ശബരിമലയില്‍ ദേവപ്രശ്നം തുടരുന്നു; തന്ത്രി മോഹനരെ തിരിച്ചു വിളിക്കാന്‍ ധാരണ
- മനോദുഖം പേറിയാണ് മുതിര്‍ന്ന തന്ത്രി മരണപ്പെട്ടതെന്നും മകനായ കണ്ഠര് മോഹനരരെ താന്ത്രികജോലികളില്‍ നിന്നും മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നുവെന്നും ദൈവജ്ഞര്‍ പറഞ്ഞു
പമ്പ: ശബരിമലയില്‍ നടക്കുന്ന ദേവപ്രശ്നം ഞായറാഴ്ച്ചയും തുടരും. ദൈവജ്ഞൻ ഇരിങ്ങാലക്കുട പത്മനാഭ ശർമ്മയുടെ കാർമ്മികത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. ശബരിമലയിൽ മുൻ തന്ത്രി കണ്ഠരര് മോഹനരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവപ്രശ്നത്തിനിടെ അറിയിച്ചു. അഷ്ടമംഗല ദേവപ്രശ്നത്തിലാണ് മുൻ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ നിലപാട് എടുത്തത്. കഴിഞ്ഞ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ദേവപ്രശ്നം മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
ദേവപ്രശ്നം മുടങ്ങിയതിനെക്കുറിച്ച് നടത്തിയ ചിന്തയില്‍ മനോദുഖം പേറിയാണ് മുതിര്‍ന്ന തന്ത്രി മരണപ്പെട്ടതെന്നും മകനായ കണ്ഠര് മോഹനരരെ താന്ത്രികജോലികളില്‍ നിന്നും മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നുവെന്നും ദൈവജ്ഞര്‍ പറഞ്ഞു. മോഹനരെ തിരികെ തന്ത്രിയായി നിയമിക്കണമെന്നും ദൈവജ്ഞര്‍ നിര്‍ദേശിച്ചു.
ഈ ഘട്ടത്തിലാണ് മോഹനരെ തിരികെ കൊണ്ടു വരുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചത്. മോഹനര്‍ പരാതിക്കാരനായ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചതാണെന്നും അദ്ദേഹത്തിനെതിരെ കേസുകളൊന്നും നിലവില്‍ ഇല്ലെന്നും ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കി. അടുത്ത മാസം മുതല്‍ മോഹനര്‍ക്ക് പൂജ കഴിക്കാന്‍ അവസരം നല്‍കാമെന്ന് തന്ത്രി കണ്ഠര് രാജീവരും ദൈവജ്ഞരെ അറിയിച്ചു.
ശനിയാഴ്ച്ച തുടങ്ങിയ ദേവപ്രശ്നത്തില്‍ തന്ത്രി കണ്ഠര് രാജീവര് രാശിപൂജ നടത്തി. ബോര്‍ഡ് പ്രസിഡന്‍റെ എ.പത്മകുമാര്‍ ദീപം തെളിയിച്ചു. ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, ശങ്കരദാസ്, മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നന്പൂതിരി എന്നിവര്‍ പങ്കെടുത്തു.
ദേവപ്രശ്നത്തിലെ പ്രധാന നിര്‍ദേശങ്ങള്‍....
ശ്രീകോവിലില്‍ നിന്നുമുള്ള ദേവന്‍റെ നേര്‍ദൃഷ്ടിക്ക് പതിനെട്ടാം പടിയുടെ മേല്‍ക്കൂര തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍പതിനെട്ടാം പടിയുടെ മേൽക്കൂര പൊളിച്ച് മാറ്റണം. മേല്‍ക്കൂരയുടെ നിര്‍മ്മാണവും ശാസ്ത്രീയമല്ല.
ഭഗവാന്‍റെ നോട്ടം എപ്പോഴും പൊന്നന്പലമേട്ടിലേക്ക് ഉണ്ട്. വിശിഷ്ടമായ സര്‍പ്പങ്ങളുടെ സാന്നിധ്യമുള്ള ഇടമാണ് പൊന്നന്പലമേട്ട്. പൂര്‍വകാലത്ത് ഒരു വൈഷ്ണക്ഷേത്രം അവിടെ ഉണ്ടായിരുന്നു. കാലാന്തരത്തില്‍ അത് നശിച്ചു പോയി. ദൈവീകചൈതന്യം അവിടെ അവശേഷിക്കുന്നുണ്ടെങ്കിലും പ്രകൃതിയുമായി ലയിച്ചു ചേര്‍ന്ന പൊന്നന്പലമേട്ടില്‍ ഇനി ക്ഷേത്രനിര്‍മ്മാണം വേണ്ട.
ക്ഷേത്രത്തില്‍ കളവ് നടക്കുന്നുണ്ട്. അയ്യപ്പന് ചാര്‍ത്തുന്ന ആഭരണങ്ങളില്‍ ഒന്ന് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തിരുവാഭരണതിടന്പിനൊപ്പമുള്ള തിരുമുഖത്തിലെ മാലയാണ് അയ്യപ്പന് ചാര്‍ത്താതെയുള്ളത്. ഇതിന്‍റെ ദോഷഫലം പന്തളം രാജകുടുംബത്തില്‍ അനുഭവപ്പെടുന്നുണ്ട്. രാജകുടുംബത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. ക്ഷേത്രം കാര്യങ്ങളില്‍ രാജകുടുംബത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. പന്തളം കൊട്ടാരത്തില്‍ ദേവന്‍റേയും ദേവീയുടേയും സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വേണ്ടവിധം ആരാധന നടത്തണം.മൃത്യുജ്ഞയഹോമവും കഴിപ്പിക്കണം.
മദ്യപിച്ചു വരുന്നവരുടെ സാന്നിധ്യം ശബരിമലയില്‍ അനുഭവപ്പെടുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും മലീമസമാണ്. ശരംകുത്തി, ക്ഷേത്രം ജീവനക്കാര്‍ താമസിക്കുന്ന സ്ഥലം, മാളികപ്പുറത്തെ കുരുതിത്തറ, ഭസ്മക്കുളം, എരുമേലി എന്നീ സ്ഥലങ്ങളില്‍ മാലിന്യം നിരഞ്ഞിരിക്കുന്നു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പലവിധ ക്ലേശങ്ങള്‍ സഹിക്കേണ്ടി വരുന്നു. സ്ത്രീജനങ്ങളും നന്നായി ബുദ്ധിമുട്ടുന്നു. ഇതെല്ലാം ദേവനെ വേദനിപ്പിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തമ്മിലുള്ള കലഹത്തിലും അയ്യപ്പന് അനിഷ്ടമുണ്ട്.
മകരമാസത്തിലെ എഴുന്നള്ളിപ്പിന് ആന തന്നെ വേണം. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടു വരുന്ന മുഴുവന്‍ ആഭരണങ്ങളും ഇനി ഭഗവാന് ചാര്‍ത്തണം. എല്ലാ ദിവസവും ഒരു നേരമെങ്കിലും ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തണം. സന്നിധാനത്ത് പാല്‍നിവേദ്യം വേണം. അയ്യപ്പന് അഭിഷേകം ചെയ്യുന്ന ഭസ്മം, പനിനീര് എന്നിവയില്‍ രാസവസ്തുകളുടെ സാന്നിധ്യം കാണുന്നു. ഇവയുടെ നിരന്തര ഉപയോഗം മൂലം വിഗ്രഹത്തിന് മങ്ങലേറ്റിട്ടുണ്ട്.
ക്ഷേത്രം ഗോശാലയുടെ സ്ഥാനം മാറ്റണം. അവിടെ സര്‍പ്പസാന്നിധ്യം കാണുന്നു. ക്ഷേത്രപരിസരത്ത് വച്ച് സര്‍പ്പത്തെ കൊന്നിട്ടുണ്ട്. അതിന്‍റെ പ്രത്യാഘാതമുണ്ടാവും. സമീപഭാവിയില്‍ തന്നെ ഒരു മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ക്ഷേത്രത്തിന്‍റെ ചൈതന്യസ്ഥാനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അപമൃത്യുവിന് സാധ്യത കാണുന്നു. ഭാവിയില്‍ അഗ്നിഭയത്തിന് സാധ്യയുണ്ട്. തിടപ്പള്ളിയില്‍ ശ്രദ്ധ വേണം. പാചകവാതകം കൈകാര്യം ചെയ്യുന്നതിലും സൂഷ്മത വേണം.