സൂര്യനെ പ്രീതിപ്പെടുത്താൻ ഇക്കാര്യങ്ങൾ ചെയ്യണം

  • നീളത്തിന്‌ ഒത്തവണ്ണം വണ്ണത്തിന്‌ ഒത്തനീളം അതാണ്‌ ഒറ്റ നോട്ടത്തില്‍ സൂര്യന്റെ ദേഹസ്വരൂപം. അധികം പൊക്കമില്ല. കണ്ണുകള്‍ക്ക്‌ തേനിന്റെ നിറമാണ്‌. ഇളം കറുപ്പും ചുവപ്പും കലര്‍ന്ന ശരീരവര്‍ണ്ണമാണ്‌.
guniess jayanarayan column about suryan

പ്രപഞ്ചത്തിന്റെ പരമാത്മാവായ ആദിത്യനു ഒരു അമ്മയും അച്ഛനും ഉണ്ടായിരുന്നുവെന്ന്‌ പുരാണങ്ങള്‍ പറയുന്നു. കശ്യപപ്രജാപതിക്ക്‌ അദിതിയില്‍ ജനിച്ച പുത്രനാണ്‌ ആദിത്യന്‍ അഥവാ സൂര്യന്‍. നീളത്തിന്‌ ഒത്തവണ്ണം വണ്ണത്തിന്‌ ഒത്തനീളം അതാണ്‌ ഒറ്റ നോട്ടത്തില്‍ സൂര്യന്റെ ദേഹസ്വരൂപം. അധികം പൊക്കമില്ല. കണ്ണുകള്‍ക്ക്‌ തേനിന്റെ നിറമാണ്‌. ഇളം കറുപ്പും ചുവപ്പും കലര്‍ന്ന ശരീരവര്‍ണ്ണമാണ്‌.

guniess jayanarayan column about suryan

ഉപ്പൂറ്റി ഉള്ളിലോട്ടൊതുങ്ങിയ കാലുകളോട്‌ കൂടിയവനാണ്‌. എല്ലുകള്‍ക്ക്‌ നല്ല ഉറപ്പുണ്ട്‌.തലമുടി വളരെ കുറവാണ്‌. ഇതൊക്കെയാണ്‌ സൂര്യന്റെ ശാരീരിക ലക്ഷണം.സൂര്യദേവന്റെ തേര്‌ നിയന്ത്രിക്കുന്ന സാരഥിയാണ്‌ അരുണന്‍. തേരിന്റെ ഉള്ളിലായി സൂര്യഭഗവാന്‍ ഇരിക്കുന്നു. കിഴക്കന്‍ ദിക്കിലെ ചുവപ്പ്‌ രാശിയായി ആദ്യം നാം കാണുന്നു. തൊട്ടുപിറകെ ഉദയരവികിരണങ്ങള്‍ പ്രപഞ്ചത്തെ തഴുകിയെത്തുകയായി.മൂന്ന്‌ അംഗരക്ഷകന്മാരാണ്‌ സൂര്യനുള്ളത്‌. മാംരന്‍,പിംഗളന്‍, ദണ്ഡന്‍ എന്നിവര്‍.

മാംരന്‍ ധൈര്യശാലിയും പിംഗളന്‍ പിംഗളവര്‍ണ്ണമുള്ളവനും ദണ്ഡന്‍ ദുഷ്ടന്മാരെ ശിക്ഷിക്കുന്നവന്‍ എന്നുമാണ്‌ അര്‍ത്ഥം.സൂര്യന്‍ ദയാമയനായതിനാല്‍ ഈ ദൗര്‍ബല്യം മുതലെടുത്ത്‌ രാക്ഷസന്മാരുടെ ആക്രമണം തടയുന്നതിന്‌ വേണ്ടിയാണ്‌ ശിവന്‍,അഗ്നി,യമന്‍ തുടങ്ങിയവര്‍ ഇവരെ നിയമിച്ചിരിക്കുന്നത്‌.ഏഴു വെള്ളക്കുതിരകളെ പൂട്ടിയ തേരില്‍ സാരഥിയോട്ടം അംഗരക്ഷകന്മാരോടും തേരിനുള്ളില്‍ ഇരിക്കുന്ന ബാലഖില്യമുനിമാരോട്ടം കൂടി സൂര്യന്‍ പ്രപഞ്ചത്തെചുറ്റുന്നു. 

മേടം ഒന്നാം തീയതി ആരംഭിച്ച്‌ മീനം മുപ്പതാം തീയതി വരെ അവസാനിക്കുന്ന ഒരു യാത്ര പൂര്‍ത്തിയാക്കിയ സൂര്യന്‍ വീണ്ടും മേടം ഒന്നാം തീയതി യാത്ര തുടങ്ങുകയാണ്‌. ഇത്‌ അനാദിയായ ഒരു പ്രപഞ്ചസത്യമാണ്‌. ആയാത്രയുടെ ആരംഭവേളയാണ്‌ നാം വിഷുവായി കൊണ്ടാടുന്നത്‌.പകലും രാത്രിയും തുല്യമായി വരുന്ന ദിവസം എന്നാണ്‌ വിഷുവത്‌ എന്ന വാക്കിന്‌ അര്‍ത്ഥം.വിഷുവത്‌ ചുരുങ്ങി വിഷു എന്നായി.വര്‍ഷത്തില്‍ രണ്ട്‌ വിഷു ഉണ്ട്‌. ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. നാം മേടവിഷു മാത്രമേ ആഘോഷിക്കുന്നുള്ളൂ.

സൂര്യന്‍ നില്‍ക്കുന്ന രാശിയും അതിന്റെ കേന്ദ്രരാശികളും അധോമുഖരാശികള്‍ എന്നറിയപ്പെടുന്നു. സൂര്യന്‍ പ്രവേശിക്കാന്‍ പോകുന്നരാശിയും അതികേന്ദ്രരാശികളും ഊര്‍ദ്ധ്വമുഖരാശികള്‍ എന്നും ആണ്‌ അറിയപ്പെടുന്നത്‌. അധോമുഖരാശിയില്‍ ജനിച്ചാല്‍ കുടുംബത്തില്‍ അന്നുമുതല്‍ അധപതനമുണ്ടാകും.രോഗശാന്തി ചികിത്സ ഇവയ്‌ക്ക്‌ അധോമുഖം ഉത്തമമായി പറയപ്പെടുന്നു. ബാധാമോചന വിഷയത്തിന്‌ ഇത്‌ ഉത്തമമാണ്‌.ഉത്രാടം നാളിന്റെ നാലാം പാദവും തിരുവോണവും നാളിന്റെ ആദ്യ 7 നാഴികയും ജനിച്ചവര്‍ക്കും പൊതുവെ സൗഭാഗ്യമായിരിക്കും.

സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ നാല്‌ നാളുകളില്‍ അകനാളുകളുമായി കണക്കാക്കപ്പെടുന്നു.അതിനാല്‍ ഈ നാളുകളില്‍ മരണം സംഭവിച്ചാല്‍ കുടുംബത്തിന്‌ ദോഷം എന്നും പറയപ്പെടുന്നു.ഗ്രഹങ്ങള്‍ ഒരു രാശിവിട്ട്‌ മറ്റൊരുരാശിയില്‍ പ്രവേശിക്കുന്നതിനെ പൊതുവെ സംക്രാന്ത്രി,സംക്രമണം, സംക്രമം എന്നെല്ലാം പറയപ്പെടുന്നു. സംക്രമത്തിന്‌ മുന്‍പും പിന്‍പുമുള്ള ഏതാനും ദിവസങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക്‌ സ്വീകാര്യമല്ല.എന്നാല്‍ സംക്രമത്തിന്‌ തൊട്ട്‌ മുന്‍പും പിന്‍പും ഉള്ള പത്തുനാഴിക വീതം പുണ്യകാലമാണ്‌.ഗംഗ, കാവേരി,നര്‍മ്മദ, ഗോദാവരി, പോലുള്ള പുണ്യനദികളില്‍ സ്‌നാനം ചെയ്യുന്നത്‌ സംക്രമകാലത്തെ വിശിഷ്ടമായ കര്‍മ്മമാണ്‌.

പണ്ടുകാലത്ത്‌ തന്നെ സൂര്യോദയസമയത്ത്‌ പാടില്ലാത്ത കര്‍മ്മങ്ങള്‍ എന്ന പറയപ്പെടുന്നവ കുഞ്ഞിന്‌ പേരിടുന്നത്‌,അന്നപ്രവേശം,കുഞ്ഞിനെ ആദ്യമായി പുറത്തേക്ക്‌ കൊണ്ടു പോകുന്നത്‌, വിവാഹം, ഗൃഹാരംഭം,ഗൃഹപ്രവേശം എന്നീകര്‍മ്മങ്ങള്‍ ആണ്‌.ഒരു വ്യക്തിയുടെ ജന്മനാള്‍ ഞായറാഴ്‌ച്ചയാണ്‌ വരുന്നതെങ്കില്‍ ആ വര്‍ഷം ദൂരദേശയാത്രയാണ്‌ ഫലം.ഞായറാഴ്‌ച്ച പിറന്നാള്‍ വന്നാള്‍ ദോഷപരിഹാരാര്‍ത്ഥം സൂര്യന്‍,ശിവന്‍ എന്നിവരെ വിശേഷാല്‍ ആരാധിക്കണം.ഞായറാഴ്‌ച്ചവ്രതം എടുക്കണം, പൊങ്കാല ഇടുക എന്നീ സൂര്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യണം.

ദേവരൂപത്തില്‍ വന്ന്‌ അമൃത്‌ ഭിച്ച്‌ സൈംഹികേയന്‍ എന്ന അസുരനെ മഹാവിഷ്‌ണു ചക്രത്താല്‍ തലയറുക്കുകയുണ്ടായി. എങ്കിലും ജീവന്‍ വെടിഞ്ഞില്ല.ശരീരം മാത്രം രണ്ടായ അവരാണ്‌ രാഹുവും കേതുവും എന്ന്‌ അറിയപ്പെടുന്നത്‌.അതിനാല്‍ അവര്‍ സൂര്യ ചന്ദ്രമാരുടെ ശത്രുക്കളായി മാറി. ഇതാണ്‌ ഗ്രഹണം എന്ന്‌ വിശേഷിക്കപ്പെടുന്നത്‌.അമാവാസി ദിവസമാണ്‌ സൂര്യഗ്രഹണം സംഭവിക്കുക.ആസമയത്ത്‌ കുളിച്ച്‌ ഈറനുടുത്ത്‌ അന്നപാനാദികള്‍ വെടിഞ്ഞ്‌ പഞ്ചാക്ഷരീമത്രമായ ഓം നമോ ശിവായ ഉരുവിടണം എന്നാണ്‌ നിയമം. 

ഗ്രഹണം കഴിഞ്ഞാല്‍ ഒരാഴ്‌ച്ച നാമകരണം,വിദ്യാരഭം,വിവാഹം,ഗൃഹപ്രവേശം,ദേവപ്രതിഷ്‌ഠ തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടില്ല. സൂര്യന്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നത്  ശിവക്ഷേത്രം എന്ന്‌ എടുത്ത്‌ പറയാം. കൂടാതെ മരുപ്രദേശങ്ങള്‍,അഗ്നിശാല,വേദമന്ത്രങ്ങള്‍ പഠിപ്പിക്കുന്ന സ്ഥലം,ചെമ്പ്‌ പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇടം, രാഷ്ട്രീയ സ്ഥാപനങ്ങള്‍, രാജസദസ്സ്‌,ഹൃദയം,ആമാശയം,കണ്ണ്‌ എന്നീ ശരീരഭാഗങ്ങളുടെ ആധിപത്യം ആദിത്യനുണ്ട്‌.

പഞ്ചേന്ദ്രിയങ്ങളില്‍ നേത്രേന്ദ്രിയത്തെയാണ്‌ സൂര്യന്‍ പ്രതിനിധാനം ചെയ്യുന്നത്‌.നവഗ്രഹമണ്ഡലത്തില്‍ ഒത്തനടുക്കാണ്‌ സൂര്യന്റെ സ്ഥാനം.സൂര്യൻ വൃത്താകൃതിയിലാണ്‌ കിഴക്കോട്ട്‌ ദര്‍ശനമായി ഇരിക്കുന്നത്‌. ചുവന്നപൂക്കളാല്‍ വേണം സൂര്യനെ പൂജിക്കേണ്ടത്‌.സൂര്യപ്രീതിക്ക്‌ എരിക്ക്‌ കൊണ്ടാണ്‌ ഹോമം നടത്താറുള്ളത്‌.നവരത്‌നങ്ങളില്‍ മാണിക്യമാണ്‌ സൂര്യന്റെ മാണിക്യം. സഖ്യാശാസ്‌ത്രം പ്രകാരം സൂര്യന്റെ സംഖ്യ 1 ആണ്‌.1, 10, 19,28 എന്നീ തീയതികള്‍ സൂര്യന്റെ ആനുകൂല്യമുള്ള തീയതികളാണ്‌. 

സൂര്യന്‍ വരുത്തുന്ന രോഗങ്ങളെല്ലാം പ്രധാനമായും മനുഷ്യശരീരത്തെ ആഴത്തില്‍ ബാധിക്കുന്നവയാണ്‌.പിത്തജ്യരോഗങ്ങള്‍, ഉഷ്‌ണരോഗങ്ങള്‍,വിട്ടുമാറാത്ത പനി, തലവേദന,മസ്‌തിഷ്‌ക ജ്വരം, ഹൃദയരോഗം,ചുമ,രക്തസമ്മര്‍ദ്ദം,പാണ്ടുരോഗം, നെഞ്ചെരിച്ചില്‍,അസ്ഥിതേയ്‌മാനം,അപകടങ്ങള്‍,നേത്രരോഗം, അര്‍ബുദം, അന്ധത,ഒടിവ്‌ ചതവ്‌ ഇവയെല്ലാമാണ്‌. സ്വന്തം വീടിന്‌ പറയുന്ന ജ്യോതിഷ ഭാഷയാണ്‌ സ്വക്ഷേത്രം. ചിങ്ങം രാശിയാണ്‌ സൂര്യന്റെ സ്വക്ഷേത്രം. സ്വക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം സ്വന്തം വീട്ടിലാണ്‌.

തയ്യാറാക്കിയത്: ​ഗിന്നസ് ജയനാരായൺജി
മൊബെെൽ നമ്പർ: 9495100001

Latest Videos
Follow Us:
Download App:
  • android
  • ios