മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനം, ആത്മാക്കൾക്കിരിക്കാനായി ഒഴിച്ചിട്ട കസേരകൾ 

By Web Team  |  First Published Jul 6, 2024, 4:28 PM IST

ഈ പ്രദർശനത്തിൽ ശ്മശാനത്തിലെ നാലു ജീവനക്കാർ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള മുഴുവൻ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കൾക്കായി ഇവർ ഒഴിച്ചിട്ടിരിക്കുകയായിരുന്നു.


സിനിമാ തീയേറ്ററുകളിലും വീടുകളിലും ഇരുന്നല്ലാതെ എപ്പോഴെങ്കിലും ഇരുണ്ട ആകാശത്തിനു കീഴിലെ
വിശാലതയിലിരുന്ന് സിനിമ കണ്ടിട്ടുണ്ടോ? ചിലരെങ്കിലും ഉണ്ടാവാം. എന്നാൽ, തായ്‌ലൻഡിൽ കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു സിനിമാ പ്രദർശനം നടന്നു. പക്ഷേ, അതിന്റെ കാണികൾ ആരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. മരിച്ചുപോയവർക്ക് വേണ്ടി ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക സിനിമാ പ്രദർശനം നടന്നത്.

വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് അറിയാം. എങ്കിലും വിശ്വസിച്ചേ മതിയാകൂ. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ഒരു ശ്മശാനത്തിൽ മരിച്ചുപോയവരുടെ ആത്മാക്കൾക്കായി സിനിമകളുടെ പ്രദർശനം നടത്തിയത്. തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

Latest Videos

undefined

പ്രദർശനം നടന്ന വടക്കുകിഴക്കൻ തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. ഈ ആത്മാക്കൾക്കായാണ് ശമ്ശാന അധികാരികളുടെ കൂടി സഹകരണത്തോടെ സിനിമാ പ്രദർശനം നടത്തിയത്. ആത്മാക്കൾക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക രീതിയിലുള്ള വിനോദം നൽകാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമാ പ്രദർശനം നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.

എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദർശനം അർദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ പ്രദർശനത്തിൽ ശ്മശാനത്തിലെ നാലു ജീവനക്കാർ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള മുഴുവൻ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കൾക്കായി ഇവർ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. സിനിമാ പ്രദർശനത്തോടൊപ്പം ജീവനക്കാർ മരിച്ചവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, മോഡൽ വീടുകൾ, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു. 

തായ്‌ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

click me!