ചുരിദാറിൽ കടിച്ചുവലിച്ചു, ഉറക്കെ കുരച്ച് ശ്രദ്ധയാകർഷിച്ചു, ഉടമയെ ആത്മഹത്യയിൽ നിന്നും രക്ഷിച്ച് നായ

By Web TeamFirst Published Jul 5, 2024, 1:34 PM IST
Highlights

ഭർത്താവുമായി വഴക്കിട്ട യുവതി നാല് കിലോമീറ്റർ നടന്ന് ആത്മഹത്യ ചെയ്യാനായി നേത്രാവദി നദിയുടെ അരികിലേക്ക് എത്തുകയായിരുന്നു. എന്നാൽ, ഇവരുടെ വളർത്തുനായയും ഇവരെ പിന്തുടർന്നു.

നായകളാണ് മനുഷ്യന്റെ ഏറ്റവും വിശ്വസ്തരായ വളർത്തുമൃ​ഗങ്ങൾ എന്ന് പറയാറുണ്ട്. കാലാകാലങ്ങളായി മനുഷ്യർക്കൊപ്പം ഏറ്റവും വിശ്വസ്തരായ കൂട്ടുകാരായി നായകളും ഉണ്ട്. നായകളുടെ സ്നേഹവും വിനയവും നന്ദിയും ഒക്കെ കാണിക്കുന്ന അനേകം കഥകൾ നാം കേട്ടിട്ടുണ്ടാകും. എത്രയോ പേരെ മരണമുഖത്ത് നിന്നും രക്ഷിച്ചു കൊണ്ടുവരുന്നവരിൽ പങ്ക് വഹിച്ച സംഭവങ്ങളും നാം അറിഞ്ഞിട്ടുണ്ടാകും. അതുപോലെ ഒരു സംഭവമാണ് ഇതും. 

കർണാടകയിലെ പൂത്തൂരിലെ പിലി​ഗൂഡിലുള്ള ഒരു യുവതിയെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചെടുത്തത് അവരുടെ വളർത്തുനായയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭർത്താവുമായി വഴക്കിട്ട യുവതി നാല് കിലോമീറ്റർ നടന്ന് ആത്മഹത്യ ചെയ്യാനായി നേത്രാവദി നദിയുടെ അരികിലേക്ക് എത്തുകയായിരുന്നു. എന്നാൽ, ഇവരുടെ വളർത്തുനായയും ഇവരെ പിന്തുടർന്നു. പുഴയിലേക്ക് ചാടാനാഞ്ഞ യുവതിയുടെ വസ്ത്രത്തിൽ നായ കടിച്ചുവലിക്കുകയും പിന്നീട് ചുറ്റുമുള്ളവരുടെ ശ്രദ്ധയാകർഷിക്കാനായി ഉറക്കെ കുരയ്ക്കുകയും ചെയ്തത്രെ. 

Latest Videos

ആ സമയത്ത് അതുവഴി ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേർ നായയുടെ കുര കേട്ട് ശ്രദ്ധിക്കുകയും യുവതിക്ക് അരികിലേക്കെത്തുകയും ചെയ്തു. യുവാക്കൾ യുവതിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. 

ബെംഗളൂരു സ്വദേശിനിയായ യുവതി പ്രദേശവാസിയായ യുവാവിനെ വിവാഹം കഴിച്ചാണ് പിലിഗൂഡിലേക്ക് താമസം മാറിയത്. ഭർത്താവിൻ്റെ തറവാട്ടു വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ഒരു മെക്കാനിക്കാണ്. ഭർത്താവും ഭാര്യയും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാവാറുണ്ട്. അതോടെയാണത്രെ യുവതി ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്തത്. 

എന്തായാലും, പൊലീസ് ഇടപെട്ട് യുവതിയോട് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും അവൾ സമ്മതിച്ചില്ല. പിന്നീട്, യുവതി അവളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. അമ്മ വന്ന് യുവതിയെ കൊണ്ടുപോകും എന്നായിരുന്നു റിപ്പോർട്ടുകൾ. 

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

tags
click me!