വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ മഹാരാജയിൽ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന കഥാപാത്രം കൊള്ളയടിക്കുന്നതിന് മുമ്പ് രുചികരമായ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാകാം പക്കോഡ സംഘമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മിക്ക മോഷ്ടാക്കള്‍ക്കും മോഷണത്തിന് സ്വന്തമായ ചില ശൈലികളുണ്ട്. അത് ഓരോ മോഷ്ടാവിന്‍റെയും വിശ്വാസത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് പോലീസുകാര്‍ സാധാരണ പറയാറ്. ചിലര്‍ പിന്‍വാതിലിലൂടെ മാത്രം കയറുന്ന കള്ളന്മാരാണെങ്കിൽ മറ്റ് ചിലര്‍ ജനല്‍കമ്പി വളച്ച് മാത്രമേ മോഷ്ടിക്കാന്‍ കയറൂ. ഇങ്ങനെ മോഷ്ടാക്കളുടെ പ്രത്യേക രീതികള്‍ വച്ചാണ് പലപ്പോഴും പോലീസ് മോഷ്ടാക്കളെ കണ്ടെത്തുന്നതും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തർപ്രദേശിലെ നോയിഡയില്‍ നടന്ന ചില അസാധാരണ കവര്‍ച്ചാ സംഭവങ്ങള്‍ പ്രദേശവാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനകം നിരവധി വീടുകളില്‍ സമാനമായ മോഷണങ്ങള്‍ നടന്നായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ മോഷണങ്ങള്‍ക്കും ഒരേ രീതി. നേരത്തെ നോക്കിവച്ച വീടുകളില്‍ കയറുന്ന സംഘം ആദ്യം തന്നെ മോഷണ വസ്തുക്കളുമായി കടന്ന് കളയുകയല്ല ചെയ്യുന്നത്. പകരം, സംഘം അടുക്കളയില്‍ കയറി പക്കോഡ ഉണ്ടാക്കി കഴിക്കുന്നു. ഫ്രിഡ്ജില്‍ ഭക്ഷണങ്ങളുണ്ടെങ്കില്‍ അതും കഴിക്കുന്നു. ഒപ്പം ബീഡി വലി, പാന്‍മുറുക്ക്... അങ്ങനെ സ്വന്തം വീടെന്ന രീതിയില്‍ പെരുമാറിയ ശേഷം അവിടെയുള്ളതെല്ലാമെടുത്ത് കടക്കുന്നു. സമാനമായ രീതിയില്‍ സെക്ടര്‍ 25 -ലെ ഒരു വീട്ടില്‍ പക്കോഡ സംഘം മോഷണം നടത്തുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി കടക്കുകയും ചെയ്തെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാനമായ നിരവധി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹൃദേഷ് കതേരിയ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക ദൗത്യസേനയെ തന്നെ രൂപീകരിച്ചു. എന്നാല്‍, ഏറെ ഭയപ്പെടുത്തുന്ന കാര്യം, ഒറ്റ ദിവസം തന്നെ സമാനമായ രീതിയില്‍ ആറ് വീടുകളാണ് സംഘം കൊള്ളയടിച്ചത്. കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ഏറെ ഭയപ്പാടിലാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സെക്ടര്‍ 82 -ല്‍ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷണം പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീട്ടുടമകള്‍ സ്ഥലത്തില്ലാത്ത നേരം നോക്കിയാണ് പ്രധാനമായും മോഷണം നടക്കുന്നത്. ഉടമ കുടുംബത്തോടൊപ്പം മധ്യപ്രദേശിലായിരുന്ന സമയത്ത് മുന്‍വാതിലിലെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കുന്ന സംഘം അടുക്കളയില്‍ കയറി പക്കോഡ ഉണ്ടാക്കി കഴിച്ചു. അതിന് ശേഷം വീട്ടിലുള്ള വസ്തുക്കളുമായി സ്ഥലം വിട്ടു. ഉടമ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മോഷ്ടാക്കള്‍ ഉപയോഗിച്ച ടിഷ്യൂ പേപ്പറുകള്‍ മുറിയില്‍ എമ്പാടും കിടന്നിരുന്നു. ബാത്ത്റൂമില്‍ മുഴുവനും പാന്‍ മുറുക്കി തുപ്പിവച്ചിരുന്നു. സമാനമായ രീതിയിലാണ് ഒരേ സെക്ടറിലെ വീടുകളില്‍ നടന്ന എല്ലാ മോഷണങ്ങളും. വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ മഹാരാജയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മോഷണ സംഘമാണിതെന്ന് കരുതുന്നു. സിനിമയില്‍ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന കഥാപാത്രം കൊള്ളയടിക്കുന്നതിന് മുമ്പ് രുചികരമായ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാകാം പക്കോഡ സംഘമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതാര് ടാര്‍സന്‍റെ കൊച്ച് മകനോ? മരത്തില്‍ നിന്നും മരത്തിലേക്ക് ചാടുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍