യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

By Web Team  |  First Published Jul 2, 2021, 3:36 PM IST

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്. 


മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്.

20 വയസ് പ്രായമുള്ള അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിംഗ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്‍റെ ആഗ്രഹമെന്ന് അദിതി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിയത്. കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വിശദമാക്കുന്നു. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ബ്ഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചതെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.

Latest Videos

undefined

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ് അദിതി ആദ്യം കണ്ടെത്തിയത്. ഇത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിലെത്തിച്ചതിന് പിന്നാലെ ബിരുദമില്ലാതിരുന്നിട്ടും അദിതിയ്ക്ക് മാപ് മൈ ഇന്ത്യ ജോലി നല്‍കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബമുള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!