മലബാറിൽ ആദ്യം ഇംഗ്ലിഷ് പഠിച്ച്, പോരാടി; വഴിയിൽ തടഞ്ഞവർ, കാർക്കിച്ച് തുപ്പിയവർ, എല്ലാരെയും അമ്പരപ്പിച്ച ജീവിതം

By Naufal Bin Yousaf  |  First Published Aug 5, 2022, 8:16 PM IST

മതമതപണ്ഡിതൻ കൂടിയായ ഓവി അബ്ദുള്ള മകളെ കോൺവെന്‍റ് സ്കൂളിലയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചതോടെ മറിയുമ്മ നേരിട്ട വെല്ലുവിളികൾ ചില്ലറയായിരുന്നില്ല. യാഥാസ്ഥിതിക‍ര്‍ ഉയർത്തിയ എതിർപ്പുകളെ വകവയ്ക്കാതെ മകൾക്കൊപ്പം ഉപ്പ നിലയുറപ്പിച്ചു


മാളിയേക്കൽ മറിയുമ്മ വിട വാങ്ങുമ്പോൾ മലബാറിലെ ജനതക്ക് അതൊരു കനത്ത വേദനയാണ്. മലബാറിന്‍റെ മണ്ണിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മുസ്ലീം പെൺകുട്ടിയുടെ ജീവിതം അത്രമേൽ പോരാട്ടവും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. മലബാറിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച മറിയുമ്മയുടെ ജീവിതയാത്ര സംഭവ ബഹുലമാണ്. മതമതപണ്ഡിതൻ കൂടിയായ ഓവി അബ്ദുള്ള മകളെ കോൺവെന്‍റ് സ്കൂളിലയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചതോടെ മറിയുമ്മ നേരിട്ട വെല്ലുവിളികൾ ചില്ലറയായിരുന്നില്ല. യാഥാസ്ഥിതിക‍ര്‍ ഉയർത്തിയ എതിർപ്പുകളെ വകവയ്ക്കാതെ മകൾക്കൊപ്പം ഉപ്പ നിലയുറപ്പിച്ചു. എന്നാൽ പെൺകുട്ടികളെ സ്കൂളിലയക്കുന്നത് തെറ്റായിക്കണ്ട യാഥാസ്ഥിതികർ വഴിയിൽ വച്ച് കുഞ്ഞു മറിയുമ്മയെ പലപ്പോഴും തടഞ്ഞു, കാർക്കിച്ച് തുപ്പി. പക്ഷെ മറിയുമ്മ എല്ലാ എതിർപ്പും മറികടന്ന് പഠിച്ചു. മിടുക്കിയായി. മലബാറിനാകെ അഭിമാനമാകുന്ന തരത്തിലേക്ക് ആ ജീവിതം മാറ്റിയെടുക്കുകയും ചെയ്തു.

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു; വിടവാങ്ങിയത് മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിത

Latest Videos

മാളിയേക്കൽ തറവാട്ടുകാർ ഒരു റേഡിയോ വാങ്ങിയതും അക്കാലത്ത് നാട്ടിൽ ഉണ്ടാക്കിയ പുകിൽ ചെറുതല്ല. റേഡിയോ ചെകുത്താന്‍റെ വീടാണെന്ന് പറഞ്ഞായിരുന്നു ആക്രോശം. റേഡിയോയെക്കുറിച്ച് ഒരു പാട്ട് എഴുതിയാണ് എതിർത്തവരെ അന്ന് മറിയുമ്മ നേരിട്ടത്. 1943ൽ മിലിറ്ററി റിക്രൂട്ട്മെന്റ് ഏജന്റ്  മായിൻ അലിയെ കല്യാണം കഴിച്ചു. വിമൻസ് സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരായി പോരാടി. തുന്നൽ ക്ലാസ് നടത്തി. എംഇഎസ്സിന്റെ സമ്മേളനത്തിൽ കോഴിക്കോട് പോയി പ്രസംഗിച്ചതൊക്കെ ഇന്നലെ എന്നപോലെ മറിയുമ്മ ഓർത്തുപറഞ്ഞുതന്നു. ആ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്ക് മറിയുമ്മാന്‍റെ ഇംഗ്ലീഷ് കേട്ട് കൈയ്യടിക്കാതെ പോകാനായില്ലെന്നതാണ് യാഥാർത്ഥ്യം.

പെരുന്നാളിന് കാണാൻ ചെന്നപ്പോളത്തെ അനുഭവവും ഏഷ്യാനെറ്റ് ന്യൂസ് ടീമിന് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. മറിയുമ്മ നല്ല തിരക്കിലായിരുന്നു. തൊണ്ണൂറ്റി ഏഴ് വയസുകാരി തന്നെയായിരുന്നു പെരുന്നാളിന് പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് മുന്നിൽ നിന്നത്. എന്നും പുലർച്ചെ രണ്ടുമണിക്ക് എഴുന്നേൽക്കും മറിയുമ്മ. പിന്നീട് നിസ്കാരവും ഖുറാൻ പാരായണവുമാണ് പതിവ്. ഏഴുമണിയാകുമ്പോൾ ഹിന്ദു പത്രം എത്തും. പിന്നെ മണിക്കൂറുകൾ നീണ്ട വായനയാണ്.

undefined

തലശ്ശേരി കലാപം ആണ് ജീവിതത്തിലെ മറക്കാനാകാത്ത നോവെന്ന് മറിയുമ്മ പറയുമായിരുന്നു. പുതിയ തലമുറയിലെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ മറിയുമ്മ കണ്ണിറുക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു, 'പെൺകുട്ടികൾ പെട്ടെന്ന് കല്യാണം കഴിക്കാൻ പാടില്ല, നല്ലോണം പഠിക്കണം, ജോലി നേടണം, എന്നിട്ട് ജീവിതത്തിൽ നമുക്ക് പറ്റിയ ആളെ പരിചയപ്പെടുകയാണെങ്കിൽ കല്യാണം കഴിച്ചോ'.  പെരുന്നാൾ അമ്പിളിക്കല പോലുള്ള ചിരിയായിരുന്നു എന്നും മാളിയേക്കൽ മറിയുമ്മ.

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു, നാളെ 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

അതേസമയം മാളിയേക്കൽ മറിയുമ്മ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്. 97 ാം വയസിലാണ് മറിയുമ്മ ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിലിക്കെയാണ് മരണം സംഭവിച്ചത്. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രി അയ്യലത്തെ പള്ളിയിലാണ് ഖബറടക്കം നടത്തുക. വിമൻ സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരായ പോരാട്ടമടക്കം നടത്തിയിട്ടുണ്ട് മറിയുമ്മ.

click me!