കാമറയിലെ ഫോൾഡറില്‍ വിവിധ ശുചിമുറികളില്‍ നിന്നുള്ള ദൃശ്യവും ഒപ്പം കാമറ സ്ഥാപിച്ച 18 -കാരന്‍റെ മുഖവും പതിഞ്ഞിരുന്നു.
അടുത്തകാലത്തായി യുഎസില്‍ നിന്നും ഒളികാമറകള്‍ പിടികൂടിയ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി ഈക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് യുഎസിലെ ന്യൂജേഴ്സിയിലെ ഒരു മാളിലെ ശുചിമുറിയില്‍ കയറിയ യുവതിയാണ് ഒളിക്കാമറ കണ്ടെത്തിയത്. ചുമരില്‍ അസാധാരണമായി കണ്ട ഒരു കറുത്ത വസ്തു കാമറയാണെന്ന സംശയത്താലാണ് യുവതി പരിശോധിച്ചത്. ഇത് ഒളിക്കാമറയാണെന്ന് തിരിച്ചറിഞ്ഞ യുവതി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നെന്ന് ഹഡ്സൺ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഒളിക്കാമറ പരിശോധിച്ച പോലീസ് ഞെട്ടി. ജെസി പെന്നി മാളിലെ ശുചിമുറിയില്‍ കാമറ സ്ഥാപിക്കുന്ന 18 -കാരന്‍റെ മുഖവും അതില്‍ പതിഞ്ഞിരുന്നു. ഒപ്പം വിവിധ ശുചിമുറികളില്‍ നിന്നുള്ള നിരവധി ക്ലിപ്പുകളും കാമറയിലെ ഫോൾഡറിനുള്ളില്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നലെ 18 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം അജ്ഞാതമായ നിരവധി ശുചിമുറികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാമറയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഏതൊക്കെ ശുചിമുറികളില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് തിരിച്ചറിയാന്‍ സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് പൊതുജനങ്ങളുടെ സഹായം തേടി.
undefined
സമാനസംഭവങ്ങള്‍ നേരത്തെയും യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലും ഇത്തരം നിരവധി കേസുകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം ഒരു സ്ത്രീയുടെ കിടപ്പുമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഷക്കർപൂരിൽ നിന്നുള്ള 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായ 36 -കാരിയായ യുവതി മാസങ്ങളായി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇവര്‍ പുറത്ത് പോകുമ്പോള്‍ വീട്ടുടമയുടെ മകന് വീടിന്‍റെ താക്കോൽ ഏല്‍പ്പിക്കാറുണ്ടായിരുന്നു. ഇത് ഉപയോഗിച്ച തുറന്നാണ് ഇയാള്‍ വീട്ടിലെ കുളിമുറിയില്‍ ഒളിക്കാമറ സ്ഥാപിച്ചത്. ഇയാളില്‍ നിന്ന് പോലീസ് പിന്നീട് രണ്ട് ഒളികാമറകളാണ് കണ്ടെത്തിയത്.