എഗ്രിമെന്‍റ് അനുസരിച്ച് ആറ് മാസത്തെ വാടകയായ 3.20 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഈ തുക പിന്‍വലിച്ച ശേഷമാണ് വിദ്യാർത്ഥിയെ വീട്ടില്‍ നിന്നും പുറത്താക്കിയത്.
വാടക നൽകിയിട്ടും മുന്നറിയിപ്പുകൾ ഒന്നും കൂടാതെ വീട് ഒഴിപ്പിച്ച വീട്ടുടമയ്ക്കെതിരെ കോടതി നടപടി. വാടകക്കാരനായ വിദ്യാർഥി നൽകിയ പരാതിയിൽ വിദ്യാർത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് വീട്ടുടമയോട് കോടതി ഉത്തരവിട്ടത്. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു കോടതിയാണ് വാടകക്കാരന് അനുകൂലമായി ഉത്തരവിറക്കിയത്. പീപ്പിൾ മാഗസിൻ പറയുന്നതനുസരിച്ച് സ്റ്റുഡന്‍റ് ഹൗസിംഗ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്‍റ് കമ്പനിയായ കാമ്പസ് അഡ്വാന്‍റേജിനെതിരെ 2022 -ൽ വാടകക്കാരനായ വിദ്യാര്‍ത്ഥി നൽകിയ പരാതിയിലാണ് കഴിഞ്ഞ സെപ്റ്റംബർ 19 -ന് കോടതി വാടകക്കാരന് 7,00,000 ഡോളർ (5.88 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
കൊളംബിയയിലെ ബെനഡിക്റ്റ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ മിസ്റ്റർ പോസ്റ്റലിന് 2022 ജൂലൈ 11-ന് തന്‍റെ അപ്പാർട്ട്‌മെന്‍റായ ദി റോവനിൽ നിന്ന് ഒഴിയണമെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. എന്നാൽ താൻ എഗ്രിമെന്‍റ് പുതുക്കാൻ ആഗ്രഹിക്കുന്നുവെന്നും അവിടെത്തന്നെ തുടരുകയാണെന്നും ദ റോവൻ അപ്പാർട്ട്മെന്‍റിന് മറുപടി നൽകി. തുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ 2022 ജൂലൈ 18 -ന് വാടക എഗ്രിമെൻറ് പുതുക്കുന്നതിനായി ആറുമാസത്തെ വാടകയായ 3.20 ലക്ഷം ($3,810) രൂപയും നൽകി. ചെക്കായി നൽകിയ ഈ തുക ഒരാഴ്ചയ്ക്കുള്ളിൽ അപ്പാർട്ട്മെന്‍റ് ക്ലിയർ ചെയ്തെടുത്തു.
മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ
എന്നാല്‍ 2022 ഓഗസ്റ്റ് 5 -ന് പോസ്റ്റൽ കൊളംബിയയിലേക്ക് മടങ്ങിയെത്തിയപ്പോൾ തന്‍റെ അപ്പാർട്ട്മെന്‍റിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എല്ലാം നഷ്ടപ്പെട്ടതായി വിദ്യാര്‍ത്ഥി കണ്ടെത്തി. തുടർന്ന് അപ്പാർട്ട്മെന്‍റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അപ്പാർട്ട്മെന്‍റ് ഒഴിപ്പിക്കുന്നതിന് ഭാഗമായി അവയെല്ലാം നീക്കം ചെയ്തു എന്നായിരുന്നു ദ റോവൻ നല്‍കിയ മറുപടി. മറ്റൊരിടത്ത് സുരക്ഷിതമായി വയ്ക്കാത്തതിനെ തുടർന്ന് അവയിൽ പലതും നശിച്ചു പോയതായും പോസ്റ്റൽ മനസ്സിലാക്കി. നഷ്ടപരിഹാരം നൽകുമെന്ന് ദി റോവൻ ഉറപ്പ് നൽകിയെങ്കിലും പിന്നീട് കൂടുതൽ ആശയവിനിമയം അപ്പാർട്ട്മെൻറ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല, തുടർന്നാണ് 2022 ഓഗസ്റ്റ് 23-ന് വിദ്യാർത്ഥിയുടെ കുടുംബം കോടതിയെ സമീപിച്ചത്.