അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കുമെതിരെ വ്യാജ പരാതി, 1 ലക്ഷം പിഴയടക്കാൻ യുവതിയോട് കോടതി 

By Web Team  |  First Published Jul 26, 2024, 12:58 PM IST

2016 -ൽ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരാതിക്കാർ തന്നെ ശല്യപ്പെടുത്തുകയും പരിഹസിക്കുകയും കൂടുതൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു.


ഭിന്നശേഷിക്കാരായ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കുമെതിരെ വ്യാജ പരാതി നൽകിയ യുവതിയോട് ഒരുലക്ഷം രൂപ പിഴയടക്കാൻ കോടതി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടേതാണ് നിർദ്ദേശം. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭർത്താവിന്റെ അച്ഛനും അമ്മയും തന്നെ ഉപദ്രവിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ജജ്ജാർ ജില്ലയിലുള്ള യുവതിയാണ് പരാതിയുമായി എത്തിയത്. 

പരാതിക്കാരിയുടെ ഹൃദയശൂന്യമായ പെരുമാറ്റത്തിൽ ഞെട്ടിപ്പോയി എന്നാണ് ജസ്റ്റിസ് നിധി ഗുപ്തയുടെ ബെഞ്ച് പരാമർശിച്ചത്. ബെഞ്ച് എഫ്ഐആർ റദ്ദാക്കുകയും യുവതിക്ക് വിധിച്ചിരിക്കുന്ന പിഴസംഖ്യയായ ഒരുലക്ഷം രൂപ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കും പാതിപ്പാതിയായി വീതിച്ചു നൽകണമെന്നും വിധിച്ചു. നാല് മാസത്തിനുള്ളിലാണ് തുക കൊടുത്തു തീർക്കേണ്ടത്. 

Latest Videos

undefined

അമ്മായിയച്ഛൻ തന്റെ പിന്നാലെ ഓടിയെത്തി തന്നെ തല്ലാനും വടികൊണ്ട് അടിക്കാനും ശ്രമിച്ചു എന്നും പിന്നാലെ അമ്മായിയമ്മ തൻ്റെ മുടിയിൽ പിടിച്ച് മുറ്റത്തേക്ക് വലിച്ചിഴച്ചുവെന്നും അടിച്ചുവെന്നുമാണ് എഫ്ഐആറിൽ യുവതി ആരോപിച്ചിരുന്നത്. ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് കേസെടുത്തിരുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ക്രൂരതയാണ് ഇതിൽ വരുന്നത്. 

2016 -ൽ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരാതിക്കാർ തന്നെ ശല്യപ്പെടുത്തുകയും പരിഹസിക്കുകയും കൂടുതൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു.

2017 -ൽ മരുമകൾ തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാർ 100% ശാരീരിക പരിമിതികൾ നേരിടുന്ന വിഭാ​ഗത്തിൽ പെട്ടവരായിരുന്നതിനാൽ തന്നെ ഈ ആരോപണങ്ങൾ തെറ്റാണെന്ന് ഹരജിക്കാർ അവരുടെ അഭിഭാഷകൻ മുഖേന വാദിച്ചു. പണവും സ്വർണ്ണവും കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്ന് പറയുന്നതും കെട്ടിച്ചമച്ച കഥയാണ് എന്നും അവർ വാദിച്ചു. 

എന്നാൽ, എല്ലാം പരിശോധിച്ച ജസ്റ്റിസ് നിധി ​ഗുപ്ത പറഞ്ഞത്, ഇതെല്ലാം കെട്ടിച്ചമച്ചതാണ് എന്നാണ്. യുവതിയുടെ അമ്മായിഅച്ഛനും അമ്മായിഅമ്മയും ഭിന്നശേഷിക്കാരാണ്. അച്ഛന് ക്രച്ചസില്ലാതെ നടക്കാനാവില്ല. ഓടിയെത്തിയെന്നത് സത്യമാവില്ല എന്ന് തെളിയിക്കപ്പെട്ടു. അമ്മയും അതുപോലെ ഭിന്നശേഷിക്കാരിയാണ് എന്നും കോടതി കണ്ടെത്തി. യുവതി നിയമം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടാനും കോടതി മറന്നില്ല. 

click me!