തായ്‌ലൻഡ് ഗവൺമെന്റ് കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിന് വേണ്ടി മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് അപ്പോഴും എടുത്ത് പറയുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും ഒരു കുറ്റമായി തന്നെയാണ് കണക്കാക്കുക.
കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറിയിരുന്നു. ഇപ്പോഴിതാ അതിന് തൊട്ടുപിന്നാലെ ബാങ്കോക്കിൽ ഒരു കഞ്ചാവ് കഫേയും തുറന്നിരിക്കുന്നു. 2018 -ൽ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറി. 2022 ജൂണിൽ, രാജ്യം ഔദ്യോഗികമായി കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കി.
RG420 എന്ന് പേരിട്ടിരിക്കുന്ന കഞ്ചാവ് കഫേ ബാങ്കോക്കിലെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട പ്രദേശമായ ഖാവോ സാനിലാണ് ആരംഭിച്ചിരിക്കുന്നത്. നൂറുകണക്കിന് വിദേശികളും പ്രാദേശിക ഉപഭോക്താക്കളും ഇതിനകം തന്നെ ഇങ്ങോട്ട് ഒഴുകുകയാണ്.
കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കിയതിന് ശേഷം ബാങ്കോക്കിലുടനീളം ഇത്തരം നിരവധി ഔട്ട്‌ലെറ്റുകൾ ഉയർന്നുവന്നിട്ടുണ്ട്. RG420 -ന്റെ ഉടമ ഒംഗാർഡ് പന്യാചതിരാക്ഷയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരും തങ്ങളുടെ വ്യവസായം കൊവിഡ് കാലത്ത് തകർന്നടിഞ്ഞ ടൂറിസത്തേയും അതിലൂടെ സാമ്പത്തികരംഗത്തെയും പുനരുജ്ജീവിപ്പിക്കാൻ ഉതകുന്നതാകും എന്നാണ് വിശ്വസിക്കുന്നത്.
തായ്‌ലൻഡ് ഗവൺമെന്റ് കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിന് വേണ്ടി മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് അപ്പോഴും എടുത്ത് പറയുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും ഒരു കുറ്റമായി തന്നെയാണ് കണക്കാക്കുക. അത് മൂന്ന് മാസത്തെ തടവിനും $780 -പിഴയ്ക്കും ഉള്ള കാരണമായി കണക്കാക്കും.
മെഡിക്കൽ ആവശ്യത്തിനുള്ള കഞ്ചാവിന്റെ വിപണിയിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടാകും എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. മെഡിക്കൽ ടൂറിസം വ്യവസായം ഇപ്പോൾ തന്നെ ഇവിടെ നല്ല വികസനത്തിലാണ്. മാത്രമല്ല ഇവിടുത്തെ ഉഷ്ണമേഖലാ കാലാവസ്ഥ കഞ്ചാവ് വളർത്തുന്നതിന് അനുയോജ്യവുമാണ്.
കഞ്ചാവ് വളർത്തുന്ന ആളുകൾ PlookGanja എന്ന സർക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഏകദേശം 100,000 ആളുകൾ ആപ്പിൽ സൈൻ അപ്പ് ചെയ്‌തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പൈസാൻ ദൻഖും പറഞ്ഞു.