സഹാനുഭൂതി നല്ലതാണ്. മാതാപിതാക്കൾക്ക് പ്രായമാവും. അവരുടെ തെറ്റ് കൊണ്ടായിരിക്കണമെന്നില്ല ചിലതൊക്കെ സംഭവിച്ചത്. സാഹചര്യവും അതിനൊക്കെ കാരണമായിട്ടുണ്ടാകാം. അതോർത്ത് അവരോട് സഹാനുഭൂതി കാണിക്കുക.
ഈ ലോകത്ത് എല്ലാ മക്കൾക്കും മാതാപിതാക്കളുമായി നല്ല ബന്ധമായിരിക്കണം എന്നില്ല. ചില മാതാപിതാക്കൾ മക്കളെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാവാം. അത്തരം ആളുകൾക്ക് തങ്ങളുടെ മാതാപിതാക്കളോട് ഒരിക്കലും ക്ഷമിക്കാൻ കഴിയണമെന്നില്ല. നമ്മുടെ ബാല്ല്യം തകർത്തു കളഞ്ഞതിന്, നമ്മെ കരയിപ്പിച്ചതിന്, അരക്ഷിതരാക്കിയതിന്, നമ്മുടെ ആത്മവിശ്വാസം തകർത്തു കളഞ്ഞതിന് ഒക്കെ നമുക്കവരോട് ദേഷ്യം തോന്നാം. എന്നാൽ, അവരോട് ക്ഷമിക്കുന്നത് നമ്മുടെ മുറിവുകളെ തന്നെ സുഖപ്പെടുത്താൻ ചിലപ്പോൾ സഹായിച്ചേക്കാം. അതിനായി എന്ത് ചെയ്യണം?
undefined
ഇന്നലെ വേൾഡ് ഫോർഗിവ്നെസ് ഡേ ആയിരുന്നു. അതായത്, പൊറുക്കാനുള്ള ദിവസം. മാതാപിതാക്കളോട് എങ്ങനെ പൊറുക്കണം എന്ന് നോക്കാം?
അംഗീകരിക്കുക: നമ്മുടെ വികാരങ്ങളെ അംഗീകരിക്കുക. നമ്മുടെ വികാരങ്ങൾ സത്യസന്ധമാണെന്നും സ്വാഭാവികമാണ് എന്നും അംഗീകരിച്ചു തന്നെ മുന്നോട്ട് പോവുക. അതിന്റെ പേരിൽ സ്വയം വെറുക്കാതിരിക്കുക.
മനസിലാക്കുക: നമ്മുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കുകയും അവരുടെ ഭാഗം കൂടി മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. അവരുടെ കുറവുകൾ, പരിമിതികൾ, ജീവിതാനുഭവങ്ങൾ ഇവയെല്ലാം കണക്കിലെടുക്കുക.
നമ്മുടെ വളർച്ച: നമ്മുടെ വളർച്ചയിലും ദൗർബല്ല്യങ്ങളിലും മാതാപിതാക്കൾ ഏതെല്ലാം തരത്തിൽ പങ്കുവഹിച്ചു എന്ന് നോക്കുക. അത് മനസിലാക്കിയും അംഗീകരിച്ചും മുന്നോട്ട് പോവുക.
സഹാനുഭൂതി: സഹാനുഭൂതി നല്ലതാണ്. മാതാപിതാക്കൾക്ക് പ്രായമാവും. അവരുടെ തെറ്റ് കൊണ്ടായിരിക്കണമെന്നില്ല ചിലതൊക്കെ സംഭവിച്ചത്. സാഹചര്യവും അതിനൊക്കെ കാരണമായിട്ടുണ്ടാകാം. അതോർത്ത് അവരോട് സഹാനുഭൂതി കാണിക്കുക.
അതിരുകൾ: ഇത്രയൊക്കെ ചെയ്‍തിട്ടും നിങ്ങളുടെ മാതാപിതാക്കളുടെ പെരുമാറ്റം നിങ്ങളെ നെഗറ്റീവായി ബാധിക്കുകയും നിങ്ങളെ മാനസികമായി തളർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ ആ ബന്ധത്തിൽ അതിരുകൾ സൂക്ഷിക്കാം.
കമ്മ്യൂണിക്കേഷൻ: ചിലപ്പോൾ മാതാപിതാക്കളോട് സംസാരിക്കാൻ നമുക്ക് തോന്നില്ല. അങ്ങനെ ഒരവസ്ഥയിലേക്ക് മനസ് പാകപ്പെടും വരെ ക്ഷമിക്കുക. സമയമായി എന്ന് തോന്നിയാൽ അവരോട് തുറന്ന് സംസാരിക്കുക.
സഹായം തേടാം: നമ്മുടെ മാനസികാവസ്ഥ മോശമാണെങ്കിൽ സുഹൃത്തുക്കളോട്, തെറാപ്പിസ്റ്റിനോട്, സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ സപ്പോർട്ട് ഗ്രൂപ്പിനോട് ഒക്കെ സഹായം തേടാം.
ക്ഷമിക്കുക: ക്ഷമ പരിശീലിക്കുന്നത് നല്ലതാണ്. അത് നമ്മെ വേദനിപ്പിച്ചവരുടെ നല്ലതിന് വേണ്ടി മാത്രമല്ല. നമ്മുടെ തന്നെ മുറിവുകളെ സുഖപ്പെടുത്താനും നമ്മെ ആശ്വസിപ്പിക്കാനും ക്ഷമിക്കുന്നത് നല്ലത് തന്നെ. അവരുമായി ബന്ധപ്പെട്ട നെഗറ്റീവ് വികാരങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
സമാധാനം: സ്വന്തം സമാധാനത്തിലും അവനവന്റെ മനസിനെ സുഖപ്പെടുത്തുന്നതിലും മുറിവുകളുണക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മെഡിറ്റേഷൻ, യോഗ, വ്യായാമം, വായന, പാട്ടു കേൾക്കൽ, ഗാർഡനിംഗ് എന്നിവയെല്ലാം ചെയ്യാം. ഇതെല്ലാം നമ്മുടെ മനസിനും ശരീരത്തിനും ആശ്വാസം നൽകും. നിങ്ങളെ പിന്തുണക്കാൻ കഴിയുന്ന സമാനരായ ആളുകളുടെ പിന്തുണയോടെയാണ് ഇതെങ്കിൽ അത്രയും നല്ലത്.
ക്ഷമയുള്ള മനുഷ്യരായിരിക്കുക: തിടുക്കത്തിൽ തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് പകരം ക്ഷമയോടെയിരിക്കുക. ഒരു ഘട്ടം കഴിയുമ്പോൾ ചിലപ്പോൾ മാതാപിതാക്കൾക്ക് നമ്മെ മനസിലാക്കാൻ സാധിച്ചു എന്നു വരും. ഇനി അഥവാ മനസിലാക്കാനായില്ലെങ്കിലും നമ്മൾ നമ്മെത്തന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുക. അവരോട് പക വച്ച് പുലർത്തുന്നതിന് പകരം നമ്മിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. കാലം എല്ലാ മുറിവുകളും ഉണക്കും എന്നല്ലേ?