മോഷ്ടാവിന്റെ ഈ വെളിപ്പെടുത്തൽ കേട്ടതോടെ പൊലീസുകാരുപോലും അമ്പരന്നുപോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബംഗളൂരുവിൽ ഒരു ബൈക്ക് മോഷ്ടാവിനെ പിടിച്ച് ചോദ്യം ചെയ്ത പൊലീസുകാർ അമ്പരന്ന് പോയി. ഈ ബൈക്കുകൾ മോഷ്ടിച്ച് വിറ്റ് കിട്ടിയ പണമെല്ലാം തന്റെ സുഹൃത്തിന്റെ ഭാര്യയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടിയാണത്രെ ഇയാൾ നൽകിയത്.
അശോക് എന്നാണ് അറസ്റ്റിലായ മോഷ്ടാവിന്റെ പേര്. ഇയാൾ ഒരു പച്ചക്കറി വില്പനക്കാരനായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇയാളുടെ സ്വഭാവം കാരണം ഭാര്യ ഇയാളെ ഉപേക്ഷിച്ചിരുന്നു. അന്ന് ഈ സുഹൃത്തും ഭാര്യയും കുറച്ചു മാസത്തേക്ക് അശോകിന് അഭയം നൽകിയിരുന്നു. അതിനോടുള്ള നന്ദി സൂചകമായിട്ടാണത്രെ സുഹൃത്തിൻറെ ഭാര്യയ്ക്ക് കാൻസറാണെന്നറിഞ്ഞപ്പോൾ ചികിത്സിക്കാൻ ഇയാൾ ബൈക്ക് മോഷ്ടിച്ചുണ്ടാക്കിയ പണം ചിലവഴിച്ചത്.
undefined
കെടിഎം, പൾസർ ബൈക്കുകളാണ് അശോക് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായിരുന്നു മോഷണം. ബെംഗളൂരുവിലെ ഗിരി നഗറിൽ നിന്നും അശോകും കൂട്ടാളി സതീഷും ചേർന്ന് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ബൈക്ക് മോഷ്ടിച്ചിരുന്നു. ബെംഗളൂരു പൊലീസ് ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ അശോകിനെതിരെ 15 പരാതികൾ ഉണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും കണ്ടെത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ മറ്റൊരു കേസിൽ ജയിൽ മോചിതനായത് എന്നും കണ്ടെത്തി.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തിന്റെ ഭാര്യക്ക് സ്തനാർബുദമാണെന്നും അവരുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ബൈക്ക് വിറ്റ തുക മുഴുവനും ഉപയോഗിച്ചത് എന്നും അശോക് പൊലീസിനോട് പറഞ്ഞത്. ഭാര്യ ഉപേക്ഷിച്ച് പോയപ്പോൾ തനിക്ക് അഭയം തന്നത് ആ സുഹൃത്തും ഭാര്യയുമാണ് എന്നും അതിനുള്ള നന്ദിയെന്ന നിലയിലാണ് അത് ചെയ്തത് എന്നുമായിരുന്നു അശോക് പറഞ്ഞത്.
മോഷ്ടാവിന്റെ ഈ വെളിപ്പെടുത്തൽ കേട്ടതോടെ പൊലീസുകാരുപോലും അമ്പരന്നുപോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, കേസിൽ രണ്ടാം പ്രതിയായ സതീഷിനെതിരെ കവർച്ചയും കൊലപാതകവും ഉൾപ്പെടെ 40 -ലധികം കേസുകളുണ്ട്. സ്ഥിരം കുറ്റവാളി കൂടിയാണ് ഇയാൾ എന്ന് പൊലീസ് പറയുന്നു. ഇരുവരും മോഷ്ടിച്ച ബൈക്കുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽക്കുകയാണ് ചെയ്യുന്നതത്രെ. മോഷ്ടിച്ച പത്ത് ബൈക്കുകൾ ഇവരുടെ പക്കലുണ്ടെന്നും പൊലീസ് കണ്ടെത്തി.