യുവാവിന്റെ ബാ​ഗിൽ ബോംബെന്ന് എയർപോർട്ടിലേക്ക് യുവതിയുടെ കോൾ, പരിശോധിച്ച് ചെന്നപ്പോള്‍ കണ്ടെത്തിയത്

By Web TeamFirst Published Jul 8, 2024, 1:35 PM IST
Highlights

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന മിർ റാസ മെഹ്ദിയുടെ ബാഗിൽ ബോംബുണ്ടെന്നാണ് ഇവർ എയർപോർട്ട് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് പറഞ്ഞത്. മെഹ്ദി തൻ്റെ കാമുകനാണെന്നും അവൾ പറഞ്ഞിരുന്നു.

കാമുകീ- കാമുകന്മാരായാൽ പല പ്രശ്നങ്ങളും കാണും. ഈ പ്രശ്നങ്ങളിൽ ചിലരുടെ പ്രതികരണം കുറച്ച് കടന്ന കയ്യായിപ്പോകാറുണ്ട്. എന്നാൽ, ഈ യുവതി ചെയ്ത പോലെ ഒരു കാര്യം എത്ര പേർ ചെയ്യും എന്ന് അറിയില്ല. ബം​ഗളൂരു എയർപോർട്ടിലേക്ക് വ്യാജകോൾ വിളിച്ച 29 -കാരിക്കാണ് പണി കിട്ടിയിരിക്കുന്നത്. 

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള (KIA) -ത്തിലെ ഹെൽപ്‍ലൈനിലേക്കായിരുന്നു യുവതി വിളിച്ചത്. ഒരു യുവാവിന്‍റെ ബാഗില്‍ ബോംബുണ്ട് എന്നായിരുന്നു യുവതി പറഞ്ഞത്. മുംബൈയിലേക്കുള്ള വിമാനത്തിൽ പോവാനെത്തിയ കാമുകനെ യാത്രയിൽ നിന്നും തടയുക എന്നതായിരുന്നത്രെ യുവതിയുടെ ലക്ഷ്യം. സംഭവം നടന്നത് ജൂൺ 25 -നായിരുന്നെങ്കിലും ജൂലായ് മൂന്നിന് പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 

Latest Videos

ബംഗളൂരുവിൽ ജോലി ചെയ്യുന്ന പൂനെ സ്വദേശിയായ ഇന്ദ്ര രാജ്‌വർ എന്ന യുവതിയാണ് എയർപോർട്ടിലേക്ക് വിളിച്ചത്. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന മിർ റാസ മെഹ്ദിയുടെ ബാഗിൽ ബോംബുണ്ടെന്നാണ് ഇവർ എയർപോർട്ട് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് പറഞ്ഞത്. മെഹ്ദി തൻ്റെ കാമുകനാണെന്നും അവൾ പറഞ്ഞിരുന്നു.

അധികൃതർ ഉടൻ തന്നെ വിമാനത്താവളത്തിൽ വച്ച് മെഹ്ദിയെ വിശദമായി പരിശോധിച്ചു. പക്ഷേ, കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തെ തുടർന്ന് ബോംബ് ത്രെട്ട് അസ്സസ് കമ്മിറ്റി (ബിടിഎസി) പിന്നീട് യോ​ഗം ചേരുകയും അതിൽ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തു.

അന്വേഷണത്തിൽ ഇന്ദ്രയും മെഹ്ദിയും ഒരേ സമയം ബെംഗളൂരു വിമാനത്താവളത്തിലുണ്ടായിരുന്നതായി കണ്ടെത്തി. ഇരുവരും വ്യത്യസ്ത വിമാനങ്ങളിലായിരുന്നു മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കൂടാതെ, ഇന്ദ്ര ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നതിന് മുമ്പ് ഡിപ്പാർച്ചർ ലോഞ്ചിൽ സംസാരിച്ചിരുന്നതായും കണ്ടെത്തി. പിന്നീട്, യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. 

അതിലാണ്, അവർ തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നും മെഹ്ദി മുംബൈയിലേക്ക് യാത്ര ചെയ്യുന്നത് മുടക്കാനാണ് അയാളുടെ ബാ​ഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് എയർപോർട്ട് ഹെൽപ്‍ലൈനിൽ വിളിച്ചത് എന്നും അവൾ സമ്മതിച്ചു. പിന്നീട്, ചോദ്യം ചെയ്യലിന് ഇനിയും ഹാജരാകേണ്ടി വരും എന്നറിയിച്ച് അവളെ പൊലീസ് വിട്ടയച്ചു. 

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് ഈ സംഭവം നടന്നത് എന്നതിനാൽ തന്നെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 (1) (ബി) (പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) പ്രകാരമാണ് യുവതിക്കെതിരെ KIA പൊലീസ് കേസെടുത്തിരിക്കുന്നത്. 

(ചിത്രം പ്രതീകാത്മകം)

click me!