നൂറ്റാണ്ടുകളായി അവർ അവിടെ താമസിക്കുന്നുണ്ടെങ്കിലും 1973 -ലാണ് അവർ 108 ഏക്കറോളം വരുന്ന ഭൂമി വാങ്ങിക്കാൻ ഇടയായത്. അവിടെ അവർ പള്ളികളും സ്‍കൂളുകളും വീടുകളും പണിതു. അതിൽ കൃഷിചെയ്‍ത് അവർ ഉപജീവനം കഴിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ഭൂമിയുടെ നികുതിയടക്കാൻ ഓഫീസിൽ ചെന്നപ്പോഴാണ് 1973 -ൽ അവർ വാങ്ങിയ ഭൂമി അവരുടെ മുൻഉടമയുടെ പേരിലാണ് കിടക്കുന്നത് എന്ന് അവർ മനസ്സിലാക്കിയത്. അങ്ങനെ ഒറ്റരാത്രികൊണ്ട് ഭൂമിയുടെ അവകാശികളിൽനിന്ന് കുടിയേറ്റക്കാരായി അവർ മാറി.
ഒരു ഗ്രാമത്തിലെ ജനങ്ങൾക്ക് മുഴുവൻ എങ്ങനെയാണ് ഒറ്റരാത്രികൊണ്ട് തങ്ങളുടെ ഭൂമി നഷ്ടമായത്? ജാർഖണ്ഡിലെ ഘർവാ ജില്ലയിലെ നയാ ടോലി എന്ന ഗ്രാമത്തിലാണ് ഈ സംഭവമുണ്ടായത്. ഗ്രാമവാസികളുടെ പേരിലുണ്ടായിരുന്ന 108 ഏക്കർ ഭൂമി സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ അവരുടെ പേരിലല്ല. നാല്പത് വർഷം മുൻപ് അവർ വാങ്ങിയ ഈ ഭൂമി, ഇപ്പോൾ സർക്കാർ വീണ്ടും മുൻഉടമയുടെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. ആ ഗ്രാമവാസികളാരും തന്നെ അറിയാതെയാണ് ഈ കള്ളക്കൈമാറ്റം നടന്നിരിക്കുന്നത്. ഈ പ്രശ്‌നത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് കഴിഞ്ഞ രണ്ട് വർഷമായി ഗ്രാമവാസികൾ ചിന്തിക്കുന്നത്. ഇതിനെതിരായി കർഷകനായ മുകേഷ് കുജുറും, അദ്ദേത്തിന്‍റെ കൂട്ടുകാരും ജാർഖണ്ഡ് സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. മറിച്ച് ഇന്ത്യയുടെ മധ്യ സംസ്ഥാനങ്ങളിലുടനീളമുള്ള ആളുകൾക്ക് അവരുടെ പേരിലുള്ള ഭൂമി അവര്‍പോലുമറിയാതെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ചിലരുടെ ഭൂമിക്ക് പെട്ടെന്ന് പുതിയ അവകാശികളുണ്ടാകുന്നു. മറ്റുചിലരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെട്ടിക്കുറക്കുന്നു. ഇനി കുടുംബഭൂമിയാണെങ്കിൽ അപരിചിതരെ ഭൂമിയുടെ അവകാശികളാക്കിത്തീർക്കുന്നു. പുതിയ ഭൂപരിഷ്‍കരണ പദ്ധതിയുടെ ഭാഗമായി ഭൂമിയെ ഡിജിറ്റലൈസ് ചെയ്‍തപ്പോൾ വന്ന വീഴ്‍ചകളാണിതെന്ന മുട്ടാപ്പോക്ക് ന്യായമാണ് ജാർഖണ്ഡിലെ ലാൻഡ് റെക്കോർഡ്‍സ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
അഞ്ച് ഘട്ടങ്ങളായുള്ള നിയമസഭാ തെരഞ്ഞെടുപ്പിനിടയിലാണ് സംസ്ഥാനത്ത് ഇത്തരം തർക്കങ്ങൾ ഉണ്ടാകുന്നത്. തങ്ങളെ നാടുകടത്തുമോ എന്ന ആശങ്കവരെ ജനങ്ങളിൽ ഇത് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി രഘുബർ ദാസിന്‍റെ ഭരണകാലത്താണ് ഒരുപാട് പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ പ്രചാരണങ്ങൾക്കും ഇടയാക്കിയ ഈ സംഭവം നടന്നത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥയായി മത്സരിക്കുകയാണ് അയാള്‍.
കഴിഞ്ഞയാഴ്‍ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണത്തിനായി ഇവിടെ വരികയുണ്ടായി. അപ്പോൾ അദ്ദേഹം ദാസ് സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയാണ് ചെയ്‍തത്. ''ഭാരതീയ ജനതാ പാർട്ടി വെള്ളം, കാട്, ഭൂമി എന്നിവയ്ക്കുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്” എന്നാണ് റാലിയിൽ പങ്കെടുത്ത മോദി പറഞ്ഞത്. ബിജെപി മാത്രമല്ല ഭൂ-സംബന്ധ പ്രശ്‍നങ്ങളെ ഉയർത്തിക്കാണിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നത്. കോൺഗ്രസ്സും, പ്രതിപക്ഷ സഖ്യമായ ജാർഖണ്ഡ് മുക്തി മോർച്ചയും ഇതൊരു പ്രചാരണ ആയുധമാക്കുകയാണ്.
undefined
സംസ്ഥാനത്തെ ജനസംഖ്യയുടെ 26.3 ശതമാനവും ഗോത്രവർഗക്കാരാണ്. അതിൽത്തന്നെ പകുതിയിലധികം പേരും കർഷകരാണ്. ധാതുസമ്പുഷ്‍ടമായ ഭൂമിയാണ് ജാർഖണ്ഡ്. ഇന്ത്യയിലെ 40 ശതമാനം ധാതുനിക്ഷേപങ്ങളും ഈ സംസ്ഥാനത്താണുള്ളത്. സ്വർണം, വെള്ളി, അടിസ്ഥാന ലോഹങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവയുടെ ഖനനം ഭാവിയിൽ വൻസാധ്യതകളാണ് തുറന്നു കൊടുക്കുന്നതെന്ന് കോർപ്പറേഷന്‍റെ വെബ്‌സൈറ്റ് പറയുന്നു. ഇതിന്‍റെ ആദ്യപടിയായി വ്യവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന സംസ്ഥാനഭൂമിയുടെ വിവരങ്ങൾ ലിസ്റ്റുചെയ്‍ത് 2016 ജനുവരിയിൽ സംസ്ഥാന സർക്കാർ ഒരു ‘ഭൂമി ബാങ്ക്’ പോർട്ടൽ തുടങ്ങി. പല ഗോത്ര വിഭാഗങ്ങളുടെയും ഭൂമിയും, കൃഷിസ്ഥലങ്ങളും ഈ ഭൂമിബാങ്കിൽ ഉൾപ്പെട്ടു. ഖുന്തി ജില്ലയിലെ പൗരാവകാശ ഗ്രൂപ്പുകൾ നടത്തിയ പരിശോധനയിൽ ഗോത്ര മത, ശ്‍മശാന സ്ഥലങ്ങളും ഈ ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഒരുപാട് പ്രക്ഷോഭങ്ങൾക്ക് ഇത് കാരണമായി.
പിന്നീട് ഈ ഗോത്രവിഭാഗക്കാരുടെ ഭൂമി സംരക്ഷിക്കാൻ എന്ന പേരിൽ സർക്കാർ രണ്ടു ബില്ലുകൾ കൊണ്ട് വരികയുണ്ടായി. എന്നാൽ, ആ ഭൂമിയിൽ സർക്കാരിന് അവകാശമുണ്ടെന്നും, വേണമെങ്കിൽ വ്യവസായികാവശ്യങ്ങൾക്കായി ആ ഭൂമിയെ ഉപയോഗിക്കാൻ സർക്കാരിന് കഴിയുമെന്നുമാണ് സർക്കാർ പറഞ്ഞത്. ഇത് ഗോത്രവർഗ്ഗക്കാരിൽ കടുത്ത എതിർപ്പുണ്ടാക്കി. ഈ ബില്ലുകൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാൻ ഗോത്രവർഗ്ഗക്കാർ തീരുമാനിച്ചു. മറ്റ് നിവൃത്തിയില്ലാതെ സർക്കാർ ബില്ലുകൾ പിൻവലിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ഇപ്പോൾ വന്നിട്ടുള്ള ഈ പുതിയ ഭൂ പരിഷ്ക്കരണ പദ്ധതി. ഒരനുഭവവം നേരത്തെ ഉണ്ടായതുകൊണ്ടാകാം ഇത്തരം തെറ്റുകൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നത്. അവരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഒരു തന്ത്രമായിത്തന്നെയാണ് ജനങ്ങൾ ഇതിനെ കാണുന്നത്.
ഏറ്റവും വലിയ ഗോത്രവർഗ്ഗങ്ങളിൽ ഒന്നായ ഒരാൺ ഗോത്രവർഗ്ഗത്തിൽ പെട്ട 19 ക്രിസ്ത്യൻ കുടുംബങ്ങളാണ് നയാ ടോളിൽ താമസിക്കുന്നത്. നൂറ്റാണ്ടുകളായി അവർ അവിടെ താമസിക്കുന്നുണ്ടെങ്കിലും 1973 -ലാണ് അവർ 108 ഏക്കറോളം വരുന്ന ഭൂമി വാങ്ങിക്കാൻ ഇടയായത്. അവിടെ അവർ പള്ളികളും സ്‍കൂളുകളും വീടുകളും പണിതു. അതിൽ കൃഷിചെയ്‍ത് അവർ ഉപജീവനം കഴിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ഭൂമിയുടെ നികുതിയടക്കാൻ ഓഫീസിൽ ചെന്നപ്പോഴാണ് 1973 -ൽ അവർ വാങ്ങിയ ഭൂമി അവരുടെ മുൻഉടമയുടെ പേരിലാണ് കിടക്കുന്നത് എന്ന് അവർ മനസ്സിലാക്കിയത്. അങ്ങനെ ഒറ്റരാത്രികൊണ്ട് ഭൂമിയുടെ അവകാശികളിൽനിന്ന് കുടിയേറ്റക്കാരായി അവർ മാറി. അവരുടെ പേരിൽ അല്ലാത്ത ഭൂമിയുടെ നികുതിയടക്കാൻ ഉദ്യോഗസ്ഥർ അവരെ സമ്മതിച്ചില്ല. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പ്രാദേശിക അധികാരികൾക്ക് പല തവണ കാണിച്ചെങ്കിലും, സിസ്റ്റം എല്ലാം ഓൺലൈനിലായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞത്. ഇത്രയൊക്കെയായിട്ടും സംസ്ഥാന സർക്കാരിൽ നിന്ന് തൃപ്‍തികരമായ പ്രതികരണമൊന്നും ഇതുവരെ അവർക്ക് ലഭിച്ചിട്ടുമില്ല.
എല്ലാ ഭൂമിയുടെയും രേഖകൾ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് ഭൂമിയുടെ രേഖകൾ ഡിജിറ്റൈസ് സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാൽ, വ്യക്തമായി സർവ്വേകൾ നടത്താതെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം, അവകാശികളെക്കുറിച്ചുള്ള വിവരങ്ങൾ, വായ്‍പാ ബാധ്യതകൾ എന്നിവയുൾപ്പെടെ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈനിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും സർവ്വേ നടത്താനോ, ശരിയായ അവകാശികളുടെ പേരിലേക്ക് ഭൂമി മാറ്റാനോ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
ഭൂമി നഷ്‍ടമായ ഗോത്രവർഗ്ഗക്കാരുടെ നിസ്സഹായാവസ്ഥ മുതലെടുക്കാനായി അടുത്ത തെരഞ്ഞെടുപ്പും വന്നു. ഒരുപാട് വാഗ്ദ്ധാനങ്ങളും, പ്രതീക്ഷകളും നൽകി രാഷ്ട്രീയക്കാർ അടുത്ത ഭരണത്തിനായുള്ള ചരടുവലികളും ആരംഭിച്ചുകഴിഞ്ഞു.