനത്തിന്റെ, ഭാഗ്യത്തിന്റെ, പുണ്യത്തിന്റെ,  എല്ലാം നിയമശക്തി വ്യാഴനാണ്. മറ്റ് ഗ്രഹങ്ങള്‍ എല്ലാം പ്രതികൂലത്തിലും വ്യാഴം പൂര്‍ണബലവാനും ആണെങ്കില്‍ ഈ ഒറ്റ കാര്യം കൊണ്ടു തന്നെ ജീവിതം ഐശ്വര്യ കരമാകും. ബാക്കി ഗ്രഹങ്ങളെല്ലാം ബലവത്തും വ്യാഴം നേരെ മറിച്ചുമായാല്‍ കഷ്ടപ്പാടും ദുരിതവും ഒരു തീരാപ്രശ്‌നമായി നിലനില്‍ക്കും. ''ലക്ഷം ഹന്തി ഗുരു''  എന്നാണ് പ്രമാണം. ലക്ഷം ദോഷം പോലും വ്യഴത്തിന്റെ അനുകൂല നിലകൊണ്ടോ നേട്ടം കൊണ്ടോ മാറും എന്നതാണ്  ഭാരതീയ ജ്യോതിശാസ്ത്രം പറയുന്നത്. ഇത്രയും പ്രാധാന്യമാണ് ഗുരു എന്ന വ്യാഴത്തിന് ജാതകത്തിലുള്ളത്.

  1195 തുലാം 19, 2019 നവംബര്‍ 5ന് വെളുപ്പിനാണ് വ്യാഴം രാശി മാറുന്നത്. വൃശ്ചികത്തില്‍ നിന്ന് ധനു രാശിയിലേക്കാണ് പകര്‍ച്ച. പുലര്‍ച്ചെ 5നും 6നും ഇടയിലാണ് വ്യാഴമാറ്റം സംഭവിക്കുക. സ്വക്ഷേത്രത്തിലേക്ക് വരുന്ന വ്യാഴം ഗുണ ദോഷ സമ്മിശ്ര ഫലങ്ങളാകും നല്‍കുക. വ്യാഴത്തിന്റെ ദേവത മഹാവിഷ്ണുവാണ്. അതിനാല്‍ തന്നെ നവംബര്‍ 5ന് പുലര്‍ച്ചെ വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുക. 

തുളസിപ്പൂവും പിടിപ്പണവും ഭഗവാന് സമപ്പിച്ച് പ്രര്‍ത്ഥിക്കുന്നതും ലക്ഷ്മീ നാരായണ വെള്ളിരൂപം ഭഗവാന് സമര്‍പ്പിക്കുന്നതും അന്നേദിവസം ഭഗവാന് പാല്‍പ്പയസം വഴിപാടായി സമര്‍പ്പിക്കുന്നതും ദോഷപരിഹാരത്തിന് ഉത്തമമാണ്. ഇതിനൊന്നും പറ്റാത്തവര്‍ പുലര്‍ച്ചെ തന്നെ കുളിച്ച് ശുദ്ധിയായി വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.

കൂറുഫലം താഴേ ചേർക്കുന്നു...

മേടക്കൂറ്
...................
(അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)

 നവബര്‍ 5 മുതല്‍ 2020 മാര്‍ച്ച് 29 വരെ വ്യാഴം ഒമ്പതാം രാശിയിലാണ് നില്‍ക്കുന്നത്. ഇതില്‍ 2020 ജനുവരി 24 വരെ ഗുരു ശനിയോഗം ഉള്ളതിനാല്‍ പൊതുവെ സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. എട്ടാം ഭവത്തില്‍ നിന്ന് ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലേക്ക് വ്യാഴം മാറുന്നതിനാല്‍ ശാരീരീകവും മാനസികവും ഭാഗ്യപരവുമായി അലട്ടിക്കൊണ്ടിരിന്ന തടസ്സങ്ങളും നീങ്ങി നല്ല അനുഭവ ഫലത്തെ പ്രദാനം ചെയ്യും. ഗുരുശനി യോഗത്താല്‍ ഭാവിയില്‍ ദോഷകരമായി ഭവിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യരുത്. ശനി 2020 ജനുവരി 24ന് വ്യാഴത്തെ വിട്ട് മകരത്തിലേക്ക് പോകുന്നതോടെ ഗുരു നല്ല ഫലങ്ങള്‍ ധാരാളമായി നല്‍കാന്‍ തുടങ്ങും. ഈ അവസ്ഥ 2020 മാര്‍ച്ച് 29 വരെ തുടരും. വീണ്ടും ഗുരു ശനിയോഗം മകരത്തില്‍ സംഭവിക്കുന്നു. ഈ അവസ്ഥ 2020 ജൂണ്‍ 29 വരെ ഉണ്ടായിരിക്കും. അതിനു ശേഷം 2020 നവബര്‍ 20ന് വ്യാഴം മകരത്തിലേക്ക് കടക്കുന്നതുവരെ മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഗുണഫലങ്ങള്‍ ധാരാളമായി ലഭിക്കും. സന്താന ഭാഗ്യം കൈവരാന്‍ അനുകൂലമായ സമയമാണ്.  ധനപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ആരോഗ്യം ആഹാരസുഖം എന്നിവ പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും വിദേശ യാത്രകള്‍ക്കും അനുകൂല കാലമാണ്. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം തന്നെ സാധിച്ചു കിട്ടും. വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. ദേവീ ക്ഷേത്രത്തില്‍ ഗണപതി ഹോമവും ശാസ്താവിന് എള്ളുപായസവും അട വഴിപാടും. ശിവഭജനവും ഐശ്വര്യദായകമാണ്.

ഇടവക്കൂര്‍
........................
(കാര്‍ത്തിക2,3,4പാദങ്ങള്‍ രോഹിണി, മകയിരം1,2 പാദങ്ങള്‍)

മേടം രാശിക്കാര്‍ക്ക് പറഞ്ഞിട്ടുള്ള ഫലങ്ങള്‍ ശനി യോഗത്തിന്റെ ന്യൂനതകള്‍ ഇടവം രാശിക്കാര്‍ക്കും ബാധകമാണ്. ഏഴാം ഭാവത്തില്‍ നിന്ന് വ്യാഴം സ്വക്ഷേത്രമായ അഷ്ടമ ഭാവത്തിലേക്ക് വരുന്നു. അല്‍പ്പകാലതടസമുണ്ടാവുമെങ്കിലും വളരെ കാലമായി അലട്ടിക്കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം ഉണ്ടാകും. ജനുവരി 25 മുതല്‍ മാര്‍ച്ച് 30 വരെയും വീണ്ടും ജൂണ്‍ 30 മുതല്‍ നവംബര്‍ 20 വരെയും ഗുരുവിനെ കൊണ്ടുള്ള ദോഷഫലങ്ങള്‍ കുറവായിരിക്കും. ആരോഗ്യപരമായി അത്ര നല്ല കാലമായിരിക്കില്ല. സുപ്രധാനമായ പല തീരമാനങ്ങളും ഉണ്ടാവാന്‍ കാലതാമസം നേരിടും. സ്ത്രീകള്‍ക്ക് പൊതുവെ നല്ല കാലമാണ്. സ്ത്രീകള്‍ പൊതുവേ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിന്ന തൊഴിലില്‍ ഏര്‍പ്പെടും. അതിനാല്‍ ആത്മവിശ്വാസവും ആത്മധൈര്യവും വര്‍ദ്ധിക്കും. ഗുരുസ്ഥാനീയരിടെ വിയോഗം മനസ്സിനെ അലട്ടും. രാഷ്ടീയക്കാരും പൊതുപ്രവര്‍ത്തകരും വിവാദങ്ങളില്‍പ്പെട്ട് പൊതുജന വിരോധം നേരിടേണ്ടിവരും. ശത്രുക്കള്‍ മൂലം നിത്യജീവിതത്തിലെ സമാധാനം കുറയും. ഉദരവ്യാധികള്‍ക്ക് അല്‍പ്പം ശമനം ഉണ്ടാവും. പെട്ടെന്ന് ഒരു കാര്യത്തിലേക്കും എടുത്തു ചാടരുത്.

മിഥുനക്കൂറ്
.........................
(മകയിരം 3,4പാദങ്ങള്‍ തിരുവാതിര പുണര്‍തം 1,2,3 പാദങ്ങള്‍)

മിഥുനക്കൂറുകാര്‍ക്ക് വ്യാഴം ഏഴിലേക്കാണ് വരുന്നത്. അതുവരെ അതായത് നവംബര്‍ 5 വരെ ആറില്‍ ആയിരുന്നു. ആറ് എന്നത് രോഗം ശത്രു എന്നിവയുടെ സ്ഥനമാണ്. മരുന്നുകള്‍ കഴിച്ചാല്‍ പോലും അനുകൂലമായ ഫലങ്ങൾ കിട്ടാതിരന്ന അവസ്ഥയില്‍ നിന്നും വ്യാഴത്തിന്റെ മാറ്റത്തോടുകൂടി കെട്ടുകള്‍ അഴിഞ്ഞതായ പ്രതീതി ഉണ്ടാവും. ഇത് മേടം രാശിക്കാര്‍ക്ക് പറഞ്ഞിരിക്കുന്ന ഗുരു ശനിയോഗം ഉള്ള നവംബര്‍ 5 മുതല്‍ ജനുവരി 24 വരെ അനുകൂല ഫലങ്ങള്‍ കുറവായിരിക്കും അതിനു ശേഷം മാര്‍ച്ച് 30 വരെ സല്‍ഫലങ്ങള്‍ അധികരിക്കും. ഈ സമയത്ത് മറ്റുള്ളവരില്‍ നിന്നും അനുകൂലമായ പ്രവൃത്തികള്‍ സഹായങ്ങള്‍ എന്നിവ ലഭിക്കുകയും. പുതിയ നല്ല ബന്ധങ്ങള്‍ ഉണ്ടാവുകയും വിവാഹത്തിനായി ശ്രമിക്കുന്നവര്‍ക്ക് നല്ല ബന്ധം കിട്ടുകയും പിരിഞ്ഞ് നില്‍ക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക് യോജിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ഭൂമി വാങ്ങുന്നതിന് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയും ഉത്സാഹവും വര്‍ദ്ധിക്കും. ബഹുമതികള്‍ ലഭിക്കും. വ്യാപാരത്തില്‍ നിന്ന് ധനലാഭം. രോഗപീഠകള്‍ മനസിനെ അലട്ടും. ഗൃഹനിര്‍മാണം മന്ദഗതിയിലാകും. സ്ത്രീകള്‍ക്ക് പ്രവൃത്തി മേഖലയില്‍ വിജയവും നേട്ടവും ഉണ്ടാകും. കര്‍ഷകര്‍ക്കും അനുകൂലസമയമാണ്. വാക്കുകള്‍ പ്രയോഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കണം.

കര്‍ക്കടകക്കൂറ്
...............................
(പുണര്‍തം 4, പാദം പൂയം, ആയില്യം)

 ഈ കൂറുകാര്‍ക്ക് അഞ്ചില്‍ നിന്ന് ആറാം ഭാവത്തിലേക്ക് വ്യാഴം മാറുന്നു. ആറില്‍ വ്യാഴം സ്വന്തം രാശിയില്‍ പ്രവേശിക്കുന്നതിനാല്‍. ഗ്രഹം ബലവാന്‍ ആകുകയും ദൂഷ്യഫലങ്ങള്‍ക്ക് കുറവു വരികയും ചെയ്യും. ജനുവരിയില്‍ ശനി ഏഴിലേക്കു വരുന്നതോടു കൂടി 24 മുതല്‍ കണ്ടകശനി പ്രബലമാകും. ആറിലെ വ്യാഴവും ഏഴിലെ ശനിയും ശത്രു ദോഷത്തിനു കാരണമാകും. ബന്ധുക്കളും സ്വന്തക്കാരും സഹപ്രവര്‍ത്തകരും അനുകൂലമല്ലാത്ത നിലപാടുകള്‍ എടുക്കും. ആറിലെ വ്യാഴം ആഹാര സാധനങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഇടവരുത്താം. അടുത്തു നിന്നവര്‍ പെട്ടെന്ന് എതിരാവാനും രഹസ്യങ്ങള്‍ കൈമാറി കൊടുക്കുയോ ചെയ്ത് ചതിവില്‍ പെടുത്താനും സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഇരിക്കുന്നവര്‍ എപ്പോഴും എല്ലാ കാര്യങ്ങളിലും പരമാവധി ശ്രദ്ധിക്കണം. ഗുരുശനിയോഗം ധനു രാശിയില്‍ നിലകൊള്ളുന്നത്. 2019 നവംബര്‍ 5 മുതല്‍ 2020 ജനുവരി 24 വരെയും മകര രാശിയില്‍ നിലകൊള്ളുന്നത് 2020 മാര്‍ച്ച് 30 മുതല്‍ ജൂണ്‍ 30 വരെയുമാണ്. ഈ സമയത്ത് പെട്ടെന്ന് ഒന്നിനെ പ്പറ്റിയും തീരുമാനം എടുക്കരുത്. നവംബര്‍ 5 മുതല്‍ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ചും ധനം ആഹാരം എന്നിവയില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. കര്‍ക്കടകം രാശിക്കാര്‍ക്ക് 2022 ഏപ്രില്‍ 13 വരെ വ്യാഴം അനുകൂലമല്ല എന്നൊരു പ്രത്യേകത കൂടി ഉണ്ട്. 2020 നവംബര്‍ 20 ന് ഈ രാശിക്കാര്‍ക്ക് വ്യാഴം ഏഴില്‍ വരുന്നു എങ്കിലും അവിടെ ശനിയോടെപ്പമാണ് നിലകൊള്ളുക. ഈ സ്ഥിതി 2021 ഏപ്രില്‍ 6 വരെ ഉണ്ടായിരിക്കും. അടുത്ത ഒരു വര്‍ഷം അഷ്ടമ വ്യാഴമാണ്. അതിനാല്‍ തന്നെ ജാതക പരിശോധനയും ദോഷ പരിഹാരങ്ങളും ചെയ്യേണ്ടതാണ്.

ചിങ്ങക്കൂറ്
.....................
(മകം, പൂരം, ഉത്രം 1 ാം പാദം)

നാലില്‍ നിന്ന് അഞ്ചിലേക്ക് വ്യാഴം മാറുന്നു. പക്ഷേ ഗുരുവും ശനിയും ചേര്‍ന്നു നില്‍ക്കുന്നത് 2020 ജനുവരി 24 വരെയാണ്. ഗുരു ശനിയോഗം ഗുണകരമല്ല. അതോടുകൂടി കേതുവും ഉണ്ട്. ശനി 2020 ജനുവരി 24 മകരത്തിലേക്ക് പോകുന്നു. 2019 നവംബര്‍ 5 മുതല്‍ 2020 മാര്‍ച്ച് 30 വരെ വ്യാഴം ധനുവില്‍ തന്നെ ഗ്രഹണയോഗത്തോടുകൂടി യാണ് നില്‍ക്കുന്നത്. 2020 മാര്‍ച്ച് 30ന് വ്യാഴം മകരത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും ഗുരു ശനിയോഗം സംഭവിക്കും. ഈ സ്ഥിതി 2020 ജൂണ്‍ 30 വരെ  അതേപടി നലകൊള്ളുന്നു. 2020 ജൂണ്‍ 30 ന്  ഗുരു ധനുവിലേക്ക് വരന്നതോടെ ഗുരുകേതുയോഗം അധവാ ഗ്രഹണയോഗവും സംഭവിക്കുന്നു. ഈയോഗങ്ങളൊന്നും ശരിയായ അനുകൂല ഫലം നല്‍കില്ല. വ്യാഴം, ശനിയോഗത്തോടു കൂടി നില്‍ക്കുന്ന സമയത്ത്. ധനത്തിന് തളര്‍ച്ച. സൗഭാഗ്യക്കുറവ് രോഗ പ്രതിരോധ ശക്തിയില്‍ കുറവ്. സന്താനദുരിതം, ദഹനേന്ദ്രിയങ്ങള്‍ക്ക് തളര്‍ച്ച. ദൈവാധീനക്കുറവ്. എന്നിവ അനുഭവിക്കാന്‍ ഇടവരും. വ്യാഴം ആറില്‍ അതായത് മകരത്തില്‍ നില്‍ക്കുന്ന 2020 മാര്‍ച്ച് 30 മുതല്‍ 2020 ജൂണ്‍ 30 വരെ ഉള്ള സമയത്ത്. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം രോഗങ്ങള്‍ എന്നിവയ്ക്ക് ഇടയുണ്ട്. ശുചിത്വവും വൃത്തിയും ഇല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അസമയങ്ങളില്‍ യാത്ര അരുത്. ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കാതെ നോക്കണം.

കന്നിക്കൂറ്
..................
(ഉത്രം2,3,4 പാദങ്ങള്‍ അത്തം, ചിത്തിര1,2 പാദങ്ങള്‍)

വ്യാഴം മൂന്നില്‍ നിന്ന് നാലിലേക്ക് കടക്കുന്നു. ഇത് ധനനിക്ഷേപങ്ങള്‍ക്ക് നല്ലസമയമാണ്. ധനം ശരിയായി നിക്ഷേപിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ശനിയോഗം നിലനില്‍ക്കുന്ന സമയത്ത് അതായത് നവംബര്‍ 5 മുതല്‍ 2020 ജനുവരി 24 വരെയും അതിനു ശേഷം 2020 മാര്‍ച്ച് 30 മുതല്‍ ജുണ്‍ 30 വരെയും  വളരെ ശ്രദ്ധയോടുകൂടി വേണം ധനം കൈകാര്യം ചെയ്യേണ്ടത്. വീടുവാങ്ങുക ,വാഹനങ്ങള്‍ വാങ്ങുക, ആഭരണങ്ങള്‍ വാങ്ങുക, തുടങ്ങി കൂടുതല്‍ ധനം നിക്ഷേപിച്ച് വസ്തുക്കള്‍ നേടുന്നതിന് അനുകൂലമാണ്. ഈ സ്ഥിതി വിശേഷം 2020 നവംബര്‍ 20 വരെയുണ്ട്. ഗുരു  ബലവാന്‍ അല്ലാത്തതിനാല്‍  കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയോടെ വേണം. അല്ലാത്തപക്ഷം ധനപരപമായ നഷ്ടങ്ങള്‍ സംഭവിക്കും. 20/11/2020 ല്‍ മകരത്തിലേക്ക്. കടക്കുമ്പോള്‍ അത് അഞ്ചിലേക്കു വരുന്നു. അഞ്ചിലെ വ്യാഴം പൊതുവെ ഭാഗ്യവര്‍ദ്ധന ഉണ്ടാക്കുന്നതാണ്. വ്യാഴം നാലില്‍ നിലകൊള്ളുന്ന കാലത്ത് ശ്രദ്ധയോടെ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ശരിയായ ഫലസിദ്ധി ഉണ്ടാകുന്നത് വ്യാഴം അഞ്ചില്‍ വരുമ്പോള്‍ മാത്രമാണ്.

തുലാക്കൂറ്
......................
(ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3)

ഇവിടെയാകട്ടെ വ്യാഴം രണ്ടാം ഭാവത്തില്‍ നിന്ന് മൂന്നിലേക്ക് വരികയാണ്. ഇത് തുലാക്കൂറുകാരെ ചതിയില്‍ പെടുത്തിയേക്കും. അതിനാല്‍ തന്നെ സാക്ഷി പറയുക, ജാമ്യം നില്‍ക്കുക, മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങി കൂടുതല്‍ പലിശ കിട്ടും എന്ന വിശ്വാസത്തേടുകൂടി ആര്‍ക്കെങ്കിലും മറിച്ച് കൊടുക്കുക, മറ്റുള്ളവര്‍ക്ക് സ്വന്തം വസ്തുക്കളോ വാഹനങ്ങളോ ഉപയോഗിക്കാന്‍ കൊടുക്കുക, നിയമ വിരുദ്ധമായ ചെക്കുകള്‍ നല്‍കുക, ഉറപ്പില്ലാത്ത മരുന്നുകള്‍ കഴിക്കുക എന്നീ പ്രവര്‍ത്തികളാല്‍ ദോഷ ഫലങ്ങള്‍ ഉണ്ടാകാം. മൂന്നില്‍ വ്യാഴം നില്‍ക്കുന്ന സമയത്ത് വിവാഹ തീരുമാനം എടുക്കുന്നത് പ്രതികൂലമകും. അതുപോലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കോഴ്‌സുകള്‍ യൂണിവേഴ്‌സ്റ്റികള്‍ തുടങ്ങിയവ തിരഞ്ഞെടുക്കുന്നത് ഉത്തമ ഫലം നല്‍കാന്‍ ഇടയില്ല. തുലാക്കൂറിന്റെ അധിപന്‍ ശുക്രനും വ്യാഴവും ശത്രുക്കളാകയാല്‍. വ്യാഴത്തിന് ബലഹീനത കൂടി ഉള്ളപ്പോള്‍ ദൂഷ്യ ഫലങ്ങള്‍ വര്‍ദ്ധിക്കും.

വൃശ്ചികക്കൂറ്
....................
(വിശാഖം 4-ാം പാദം അനിഴം തൃക്കേട്ട)

വൃശ്ചിക രാശിയില്‍ നിന്നും വ്യാഴം ധനു രാശിയിലേക്ക് കടക്കുന്നത് വൃശ്ചിക കൂറിന് പ്രമാണപ്രകാരം ധന വര്‍ദ്ധനവിന് സാഹചര്യം ഉണ്ടവേണ്ടതാണ്. എന്നാല്‍ ധനുരാശിയില്‍ ശനിയും കേതുവും നില്‍ക്കുന്നുണ്ട്.  അവിടേക്ക് ശനി ചെല്ലുന്നതോടെ ഈ ഗ്രഹത്തിനുണ്ടാവുന്ന ശനി കേതു ബന്ധം വ്യാഴത്തിന്റെ ഗുണ ഫലത്തിന് കാര്യമായ ബലക്കുറവ് വരുത്തും. തല്‍ഫലമായി ധനനഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. വൃശ്ചികം രാശിക്ക് ധനു രണ്ടാം രാശിയാണ്. വ്യാഴത്തിന് ഈ രാശിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. പചനം, വചനം, ധനം, ഭാര്യ ഇവയെല്ലാം രണ്ടാം ഭാവമാണ്. ഭുജിക്കുക എന്ന അര്‍ത്ഥമാണ് പചനത്തിന്. അതിനാല്‍ ഈവസ്തുക്കളുമായി ബന്ധപ്പെട്ട് വൈഷമ്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സൂക്ഷിക്കണം. ഏത് വസ്തുക്കള്‍ കഴിക്കുമ്പോഴും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ദോഷശാന്തിക്കായി ഗുരു, ശനി, കേതു ദോഷ പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. സംസാരിക്കുമ്പോള്‍ അനാവശ്യ വാക്കുകള്‍ പുറത്തുവരാതെ സൂക്ഷിക്കണം.
 
ധനുക്കൂറ്  
.....................
(മൂലം, പൂരാടം, ഉത്രാടം 1ാം പാദം)

പന്ത്രണ്ടില്‍ വ്യാഴസ്ഥാനത്ത് നിന്ന വ്യാഴം ജന്മത്തിലേക്കു വരുന്നതോടെ എന്തെങ്കിലും ഒരു തരത്തിലുള്ള സ്ഥാനചലനത്തിനോ സ്ഥാനമാറ്റത്തിനോ സാദ്ധ്യത ഉണ്ട്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണിത് ബാധകം. ജന്മവ്യാഴം ജന്മശനിയോടു കൂടി നില്‍ക്കുന്നതിനാല്‍ പിടിവാശി സ്വഭാവം കൂടും. തല്‍ഫലമായി പലരും വിരോധികളാകാന്‍ സാധ്യതയുണ്ട്. ഗുരു നെയ്യിനെ പ്രതിനിധീകരിക്കുന്നു.  ശനി അതിനെ കേടുവരുത്തുന്ന ശക്തിയും. നെയ്യ്, കുഴമ്പ് എന്നിവ ഉപയോഗിക്കുന്നവര്‍ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കുക. ജന്മം എന്നാല്‍ ഒന്നാം ഭാവമാണ്. അതായത് തല. അതിനാല്‍ തന്നെ എണ്ണക്കേടുകൊണ്ട് മുടി കൊഴിയാതെയും മറ്റും സൂക്ഷിക്കണം. 2020 ജനുവരി 25ന് ഗുരുശനിയോഗം താല്‍ക്കാലികമായി ഇല്ലാതാകുന്നു. ഈ അവസ്ഥ മാര്‍ച്ച് 30 വരെ ഉണ്ടാവും. ഈ അവസരത്തില്‍ പലതരം ഗുണഫലങ്ങള്‍ ഉണ്ടാവും. 2020 മാര്‍ച്ച് 30 മുതല്‍ ജൂണ്‍ 30 വരെ വ്യാഴവും ശനിയും ഒരുമിച്ച് മകരം രാശിയില്‍ നില്‍ക്കുന്നു. ഈ സമയത്ത് വ്യാഴം ധനസ്ഥാനത്താകയാല്‍ ധന വര്‍ദ്ധന ഒരളവുവരെ ഉണ്ടാവും. അതിനുശേഷം വ്യാഴം ജന്മത്തിലേക്ക് വരുന്നതോടെ വീണ്ടും സ്ഥാന ചലനം സംഭവിക്കാം. പൊതുവെ വ്യാഴം, ശനി , കേതു പരിഹാരങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതാണ് നല്ലത്. 2020 നവംബര്‍ 20 വ്യാഴം മകരത്തിലേക്ക് പോകുന്നതോടെ ജന്മവ്യാഴം അവസാനിക്കുകയും ചെയ്യും.

മകരക്കൂറ്
...................
(ഉത്രാടം 2,3,4 പാദങ്ങള്‍ തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

2019 നവംബര്‍ 5 മുതല്‍ പതിനൊന്നിലെ വ്യാഴം പന്ത്രണ്ടിലേക്ക് വരുന്നു. അതുപോലെ 2020 ജനുവരി 24 ന് ശനി ജന്മത്തിലേക്കും വരുന്നു. അതായത് ശനി മകരത്തിലേക്ക് വരുന്നു. ഇപ്രകാരം  പന്ത്രണ്ടിലെ വ്യാഴവും ജന്മശനിയും പലവിധത്തിലുള്ള അധ്വാനം ശനിയെ കൊണ്ടും പലവിധത്തിലുള്ള ചെലവുകള്‍ വ്യാഴത്തെക്കൊണ്ടും ഉണ്ടാകും. ധനച്ചെലവ് ഏറുന്ന കാലമാണ്. കുറെക്കാലമായി നടത്താന്‍ ആഗ്രഹിച്ചിരുന്ന പല കര്‍മ്മങ്ങളും അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും നടത്തും. 2020 മര്‍ച്ച് 30 മുതല്‍ ജൂണ്‍ 30 വരെ വ്യാഴവും കൂടി മകരത്തില്‍ ഉണ്ടാകും. ഈ സമയത്ത് വാശി കൂടും. ധനം അമിതമായി ചെലവഴിക്കുക, പലരും പണം തട്ടിച്ച് ചതിയില്‍പെടുത്തുക, കര്‍മ്മഫലത്തെ പറ്റി ആലോചിക്കാതെ ദുഷ്പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക എന്നിവ സംഭവിക്കാതെ സൂക്ഷിക്കണം. ബന്ധു വിയോഗത്തിനും ചെലവ് അധികരിക്കുന്നതിനും സാധ്യത കാണുന്നു. വിദേശ യാത്രക്ക് അവസരം വരും. സ്ത്രീകള്‍ക്ക് പൊതുവേ അനുകൂല സമയമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തി ലഭിക്കും.

കുംഭക്കൂറ്
......................
(അവിട്ടം 3,4, പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1,2,3 പാദങ്ങള്‍)

2019 നവംബര്‍ 5ന് വ്യാഴം പതിനൊന്നിലേക്ക് കടക്കുന്നു. വ്യാഴം മാറുന്നതുവരെ വ്യാഴത്തിന്റെ സ്ഥിതി പത്തിലാണ്. അതായത് കര്‍മ്മസ്ഥാനത്ത്. ഈ സ്ഥിതിയെ അപേക്ഷിച്ച് പത്തില്‍ നിന്ന് പതിനൊന്നിലേക്കുള്ള മാറ്റം ശുഭകരമായി തോന്നാം. വ്യാഴവും, കേതുവും,ശനിയും ചേര്‍ന്നുള്ള സ്ഥിതിയാണ് 2020 ജനുവരി 24 ന് വരെ. അതിനുശേഷം കുംഭം രാശിക്കാര്‍ക്ക് ജന്മശനി ആരംഭിക്കും. ജനുവരി 30 ന് വ്യാഴം മകരത്തിലേക്ക് കടന്ന് 12 ല്‍ നില്‍ക്കുന്നത് ജൂണ്‍ 30 വരെയാണ്. ഈ സമയത്ത് ആവശ്യമുള്ളതും ഇല്ലാത്തതുമായ ചിലവുകള്‍ വരും.2020 മാര്‍ച്ച് 20 മുതല്‍ മെയ് 4 വരെയുള്ള സമയത്ത്  ചൊവ്വയും ശനിയും ഗുരുവും മകരത്തില്‍ ഉണ്ടാകും. ഉച്ചനായ കുജനും നീചനായ വ്യാഴവും പ്രവലനായ ശനിയും കൂടിയുള്ള യോഗം കുംഭം രാശിക്കാര്‍ക്ക് ദോഷം ചെയ്യും.

മീനക്കൂറ്
..................
(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് വ്യാഴം പത്തിലേക്കാണ് വരുന്നത്. 2019 നവംബര്‍ 5 നാണ്. ഇത് കര്‍മ്മസ്ഥാനത്ത് ദുരിതങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് ഗുരുവിന്റെ കൂടെ ശനിയും കേതുവും ഉണ്ട്. ഗുരുശനിയോഗം കാരണം കര്‍മ്മസ്ഥാനത്ത് പിടിവാശിയാല്‍ ജോലി നഷ്ടം വരെ സംഭവിക്കാം. ഈ അവസ്ഥക്ക്  അല്‍പ്പം സ്വസ്ഥത വരുന്നത് 2020 ജനുവരി 24 ന് ശനി മകരത്തിലേക്ക് പോകുമ്പോഴാണ്. അതിനുശേഷം മാര്‍ച്ച് 30 മുതല്‍ ജൂണ്‍ 30 വരെ ഉള്ള സമയത്ത് കര്‍മ്മ സ്ഥാനത്തു നിന്നും വ്യാഴം പതിനൊന്നിലേക്ക് പോകുന്നു. ഇത് സത്ഫലങ്ങള്‍ക്കിട നല്‍കും. ജൂണ്‍ 30 ന് വ്യാഴം വീണ്ടും കര്‍മ്മസ്ഥാനത്തേക്ക് വരുന്നു. 2020 ജനുവരി 24 ശനി പതിനൊന്നില്‍ വരുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് പ്രബലനായ ശനി വളരെ ഗുണങ്ങള്‍ നല്‍കും. 2020 മാര്‍ച്ച 22 മുതല്‍ മെയ് 4 വരെ ഉളള സമയത്ത് ചൊവ്വയും കൂടി നില്‍ക്കുന്നതിനാല്‍ വസ്തു ക്രയവിക്രയങ്ങളില്‍ നിന്ന് ധനലാഭം ഉണ്ടാക്കും അതേസമയം അപകടങ്ങള്‍ക്ക് സാധ്യതകളും ഉണ്ട്.

                                   ..............................................................................

Latest Videos
Follow Us:
Download App:
  • android
  • ios