ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാഗമണ്ണിൽ പാരച്യൂട്ടിൽ പറന്നു
ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ പാരച്യൂട്ടില്‍ പറന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വാഗമണില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
പാരാഗ്ലൈഡിംഗ് വിദഗ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വാഗമണ്‍ സ്വദേശിയായ പാരാഗ്ലൈഡിംഗ് പൈലറ്റ് മിഥുനൊപ്പമാണ് മന്ത്രി പാരച്യൂട്ടില്‍ പറന്നത്. 3500 അടി ഉയരത്തിലാണ് മന്ത്രി പറന്നത്. ഏതാണ്ട് പത്തു മിനിറ്റോളം നീണ്ടുനിന്ന ഗ്ലൈഡിംഗിനൊടുവില്‍ മന്ത്രി സുഗമമായി ലാന്‍റ് ചെയ്തു. മറക്കാനാവാത്ത അനുഭവമായിരുന്നു പാരാഗ്ലൈഡിംഗെന്ന് മന്ത്രി പറഞ്ഞു. കുടുംബവുമായി വീണ്ടും ഇവിടെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹസിക ടൂറിസം മാത്രം ആഗ്രഹിച്ച് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ സാഹസികവിനോദ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. സാഹസികവിനോദങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മൗണ്ടന്‍ സൈക്ലിംഗിന് വയനാട്, സര്‍ഫിംഗിന് വര്‍ക്കലയും ബേപ്പൂരും, പാരാഗ്ലൈഡിംഗിന് വാഗമണ്‍, ട്രെക്കിംഗിന് പശ്ചിമഘട്ടം തുടങ്ങിയ ആകര്‍ഷണങ്ങള്‍ കേരളത്തിന്‍റെ പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന പ്രാദേശിക ജനതയാണ് വാഗമണിലെ ടൂറിസം വിജയത്തിന് പിന്നിലെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു.
വിദേശങ്ങളില്‍ മാത്രം കണ്ടിരുന്ന പല സാഹസിക വിനോദങ്ങളും ഇന്ന് കേരളത്തില്‍ എത്തിക്കാന്‍ ടൂറിസം വകുപ്പിന് സാധിച്ചുവെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. ലോക സാഹസിക ഭൂപടത്തില്‍ കേരളത്തിന് പ്രമുഖമായ സ്ഥാനം നല്‍കാന്‍ വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ രാജീവ് ജി എല്‍, ഡെ. ഡയറക്ടര്‍ കെ എസ് ഷൈന്‍, സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിന്നാല് വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 20 ഓളം വിദേശ താരങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ നിമിത്തം മത്സരങ്ങള്‍ മാര്‍ച്ച് 23 ഞായറാഴ്ച സമാപിക്കും. ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍.
പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്.
വാഗമണില്‍ നിന്നും നാല് കി.മി അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുന്നത്. 3500 അടി ഉയരത്തില്‍ പത്തു കിമി ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിംഗിനും പ്രത്യേകം അനുയോജ്യമാണ്. തണുപ്പ് നിറഞ്ഞ കാലാവസ്ഥ, തേയിലത്തോട്ടങ്ങള്‍, പുല്ലുമേടുകള്‍, ചോലക്കാടുകള്‍ എന്നിവ വാഗമണിന്‍റെ സാധ്യതകള്‍ ഉയര്‍ത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം