50 വർഷത്തിന് മുകളിലായി അണയാത്ത തീ, കത്തിക്കൊണ്ടേയിരിക്കുന്ന ഒരു ന​ഗരം..!

By Web TeamFirst Published Jul 8, 2024, 12:39 PM IST
Highlights

1990 -കളുടെ തുടക്കത്തിലാണ് ആളുകൾ പട്ടണത്തിൽ നിന്ന് പലായനം ചെയ്തു തുടങ്ങിയത്. വിഷവാതകങ്ങളും ഭൂമിയിലെ വിള്ളലുകളും തീയും ഒക്കെ അതിന് കാരണമായി. എന്നാൽ, അഞ്ച് താമസക്കാരെങ്കിലും 2020 വരെ ഇവിടെ തുടർന്നിരുന്നു.

ഈ ലോകത്തിൽ പല പ്രേതന​ഗരങ്ങളും ഉണ്ട്. അവ ഉപേക്ഷിക്കപ്പെട്ടതിന് പിന്നിലും കാണും അനേകം കാരണങ്ങൾ. അതുപോലെ പെൻസിൽവാനിയയിലും ഉണ്ട് ഒരു പ്രേതന​ഗരം -സെൻട്രാലിയ. ഒരിക്കൽ പെൻസിൽവാനിയയിലെ ഖനനവിജയത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്ന ന​ഗരമാണിത്. ഏകദേശം 1,000 നിവാസികളുണ്ടായിരുന്നിട്ടും ഇതൊരു ഖനനകേന്ദ്രമായി മാറുകയായിരുന്നു. അവിടെയുണ്ടായിരുന്ന കൽക്കരി നിക്ഷേപം തന്നെ കാരണം. എന്നാൽ, ഇന്ന് ഇതൊരു പ്രേതന​ഗരമാണ്. ഒരിക്കലും അണയാത്ത തീയാണ് ന​ഗരത്തിന്റെ തലവര തന്നെ മാറ്റിവരച്ചത്. 

Latest Videos

1962 -ൽ സെൻട്രാലിയയിലെ കൽക്കരി ഖനികളിൽ ഒരു തീപിടിത്തമുണ്ടായി. അതിശയിപ്പിക്കുന്ന കാര്യം ഇന്നും ആ തീ അണഞ്ഞിട്ടില്ല എന്നതാണ്, അത് ഭൂമിക്കടിയിൽ കത്തിക്കൊണ്ടേയിരിക്കുകയാണത്രെ. വർഷങ്ങൾ നീണ്ട ഖനനത്തിനും തീപിടിത്തത്തിനും പിന്നാലെ ന​ഗരത്തിൽ പല അപകടങ്ങളുമുണ്ടായി. നഗരം തകരാനും പലയിടത്തും വിള്ളലുകൾ പ്രത്യക്ഷപ്പെടാനും അപകടകരമായ കാർബൺ മോണോക്സൈഡും മറ്റ് വാതകങ്ങളും വായുവിലേക്ക് പുറംതള്ളാനും തുടങ്ങി. വാഹനങ്ങളൊന്നും തന്നെ ആ ന​ഗരത്തിലേക്ക് വരാതായി. അതോടെ ന​ഗരം ഒറ്റപ്പെട്ടുപോയി. 

1990 -കളുടെ തുടക്കത്തിലാണ് ആളുകൾ പട്ടണത്തിൽ നിന്ന് പലായനം ചെയ്തു തുടങ്ങിയത്. വിഷവാതകങ്ങളും ഭൂമിയിലെ വിള്ളലുകളും തീയും ഒക്കെ അതിന് കാരണമായി. എന്നാൽ, അഞ്ച് താമസക്കാരെങ്കിലും 2020 വരെ ഇവിടെ തുടർന്നിരുന്നു. 2013 -ൽ സർക്കാർ ഇവരുമായി കരാറുണ്ടാക്കിയിരുന്നു. മരണം വരെ അവിടെ തുടരാനുള്ള അവകാശമാണ് സർക്കാർ അവർക്ക് നൽകിയത്. മരണശേഷം ആ സ്വത്ത് സർക്കാരിനായിരിക്കും എന്നും കരാറിൽ പറഞ്ഞിരുന്നു. 

എന്നാലിന്നും സെൻട്രാലിയ കാണാൻ ആളുകളെത്താറുണ്ട്. ദൂരെ വാഹനമിറങ്ങി നടന്നാണ് ഇവർ വരുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം ഇതിൽ പലരുമെത്തുന്നത് നല്ല കാരണങ്ങൾ കൊണ്ടല്ല, മറിച്ച് പല ദുരുദ്ദേശങ്ങളും വച്ചാണ്. ഒപ്പം ന​ഗരത്തിന് നാശമുണ്ടാക്കുകയും ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ, 500 വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന തീ കാണാനും ആളുകൾ ഇവിടെ എത്തുന്നു. 

ന​ഗരത്തിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ട്. ഏതുനേരവും അപകടമുണ്ടാകാമെന്നും വിള്ളലോ തീയോ ഉണ്ടാകാമെന്നും വിഷവാതകങ്ങൾ ശ്വസിക്കേണ്ടി വരുമെന്നും ഒക്കെ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

tags
click me!