Anti-work Movement : ജോലി രാജിവെച്ച് ലക്ഷങ്ങള്‍, പണി ചെയ്യുന്നതിന് എതിരായ കൂട്ടായ്മ തരംഗമാവുന്നു

By Web Team  |  First Published Jan 13, 2022, 6:35 PM IST

2020 ഒക്ടോബറില്‍ 180,000 ഫോളോവേഴ്സില്‍ തുടങ്ങിയ ഈ തൊഴില്‍ വിരുദ്ധ പ്രസ്ഥാനം ഈ മാസമായപ്പോഴേക്കും 16 ലക്ഷത്തിലധികം അംഗങ്ങളെ നേടി.  കുടുംബവും, ജീവിതവും ആരോഗ്യവും കളഞ്ഞുള്ള അമിതമായ ആത്മാര്‍ത്ഥത ഒന്നും ജോലിയില്‍ വേണ്ടെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. 


രണ്ട് വര്‍ഷത്തോളമായി ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസ് മഹാമാരി നമ്മുടെ തൊഴില്‍ രീതികളെ ആകമാനം മാറ്റി മറിച്ചു. ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം തൊഴില്‍ മേഖല തകരുകയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു കൂട്ടര്‍ സ്വയമേവ തങ്ങളുടെ ജോലികള്‍ രാജി വയ്ക്കുകയാണ്. തുടര്‍ന്ന് അവര്‍ മറ്റുള്ളവരെയും രാജിവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. പതുക്കെ അവര്‍ക്കായി ഒരു ഓണ്‍ലൈന്‍ ഫോറം തന്നെ പിറന്നു. 'ആന്റി-വര്‍ക്ക്' എന്ന ഈ റെഡ്ഡിറ്റ് ഫോറം മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നത് ഉപേക്ഷിച്ച് സ്വയം തൊഴില്‍ പരീക്ഷിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

മോശം മേലധികാരികളെക്കുറിച്ച് പരാതിപ്പെടാനും ഉപദേശം തേടാനും അംഗങ്ങള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. കുറച്ച് മാസങ്ങളായി, ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ തങ്ങളുടെ ജോലികള്‍ ഉപേക്ഷിച്ച് പോവുകയുണ്ടായി. രാപ്പകലില്ലാതെ മേലധികാരിയെ സുഖിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത, ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കാതെ പാഴാക്കി കളയുന്നതിനെതിരാണ് ഈ കൂട്ടായ്മ. പകരം ഒഴിവുസമയങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് അവര്‍ ആവശ്യപ്പെടുന്നത്.  

Latest Videos

2020 ഒക്ടോബറില്‍ 180,000 ഫോളോവേഴ്സില്‍ തുടങ്ങിയ ഈ തൊഴില്‍ വിരുദ്ധ പ്രസ്ഥാനം ഈ മാസമായപ്പോഴേക്കും 16 ലക്ഷത്തിലധികം അംഗങ്ങളെ നേടി.  കുടുംബവും, ജീവിതവും ആരോഗ്യവും കളഞ്ഞുള്ള അമിതമായ ആത്മാര്‍ത്ഥത ഒന്നും ജോലിയില്‍ വേണ്ടെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഇന്നത്തെ കാലത്ത് കൂടുതല്‍ ആളുകള്‍ നിലവിലെ ജോലിയില്‍ അസന്തുഷ്ടരാണ്. അവര്‍ക്ക് ഇതിന്റെ പേരില്‍ നഷ്ടമാകുന്നത് കുടുംബവും, സുഹൃത്തുക്കളുമായി ചിലവഴിക്കാനുള്ള സമയമാണ്. അത്തരം ചൂഷണം ചെയ്യപ്പെടുന്ന തൊഴിലിടങ്ങള്‍ ഉപേക്ഷിക്കാനാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്.

അപ്രതീക്ഷിതമായി കടന്ന് വന്ന മഹാമാരിക്ക് ഇതില്‍ വളരെ വലിയൊരു പങ്കുണ്ട്. ആളുകള്‍ക്ക് പഴയപോലെ ജോലിക്ക് പോകാന്‍ കഴിയാതായി. മാത്രമല്ല വീട്ടില്‍ ഇരുന്ന് ജോലി ചെയ്തപ്പോള്‍, അവര്‍ തൊഴിലിനെ വ്യത്യസ്ത കോണിലൂടെ നോക്കി കാണാന്‍ ശ്രമിച്ചു. നമ്മുടെ സമൂഹം ജോലിയില്‍ മുഴുകിയിരിക്കുകയാണെന്നും, ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം തൊഴില്‍ മാത്രമല്ലെന്നും ചിലപ്പോള്‍ ഒരു ജോലിയും ചെയ്യാതിരിക്കുന്നതാണ് മോശമായ ജോലിയേക്കാള്‍ നല്ലതെന്നും ആളുകള്‍ മനസിലാക്കി. ഇതോടെ ജോലി ഉപേക്ഷിക്കാന്‍ ആളുകള്‍ ആഗ്രഹിച്ചു. ഒരുതരം സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹമാണിതെന്ന് വേണമെങ്കില്‍ പറയാം.

undefined

കുടുംബങ്ങള്‍, പ്രിയപ്പെട്ടവര്‍, ഹോബികള്‍, തുടങ്ങിയവയ്ക്ക് കൂടുതല്‍ സമയം നീക്കി വയ്ക്കാന്‍ ആളുകള്‍ അര്‍ഹരാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകാം ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രി ആറ് മണിക്കൂര്‍ ജോലി ദിവസവും നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയും എന്ന ആശയം മുന്നോട്ട് വക്കുകയുണ്ടായി. യൂറോപ്പിലുടനീളം ഈ ആശയം വളരെയധികം ശ്രദ്ധ നേടി. എന്നിട്ടും പക്ഷേ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ലെന്ന് മാത്രം.

അമേരിക്കയിലെ ബോസ്റ്റണ്‍ ഏരിയയിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ 10 വര്‍ഷം ജോലി ചെയ്ത ഒരാളാണ് ഡോറിന്‍ ഫോര്‍ഡ്. അവള്‍ തന്റെ ജോലിയെ വല്ലാതെ വെറുത്തിരുന്നു. തുടര്‍ന്ന്, ഫോര്‍ഡ് തന്റെ ജോലി പൂര്‍ണ്ണമായും ഉപേക്ഷിച്ച് നായ്ക്കളെ നടത്താന്‍ കൊണ്ടുപോകുന്ന പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ആരംഭിച്ചു.  

ഒരു തൊഴിലാളി ആവശ്യമുള്ളതിലും കൂടുതല്‍ ചെയ്യേണ്ടതില്ലെന്നും, ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെങ്കില്‍ തൊഴിലാളികള്‍ എട്ട് മണിക്കൂര്‍ മുഴുവന്‍ ജോലിയില്‍ ഏര്‍പ്പെടേണ്ട ആവശ്യമില്ലെന്നും തൊഴിലാളി വിരുദ്ധ പ്രസ്ഥാനം പറയുന്നു. അതേസമയം, തൊഴില്‍ വിരുദ്ധര്‍ എന്നാല്‍ ജോലി ചെയ്യാന്‍ ആഗ്രഹമില്ലാത്തവര്‍ എന്നല്ല, മറിച്ച് സമൂഹത്തിന്റെ തൊഴിലിനോടുള്ള കാഴ്ചപ്പാടിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2016-ല്‍, പാരീസ് ആസ്ഥാനമായുള്ള ഒരു ജീവനക്കാരന്‍, ഫ്രെഡറിക് ഡെസ്നാര്‍ഡ്, തന്റെ ജോലി വിരസത നിറഞ്ഞതാണെന്ന് ആരോപിച്ച് കമ്പനിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അദ്ദേഹത്തിന് ഏകദേശം 33 ലക്ഷം രൂപ നഷ്ടപരിഹാരം കോടതി വിധിച്ചു.

 


ഫ്രെഡറിക് ഡെസ്നാര്‍ഡ്

 

2014 വരെ പാരീസ് ആസ്ഥാനമായുള്ള പെര്‍ഫ്യൂം നിര്‍മ്മാതാക്കളായ ഇന്റര്‍പാര്‍ഫംസില്‍ മാനേജരായിട്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഡെസ്നാര്‍ഡിന്റെ അഭിപ്രായത്തില്‍, നാല് വര്‍ഷത്തോളം മടുപ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതനായ അദ്ദേഹം വിഷാദത്തിന് അടിപെട്ടു.  അദ്ദേഹത്തിന്റെ മാനസിക നിലയെ തന്നെ തകരാറിലായി. കൂടാതെ, തൊഴില്‍ ജീവിതം കാരണം അദ്ദേഹത്തിന്  അപസ്മാരം പിടിപെട്ടുവെന്നും ഡെസ്നാര്‍ഡിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഒന്നിനും കൊള്ളാത്ത ജോലിയില്‍ ഇരുന്ന് ശമ്പളം വാങ്ങാന്‍ അദ്ദേഹത്തിന് ലജ്ജയും വിഷാദവും തോന്നി. അദ്ദേഹത്തിന്റെ ഈ പ്രയാസങ്ങളെല്ലാം കേട്ട കോടതി ഒടുവില്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു.  

click me!