കൈറ്റ് സർഫിംഗ്; ചെറുദ്വീപിൽ കുടുങ്ങി യുവാവ്, രക്ഷയായത് കല്ലുകൾ

By Web TeamFirst Published Jun 12, 2024, 11:25 AM IST
Highlights

സർഫ് ചെയ്ത് തന്നെ തിരികെ ബീച്ചിലേക്ക് പോകാനുള്ള ശ്രമങ്ങൾ തിര ശക്തമായതോടെ പാഴായി. ഇതോടെയാണ് രക്ഷപ്പെടാനായി യുവാവ് മറ്റ് മാർഗങ്ങൾ തേടിയത്.

കാലിഫോർണിയ: കാറ്റ് അനുസരിച്ച് നീങ്ങുന്ന പായയുടെ സഹായത്തോടെ കടലിൽ സർഫിംഗിന് പോയ യുവാവ് ദ്വീപിൽ കുടുങ്ങി. കല്ലുകൾ ചേർത്തുവച്ച് തയ്യാറാക്കിയ സന്ദേശം ഹെലികോപ്ടർ യാത്രക്കാരുടെ കണ്ണിൽപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട കഷ്ടപ്പാടിന് അറുതിയായി. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. വാരാന്ത്യ ആഘോഷങ്ങൾക്കായി വടക്കൻ കാലിഫോർണിയയിലെ ബീച്ചിലെത്തിയ യുവാവാണ് ആൾത്താമസമില്ലാത്ത ചെറുദ്വീപിൽ കുടുങ്ങിയത്. സർഫ് ചെയ്ത് തന്നെ തിരികെ ബീച്ചിലേക്ക് പോകാനുള്ള ശ്രമങ്ങൾ തിര ശക്തമായതോടെ പാഴായി.

ഇതോടെയാണ് രക്ഷപ്പെടാനായി യുവാവ് മറ്റ് മാർഗങ്ങൾ തേടിയത്. ചെറുദ്വീപിന്റെ തീരത്തതോട് ചേർന്ന് കല്ലുകൾ കൊണ്ട് സഹായം ആവശ്യപ്പെട്ട് കൊണ്ടാണ് യുവാവ് ഹെൽപ് എന്നെഴുതുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഈ പ്രദേശത്തിന് സമീപത്ത് കൂടി കടന്നുപോയ ഹെലികോപ്ടറിലെ യാത്രക്കാരുടെ ശ്രദ്ധയിൽ സഹായാഭ്യർത്ഥന കാണുന്നത്. ഇവർ വിവരം നൽകിയതിന് പിന്നാല കാലിഫോർണിയയിൽ നിന്നും അഗ്നി രക്ഷാ സംഘം അടക്കമുള്ള രക്ഷാ പ്രവർത്തകരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

Latest Videos

പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാൻസ്ഫ്രാൻസിസ്കോയിൽ നിന്ന് 105 കിലോമീറ്റർ അകലെയാണ് യുവാവ് കുടുങ്ങിയ ചെറുദ്വീപ് സ്ഥിതി ചെയ്യുന്നത്. സന്ദർശിക്കാൻ മനോഹരമായ ഇടമാണ് ഇവിടമെന്നും എന്നാൽ ശക്തമായ തിരകൾ സദാ ഭീഷണിയുയർത്തുന്നതാണ് ഈ മേഖലയുമെന്നാണ് രക്ഷാപ്രവർത്തകർ തിങ്കളാഴ്ച വൈകിട്ട് പ്രതികരിച്ചത്.

ജലോപരിതലത്തിൽ നടത്തുന്ന ഒരു കായിക വിനോദമായ കൈറ്റ് സർഫിംഗ് അപകട സാധ്യതയുള്ള ഒന്നാണ്. സഞ്ചരിക്കുന്ന ആൾ ജലോപരിതലത്തിൽ ഒരു സർഫ് ബോർഡിൽ നിൽക്കുകയും കാറ്റിന്റെ സഹായത്താൽ സർഫ് ബോർഡിനോട് ബന്ധിപ്പിച്ചിരിക്കുന്ന പായയുടെ ദിശക്കനുസരിച്ച് നീങ്ങുകയും ചെയ്യുന്നതാണ് കൈറ്റ് സർഫിംഗിന്റെ അടിസ്ഥാന രീതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!