സ്ത്രീകളുടെ ടോയ്‍ലെറ്റിന് മുന്നില്‍ ടൈമർ, ചൈനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ വിമർശനം

By Web Team  |  First Published Jun 14, 2024, 4:17 PM IST

ജൂൺ ആദ്യവാരമാണ് ഇവിടെ നിന്നുമുള്ള ഒരു വീഡിയോ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. ടോയ്‌ലെറ്റുകളുടെ വാതിലിൽ പ്രത്യേക ടൈമർ ഘടിപ്പിച്ചിരിക്കുന്ന വീഡിയോയാണ് ഇത്.


സ്ത്രീകളുടെ ടോയ്‌ലെറ്റുകൾക്കു മുൻപിൽ പ്രത്യേക ടൈമറുകൾ സ്ഥാപിച്ച് ചൈനീസ് വിനോദസഞ്ചാര കേന്ദ്രം. ടോയ്‌ലെറ്റുകൾക്ക് മുൻപിൽ ആളുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ഇതിനെതിരെ വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നും വലിയ വിമർശനമാണ് അധികൃതർക്കെതിരെ ഉയരുന്നത്.

വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ യുൻഗാങ് ഗ്രോട്ടോസ് കേവ് സമുച്ചയത്തിലാണ് ഇത്തരത്തിൽ ടൈമർ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 1600 വർഷത്തെ കാലപ്പഴക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള യുൻഗാങ് ഗ്രോട്ടോസ് കേവ് സമുച്ചയം ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ്. 45 പ്രധാന ഗുഹകളും മധ്യ, പശ്ചിമേഷ്യൻ, യൂറോപ്യൻ ശൈലികളിലുള്ള 59,000 -ലധികം ശിലാ ശിൽപങ്ങളും ഇവിടെയുണ്ട്. യുങ്കാങ് ഗ്രോട്ടോസ് അക്കാദമിയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷം മൂന്ന് ദശലക്ഷത്തിലധികം പേർ ഇവിടം സന്ദർശിച്ചിരുന്നു. ഇതിലൂടെ 200 ദശലക്ഷം യുവാൻ (യുഎസ് $ 28 ദശലക്ഷം) വരുമാനവും നേടിയിരുന്നു.

Latest Videos

undefined

ജൂൺ ആദ്യവാരമാണ് ഇവിടെ നിന്നുമുള്ള ഒരു വീഡിയോ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. ടോയ്‌ലെറ്റുകളുടെ വാതിലിൽ പ്രത്യേക ടൈമർ ഘടിപ്പിച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ടോയ്ലെറ്റിനുള്ളിൽ ആളുള്ളപ്പോൾ ടൈമർ ചുമപ്പ് സിഗ്നൽ നൽകുകയും എത്ര സമയമായി കയറിയ വ്യക്തി അത് ഉപയോഗിക്കുകയാണ് എന്ന് കാണിക്കുകയും ചെയ്യും. ഉള്ളിൽ ആളില്ലാത്തപ്പോൾ പച്ച സിഗ്നൽ കാണിക്കുകയും ചെയ്യും.

സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നതും ടോയ്‌ലെറ്റുകളുടെ അപര്യാപ്തതയും പലപ്പോഴും നീണ്ട ക്യൂവിന് കാരണമാകുന്നുണ്ടെന്നും അത് പരിഹരിക്കുന്നതിനാണ് ടൈമറുകൾ സ്ഥാപിച്ചതെന്നുമാണ് അധികൃതരുടെ വാദം. എന്നാൽ, ഒരാളുടെ സ്വകാര്യത നഷ്ടപ്പെടും എന്നതല്ലാതെ ടൈമർ സ്ഥാപിച്ചതുകൊണ്ട് മറ്റ് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല എന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്. 

അതേസമയം, ടോയ്‌ലെറ്റിൽ കയറുന്ന വ്യക്തികൾക്ക് പ്രത്യേകം സമയ നിയന്ത്രണങ്ങൾ വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടോയ്ലെറ്റില്‍ കയറിയിരുന്ന് ഫോൺ നോക്കിയും മറ്റും സമയം കളയുന്നവരെ നിയന്ത്രിക്കാൻ ഈ ടൈമർ ഉപകരിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ആളുകൾ പ്രതികരിച്ചു. ക്യൂ നിൽക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ കൂടുതൽ ടോയ്ലെറ്റുകൾ നിർമിച്ച് പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

tags
click me!