രണ്ടാമതും അച്ഛനായതോടെ വീടുവിട്ടിറങ്ങി, മുറ്റത്ത് ടെന്റ് കെട്ടി താമസമാക്കി യുവാവ്

By Web TeamFirst Published Oct 20, 2024, 3:45 PM IST
Highlights

കുഞ്ഞു പിറന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കടുത്ത സമ്മർദ്ദത്തിലായി സ്റ്റുവർട്ട്. കാരണം മറ്റൊന്നുമായിരുന്നില്ല, അദ്ദേഹത്തിന് പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിച്ചില്ല.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ വീടുവിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കി യുകെ സ്വദേശിയായ യുവാവ്. വീണ്ടും അച്ഛനായപ്പോൾ ഉണ്ടായ ഉത്തരവാദിത്വങ്ങളും തന്റെ ജോലിസ്ഥലത്തെ ഉത്തരവാദിത്വങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് ഇയാൾ വീട്ടിൽ നിന്നും ടെന്റിലേക്ക് താമസം മാറ്റിയത്. റിപ്പോർട്ടുകൾ പ്രകാരം 38 -കാരനായ ഇയാൾ ഒരു സ്കൂൾ അധ്യാപകനാണ്.

അടുത്തിടെയാണ് യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന സ്റ്റുവർട്ടിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടാമത്തെ കുഞ്ഞു പിറന്നത്. ഇവരുടെ മൂത്ത മകൻ ഫാബിയന് രണ്ടു വയസ്സാണ് പ്രായം. ഏറെ സന്തോഷത്തോടെയാണ് സ്റ്റുവർട്ടിനും ഭാര്യയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ സ്വാഗതം ചെയ്തതെങ്കിലും പിന്നീട് അപ്രതീക്ഷിതമായ വെല്ലുവിളികൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. 

Latest Videos

കുഞ്ഞു പിറന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കടുത്ത സമ്മർദ്ദത്തിലായി സ്റ്റുവർട്ട്. കാരണം മറ്റൊന്നുമായിരുന്നില്ല, അദ്ദേഹത്തിന് പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിച്ചില്ല. മക്കളെ വളർത്തുന്നതിൽ കഠിനമായ വെല്ലുവിളികൾ അദ്ദേഹം നേരിട്ടു തുടങ്ങി. 

ഭാര്യയോടും മക്കളോടും ഒപ്പം ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടായി വന്നതോടെ അയാൾ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. അങ്ങനെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഒരു ടെന്റ് കെട്ടി അതിൽ താമസമാക്കി. സ്റ്റുവർട്ടിന്റെ ഈ അപ്രതീക്ഷിതനീക്കം കുടുംബാംഗങ്ങളെ മാത്രമല്ല അയൽക്കാരെയും അമ്പരപ്പിച്ചു. ഭാര്യയും ഭർത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാകാം ഈ മാറിത്താമസിക്കലിന് പിന്നിൽ എന്നാണ് പൊതുവിൽ എല്ലാവരും കരുതിയത്. എന്നാൽ തൻറെ ഭർത്താവിൻറെ മാനസികാവസ്ഥയെ നന്നായി മനസ്സിലാക്കാൻ സ്റ്റുവർട്ടിന്റെ ഭാര്യക്ക് സാധിച്ചു. 

തൻ്റെ ഭർത്താവിൻ്റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച ക്ലോയ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത് ഒരു കുട്ടിയുണ്ടാകുമ്പോൾ എല്ലാവരും അമ്മയുടെ ക്ഷേമത്തെക്കുറിച്ചാണ് ചോദിക്കുന്നത്, പക്ഷേ ആരും അച്ഛൻ്റെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അച്ഛന്റെയും എന്നാണ്.  

പ്രസവാനന്തരവിഷാദം എന്ന അവസ്ഥ അമ്മയാകുന്നവർക്ക് മാത്രമല്ല അച്ഛനാകുന്നവർക്കും വരാമെന്നും അതു മനസ്സിലാക്കി സമൂഹം പെരുമാറണമെന്നും ആവശ്യമാണെങ്കിൽ വേണ്ടത്ര വിശ്രമം എടുക്കാൻ പുരുഷന്മാരും മടി കൂടാതെ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!