കൂടാതെ ഇവർക്ക് ആവശ്യമായുള്ള ഭക്ഷ്യവസ്തുക്കൾ എല്ലാം വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു. പീറ്ററിനും നിനോയ്ക്കും മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങേണ്ട ആവശ്യമേ ഇല്ല.
ഏറ്റവും അപകടകരമായ വായുഗുണനിലവാരവുമായി ബന്ധപ്പെട്ട് ഡൽഹിയുടെ പേര് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ഇടം പിടിക്കുമ്പോൾ അതേ ഡൽഹി നഗരത്തിൽ തന്നെ ഒരു വീട് ശുദ്ധവായു സുലഭമായി നൽകി അത്ഭുതം സൃഷ്ടിക്കുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ഇടയ്ക്കിടെ 300 കടക്കുന്ന ഡൽഹിയിലെ പുകമഞ്ഞ് നിറഞ്ഞ തെരുവുകൾക്കിടയിലാണ് ഈ വീടും എന്നതാണ് ഇതിന്റെ പ്രത്യേകത.
തെക്കൻ ഡൽഹിയിലെ സൈനിക് ഫാമിൽ സ്ഥിതി ചെയ്യുന്ന പീറ്റർ സിങ്ങിൻ്റെയും നിനോ കൗറിൻ്റെയും വസതിയാണ് ഈ അത്ഭുത വീട്. 15,000 -ത്തിലധികം സസ്യങ്ങളാൽ ചുറ്റപ്പെട്ട ഈ വീട്ടിലെ വായുഗുണനിലവാരം എപ്പോഴും 10 മുതൽ 15 വരെയാണ്. കടുത്ത മലിനീകരണം നേരിടുന്ന നഗരത്തിൽ, ഒരു അപൂർവതയാണ് ഈ വീട്.
undefined
മരങ്ങളായി ചുറ്റപ്പെട്ട ഭൂപ്രദേശത്തോടൊപ്പം തന്നെ വീടിന്റെ പരമ്പരാഗത നിർമ്മാണ രീതികളും ഇവിടുത്തെ വായുഗുണനിലവാരത്തെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പെയിന്റോ പ്ലാസ്റ്ററോ ഉപയോഗിച്ചിട്ടില്ലാത്ത ഈ വീട്ടിൽ ഇഷ്ടികകൾ, ചുണ്ണാമ്പ്, കുമ്മായം എന്നിവയൊക്കെയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
കോൺക്രീറ്റ് സ്ലാബുകൾക്ക് പകരം കല്ലിന്റെ ടൈലുകൾ കൊണ്ടാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ സമീപനം ഉള്ളിലെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വീടിന് ചുറ്റും നട്ടുവളർത്തിയിരിക്കുന്ന സസ്യങ്ങൾ ശുദ്ധമായ വായുവും കാറ്റും തണുപ്പും ഒക്കെ സംഭാവന ചെയ്യുന്നു.
ജലസംരക്ഷണം ഈ വീട്ടിലെ മറ്റൊരു പ്രധാന സവിശേഷതയാണ്, ചെടികൾ നനയ്ക്കുന്നതിനായി 15,000 ലിറ്റർ മഴവെള്ളം ശേഖരിക്കുന്നു. വെള്ളം ശ്രദ്ധാപൂർവം പുനഃചംക്രമണം ചെയ്യുന്നു, ഒരു തുള്ളിയും പാഴാകുന്നില്ലെന്ന് ഉറപ്പാക്കുന്നു. കൂടാതെ ഇവർക്ക് ആവശ്യമായുള്ള ഭക്ഷ്യവസ്തുക്കൾ എല്ലാം വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു. പീറ്ററിനും നിനോയ്ക്കും മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങേണ്ട ആവശ്യമേ ഇല്ല.
ഈ വീടിൻറെ കഥയുടെ പിന്നിൽ പീറ്ററിന്റെയും ഭാര്യ നിനോയുടെ വ്യക്തിപരമായ അനുഭവങ്ങൾ കൂടിയുണ്ട്. ബ്ലഡ് കാൻസർ രോഗബാധിതയായ നിനോ കീമോതെറാപ്പിക്ക് വിധേയയായ ശേഷം അവരുടെ ദുർബലമായ ശ്വാസകോശം നഗരത്തിലെ വിഷവാതകത്തെ നേരിടാൻ പാടുപെടുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് പീറ്റർ തൻറെ വീടിനെ ശുദ്ധവായുവിന്റെ ഒരു കലവറയാക്കി മാറ്റിയത്. ഇന്ന്, ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നിൻ്റെ ഹൃദയഭാഗത്ത് മരുപ്പച്ച സൃഷ്ടിക്കുന്ന ഹരിത ജീവിതത്തിൻ്റെ സാക്ഷ്യമായി ഈ വീട് നിലകൊള്ളുന്നു.