കിണറ്റിൽ നിന്നും നിലവിളി, പ്രേതബാധയെന്ന് നാട്ടുകാർ, 3 ദിവസം കുടുങ്ങിക്കിടന്ന് യുവാവ്

By Web Team  |  First Published Dec 4, 2024, 2:47 PM IST

വനത്തിനുള്ളിലെ 12 മീറ്റർ ആഴമുള്ള ഇടുങ്ങിയ കിണറിന്റെ അടിയിലാണ് ഇയാൾ അകപ്പെട്ടു പോയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇയാളെ പുറത്തെടുത്തു.


തായ്‌ലൻഡിൽ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ വീണ യുവാവ് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. സഹായത്തിനായി നിലവിളിച്ച യുവാവിന്റെ ശബ്ദം കേട്ട് നാട്ടുകാർ കരുതിയത് കിണറ്റിൽ പ്രേതബാധയുണ്ട് എന്നാണ്. ഭയന്നുവിറച്ച നാട്ടുകാർ കിണറിന് സമീപത്തേക്ക് പോലും പോകാതെയായി. അതോടെയാണ് തളർന്ന് അവശനായ യുവാവ് മൂന്നുദിവസം രക്ഷപ്പെടാനാവാതെ കിണറിനുള്ളിൽ തന്നെ അകപ്പെട്ടുപോയത്.

തായ്‌ലൻഡിലെ യൂണിവേഴ്സൽ ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തായ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബർ 24 -നാണ് ഇവിടുത്തെ ഗ്രാമവാസികൾ തങ്ങളുടെ ഗ്രാമത്തോട് ചേർന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് വിചിത്രമായ കരച്ചിൽ ശബ്ദം കേൾക്കുന്നതായി ലോക്കൽ പൊലീസിൽ അറിയിച്ചത്. 

Latest Videos

തുടർന്നാണ് സ്ഥലത്തെത്തിയ പൊലീസ് കിണറിനുള്ളിൽ പരിശോധന നടത്തുകയും അതിനുള്ളിൽ ആളെ കണ്ടെത്തുകയും ചെയ്തത്. പൊലീസ് കണ്ടെത്തുമ്പോൾ തളർന്ന് അവശനായ അവസ്ഥയിലായിരുന്നു കിണറിനുള്ളിൽ വീണ യുവാവ്. ഇയാൾ ചൈന സ്വദേശി ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വനത്തിനുള്ളിലെ 12 മീറ്റർ ആഴമുള്ള ഇടുങ്ങിയ കിണറിന്റെ അടിയിലാണ് ഇയാൾ അകപ്പെട്ടു പോയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇയാളെ പുറത്തെടുത്തു. ശരീരത്തിൽ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. വിവർത്തകരുടെ സഹായത്തോടെ പൊലീസ് ഇയാളോട് സംസാരിച്ചു. 

undefined

ലിയു ചുവാനി എന്ന 22 -കാരനാണ് താനെന്നും മൂന്നു പകലും മൂന്ന് രാത്രിയും ഭക്ഷണവും വെള്ളവും ഇല്ലാതെ കിണറിനുള്ളിൽ കുടുങ്ങിപ്പോയതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ആരും രക്ഷപ്പെടുത്താൻ എത്തിയില്ലെന്നും ലിയു ചുവാനി പറഞ്ഞു.

തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിൽ ഇയാൾ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല, ഇതേക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഇമിഗ്രേഷൻ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.

(ചിത്രം പ്രതീകാത്മകം)

102 വയസൊക്കെ ചെറുപ്പം, സ്വപ്നം സ്ട്രോങ്ങാണെങ്കിൽ; 7 ഭൂഖണ്ഡങ്ങളും സന്ദർശിച്ച് ഡൊറോത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!