മക്കളെ 23 -ാം നിലയിലെ എസി യൂണിറ്റിന് മുകളിലിരുത്തി അമ്മ, എല്ലാം ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ

By Web Team  |  First Published Oct 20, 2024, 11:13 AM IST

വീടിന് സമീപത്തുള്ളവർ കുട്ടികളുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരോ സംഭവത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു.


വീട്ടിൽ മാതാപിതാക്കൾ തമ്മിൽ വഴക്ക് നടക്കുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. കുഞ്ഞുങ്ങളോട് നാം കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളിൽ‌ ഒന്നുകൂടിയാണത്. ജീവിതകാലം മുഴുവനും അവരെ പിന്തുടരുന്ന ഭയവും അനിശ്ചിതത്വവും ആയിരിക്കാം ചിലപ്പോൾ അതിന്റെ പരിണിതഫലം. 

എന്നാൽ, എത്രയൊക്കെ പറഞ്ഞാലും ചില രക്ഷിതാക്കൾക്ക് അത് മനസിലാകണം എന്നില്ല. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും വരുന്നത്. 

Latest Videos

undefined

മധ്യ ചൈനയിലെ ഒരു സ്ത്രീ ഭർത്താവിനോടുള്ള വഴക്കിന് പിന്നാലെ അയാളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചെയ്ത കാര്യം കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഭർത്താവിനോടുള്ള പക പോക്കുന്നതിന് വേണ്ടി രണ്ട് മക്കളെയും അവർ 23 -ാം നിലയിലുള്ള അപാർട്മെന്റിന് പുറത്തുള്ള എയർകണ്ടീഷണറിൽ ഇരുത്തുകയായിരുന്നു. 

ഒക്‌ടോബർ 10 -നാണ് ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിലെ സംഭവം നടന്നത്. വീടിന് സമീപത്തുള്ളവർ കുട്ടികളുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരോ സംഭവത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു. കുട്ടികളെ യാതൊരു സുരക്ഷാമുൻകരുതലുകളും ഇല്ലാതെയാണ് എസി യൂണിറ്റിന് മുകളിൽ ഇരുത്തിയിരിക്കുന്നത്. അച്ഛനെ അടുത്തേക്ക് പോകാനും അമ്മ സമ്മതിച്ചില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. പെൺകുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ സഹോദരൻ കുറച്ചുകൂടി ശാന്തനായിട്ടാണ് കാണപ്പെട്ടത്. 

അതേസമയം ദമ്പതികൾ തമ്മിലുള്ള വഴക്കിന് കാരണമെന്താണെന്ന് അറിവായിട്ടില്ല. 
ഒടുവിൽ, ഒരു അയൽവാസിയാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഒടുവിൽ അ​ഗ്നിശമനസേനയെത്തിയാണ് കുട്ടികളെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത് എന്ന് പ്രദേശത്തെ വിമെൻ ആൻഡ് ചിൽഡ്രൻസ് ഫെഡറേഷനിലെ ഉദ്യോ​ഗസ്ഥൻ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. 

വീഡിയോ ചൈനീസ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയതോടെ വലിയ രോഷമാണ് ആളുകൾക്കിടയിൽ ഉയർന്നത്. 

'അതൊരു പാമ്പാണ്, മറന്നുപോകരുത്'; കൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി, വൻ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!