നഷ്ടപരിഹാരത്തുക തന്റെ മകനെ കൊണ്ട് തന്നെ സമ്പാദിപ്പിക്കാൻ എട്ടു വയസ്സുകാരനെ ഗിറ്റാറുമായി തെരുവിലിരുത്തി അയാൾ പാട്ടുപാടിച്ചു.
വീടുകളിലെയും സ്കൂളുകളിലെയും ഒക്കെ ചുമരുകളിൽ കുട്ടികൾ ചിത്രങ്ങൾ വരയ്ക്കുന്നതും അവർക്കറിയാവുന്ന കാര്യങ്ങൾ എഴുതിവയ്ക്കുന്നതും ഒക്കെ സാധാരണമാണ്. പലപ്പോഴും ഇനി ആവർത്തിക്കരുത് എന്ന് പറയും തോറും ചുമരുകളിൽ തങ്ങളുടെ കലാസൃഷ്ടികൾ പതിപ്പിക്കാനുള്ള അവരുടെ ആഗ്രഹം തീവ്രമാവുകയാണ് പതിവ്. അതുകൊണ്ടുതന്നെ സ്കൂളുകളിലും കുട്ടികളുള്ള വീടുകളിലും ഒക്കെ ചുമരുകളിൽ ഇത്തരത്തിലുള്ള കലാസൃഷ്ടികൾ കണ്ടാൽ ആരും അത് അത്ര കാര്യമാക്കാറില്ല.
എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവം കഴിഞ്ഞ ദിവസം ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. സ്കൂളിലെ ചുമരിൽ ഒരു കുട്ടി ചിത്രം വരച്ചതിന് സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് അവൻറെ പിതാവ് അവന് നൽകിയ വിചിത്രമായ ശിക്ഷയാണ് വാർത്തയായത്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചയാണ് ഇപ്പോൾ.
undefined
ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടി തൻ്റെ സ്‌കൂളിൻ്റെ ചുവരിൽ രേഖാചിത്രങ്ങൾ വരച്ചു. എന്നാൽ, ഇതിൽ അസംതൃപ്തരായ സ്കൂൾ അധികൃതർ കുട്ടിയുടെ മാതാപിതാക്കളോട് പരാതിപ്പെട്ടു. തുടർന്ന് തന്റെ മകൻ സ്കൂളിൽ ഉണ്ടാക്കിയ നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകി കൊള്ളാമെന്ന് കുട്ടിയുടെ പിതാവ് സ്കൂൾ അധികൃതർക്ക് ഉറപ്പ് നൽകി.
എന്നാൽ, ഇതിനായി അദ്ദേഹം ചെയ്ത പ്രവൃത്തി ആയിരുന്നു ഏറെ വിചിത്രം. നഷ്ടപരിഹാരത്തുക തന്റെ മകനെ കൊണ്ട് തന്നെ സമ്പാദിപ്പിക്കാൻ എട്ടു വയസ്സുകാരനെ ഗിറ്റാറുമായി തെരുവിലിരുത്തി അയാൾ പാട്ടുപാടിച്ചു. നഷ്ടപരിഹാരത്തുകയായി 300 യുവാൻ അതായത് ഏകദേശം 3686 രൂപയാണ് കുട്ടി പാട്ടുപാടി സമ്പാദിക്കേണ്ടത്. “ഞാൻ സ്‌കൂൾ മതിലിന് കേടുപാടുകൾ വരുത്തി, നഷ്ടപരിഹാരമായി 300 യുവാൻ (ഏകദേശം 3686 രൂപ) സമ്പാദിക്കണം” എന്ന കുറിപ്പോടെയാണ് കുട്ടി തുടർച്ചയായി മൂന്ന് ദിവസം തെരുവിൽ പ്രകടനം നടത്തിയത്.
തൻറെ മകൻ താൻ ചെയ്ത പ്രവൃത്തി തെറ്റാണെന്ന് തിരിച്ചറിയുന്നതിനും പണം സമ്പാദിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ശിക്ഷ താൻ നൽകിയത് എന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പിന്നീട് പ്രതികരിച്ചത്. പിതാവിൻറെ പ്രവൃത്തി ക്രൂരമായി പോയി എന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം തന്നെ ഉയർന്നു.