തൻറെ അച്ഛൻറെ സുഹൃത്തിൻറെ വീട്ടിലെ ഒരാൾ മരിച്ചു എന്നും അദ്ദേഹത്തിൻറെ മരണാനന്തര ചടങ്ങുകളാണ് താൻ കാണിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഈ കൊച്ചു ബാലൻ വീഡിയോ അവതരിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തങ്ങൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി ചിലപ്പോൾ ചില കടുംകൈകൾ പോലും ചിലർ ചെയ്യാൻ മടിക്കാറില്ല. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ ഇപ്പോൾ ഇൻറർനെറ്റിൽ വലിയ വിമർശനത്തിന് കാരണമാവുകയാണ്.
@krackjoke എന്ന അക്കൗണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിശയകരം എന്ന് പറയട്ടെ ഒരു കൊച്ചുകുട്ടിയുടേതാണ് ഈ വൈറൽ വീഡിയോ. തൻറെ അച്ഛൻറെ സുഹൃത്തിൻറെ വീട്ടിലെ ഒരാൾ മരിച്ചു എന്നും അദ്ദേഹത്തിൻറെ മരണാനന്തര ചടങ്ങുകളാണ് താൻ കാണിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഈ കൊച്ചു ബാലൻ വീഡിയോ അവതരിപ്പിക്കുന്നത്. മരിച്ച വ്യക്തിയുടെ വീടിനു മുൻപിൽ ഇരിക്കുന്നതും ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതും ഒക്കെ വീഡിയോയിൽ കാണാം. കൂടാതെ ചിലർ ആ കുട്ടിയോടൊപ്പം നിന്ന് സെൽഫി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
undefined
താൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവത്തിലൂടെ കടന്നു പോകുന്നതെന്നും അതിനാൽ തനിക്ക് ദുഃഖം തോന്നുന്നുണ്ടെന്നും ബാലൻ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഒടുവിൽ നമ്മളെല്ലാവരും ഒരു ദിവസം മരിക്കുമെന്ന പ്രസ്താവനയോടെയാണ് കുട്ടി വീഡിയോ അവസാനിക്കുന്നത്. തലയോട്ടി ചിഹ്നത്തോടൊപ്പം നെക്സ്റ്റ് ലെവൽ വ്ലോഗിംങ് എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ, വീഡിയോയ്ക്ക് എതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയില്‍ ലഭിക്കുന്നത്. ആളുകളുടെ മനസ്സാക്ഷിയും ഔചിത്യവും നഷ്ടപ്പെട്ടോ എന്നും ഒരാളുടെ മരണത്തെ പോലും മാനിക്കാൻ മനസ്സില്ലാതായോ എന്നും ആളുകൾ വീഡിയോയ്ക്ക് താഴെ ചോദിച്ചിട്ടുണ്ട്. കണ്ടന്റ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ എന്തും ചെയ്യാൻ മടിയില്ലാത്തവരായി ആളുകൾ മാറിക്കഴിഞ്ഞു എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇങ്ങനെ പോയാൽ ഏതാനും നാളുകൾ കൂടി കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൻറെ അവസ്ഥ എന്താകുമെന്ന് ആശങ്കപ്പെട്ടവരും കുറവല്ല.