അമിതമായ അളവിൽ ശരീരത്തിൽ എത്തിയാൽ ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന ദോഷകരമായ നിരവധി ചേരുവകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഓസ്ട്രേലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്.
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ഓസ്ട്രേലിയൻ സ്വദേശിയെ ലെഡ് വിഷബാധ ഏറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക മാധ്യമമായ നൈൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കാമിനി എന്ന പേരിൽ അറിയപ്പെടുന്ന മുൾട്ടാനി കാമിനിവിദ്രാവണ രസം എന്ന ഉത്തേജക മരുന്ന് കഴിച്ച വ്യക്തിക്കാണ് വിഷബാധയേറ്റത്.
സംഭവത്തെ തുടർന്ന് ഈ മരുന്നുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ അടിയന്തര മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അഡ്‌ലെയ്ഡിലെ ഒരു തെക്കുകിഴക്കൻ ഏഷ്യൻ സ്റ്റോറിൽ നിന്നാണ് ഇയാൾ ഈ മരുന്ന് വാങ്ങി ഉപയോഗിച്ചത്. ഇത് ഇവിടേക്ക് നിയമവിരുദ്ധമായി കൊണ്ടുവന്നതാണെന്നാണ് കരുതപ്പെടുന്നത്. ഉൽപ്പന്നത്തിൽ അടങ്ങിയിരുന്ന ലെഡിന്റെയും മെർക്കുറിയുടെയും കൂടിയ അളവാണ് അപകടത്തിന് കാരണമായത്.
ശക്തമായ ഉത്തേജക മരുന്ന് എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന ഈ ഉൽപ്പന്നം ഇരുണ്ട ഗുളികകളുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്ന അപകട സാധ്യതകൾ വലുതാണെന്ന് എസ്എ ഹെൽത്തിലെ പ്രൊട്ടക്ഷൻ ആൻഡ് റെഗുലേഷൻ ഡയറക്ടർ ക്രിസ് ലീസ് അഭിപ്രായപ്പെട്ടു.
ലെഡും മെർക്കുറിയും പോലെ അമിതമായ അളവിൽ ശരീരത്തിൽ എത്തിയാൽ ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന ദോഷകരമായ നിരവധി ചേരുവകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഓസ്ട്രേലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. വിഷ രാസവസ്തുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യം കാമിനിയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവിദഗ്ധർ മുൻപേ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
ഓസ്ട്രേലിയൻ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (TGA) മുമ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ സുരക്ഷിതത്വം, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസ്തുത ഉൽപ്പന്നം പൂർത്തിയാക്കിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ചേരുവകൾ അപകടകരമായ വിഷങ്ങളായി തരംതിരിച്ചിട്ടുണ്ടെന്നും ഊന്നിപ്പറയുന്നു. കോഡിൻ, മോർഫിൻ തുടങ്ങിയ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന തുടരുന്നതിനാൽ, കാമിനിയുടെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഓസ്‌ട്രേലിയയിൽ ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും ചില സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ മാർക്കറ്റുകളിലും കാമിനി അനധികൃതമായി ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. കാമിനി ഒരിക്കലും കഴിക്കരുതെന്ന് ഊന്നിപ്പറയുന്ന ആരോഗ്യവകുപ്പ്, നിലവിലെ ഉപയോക്താക്കൾ നിർബന്ധമായും ആരോഗ്യവിദഗ്ദരുടെ മാർഗ്ഗനിർദ്ദേശം തേടണമെന്നും കൂട്ടിച്ചേർക്കുന്നു.
(ചിത്രം പ്രതീകാത്മകം)