കുട്ടി തന്‍റെതല്ലെന്ന് നിരന്തര കുറ്റപ്പെടുത്തലുകളില്‍പ്പെട്ട് അച്ഛന്‍ കടുത്ത മദ്യപാനിയായി മാറി. ഇതോടെ അമ്മയും മകളും താമസം മാറ്റി. പുതിയ സ്കൂളില്‍ വച്ച് പരിചയപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ക്ക് തോന്നിയ സംശയം വലിയൊരു സംശയമാണ് ദൂരീകരിച്ചത്. (പ്രതീകാത്മക ചിത്രം; ഗെറ്റി)
'1000 ബേബീസ്' എന്ന മലയാളം ഒടിടി സീരീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇറങ്ങിയത്. ആശുപത്രിയിലെ ഹെഡ് നേഴ്സ് തന്‍റെ ജോലി സമയത്ത് ജനിക്കുന്ന കുട്ടികളെ പരസ്പരം വച്ച് മാറുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സീരീസിന്‍റെ ഇതിവൃത്തം. സമാനമായ ഒരു സംഭവം വിയറ്റ്നാമില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൗമാരക്കാരിയായ മകള്‍ക്ക് മതാപിതാക്കളുമായി സാദൃശ്യമില്ലെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ചെറുപ്പത്തില്‍ ആശുപത്രിയില്‍ വച്ച് കുട്ടി മാറിപ്പോയതാണെന്ന് കണ്ടെത്തലിലേക്ക് ഒരു കുടുംബ എത്തിചേര്‍ന്നു. എന്നാല്‍ ഇതിനിടെ ആ കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുകയും കുടുംബം തകർച്ചയെ നേരിടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മകളുമായി തനിക്ക് സാദൃശ്യമൊന്നുമില്ലെന്ന നിരന്തര കുറ്റപ്പെടുത്തലുകള്‍ കുട്ടിയുടെ അച്ഛനെ കടുത്ത മദ്യപാനിയാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ കുടുംബം സാമ്പത്തികമായി തകർച്ച നേരിട്ടു. വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു. അദ്ദേഹം തന്‍റെ ഭാര്യയെ സംശയിച്ചു. പിന്നാലെ ഭാര്യ ഹോംഗും മകള്‍ ലാനും ഹോചിമിന്‍ സിറ്റിയിലെ അവരുടെ വീട് വിട്ട് ഹനോയിയിലേക്ക് താമസം മാറാന്‍ നിർബന്ധിതരായി. ലാന്‍ അവിടെ ഒരു സ്കൂളില്‍ പഠനത്തിനായി ചേര്‍ന്നപ്പോഴാണ് സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം വ്യക്തമായതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ൃപുതിയ സ്കൂളിൽ വച്ച് ലാൻ തന്‍റെ ജന്മദിനം ആഘോഷിക്കാനായി തയ്യാറെടുക്കുമ്പോഴാണ് അതേ ദിവസം ജന്മദിനമുള്ള സ്കൂളിലെ തന്നെ മറ്റൊരു കുട്ടിയെ പരിചയപ്പെട്ടത്. അങ്ങനെ ഇരുവരും ഒരു മിച്ച് തങ്ങളുടെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു. പരിപാടിയില്‍ വച്ച് സുഹൃത്തിന്‍റെ അമ്മ ലാനിനെ കണ്ടപ്പോള്‍ തന്‍റെ ഇളയ കുട്ടിയുമായി അവള്‍ക്ക് ഏറെ സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ലാനിന്‍റെയും സുഹൃത്തിന്‍റെയും ഡിഎന്‍എ പരിശോധന നടത്താന്‍ കുടുംബങ്ങള്‍ തയ്യാറായി. ഇരുകുട്ടികളുടെയും ഡിഎന്‍എ പരിശോധനാ ഫലം പരിശോധിച്ചപ്പോഴാണ് ആശുപത്രിയില്‍ വച്ച് കുട്ടികള്‍ മാറിപ്പോയതായി ഇരുകുടുംബങ്ങള്‍ക്കും വ്യക്തമായത്. അവിശ്വസനീയമായ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇരുകുടുംബങ്ങളും ഏറെ പണിപ്പെട്ടെന്നും കുറ്റകരമായ അനാസ്ഥയ്ക്ക് ആശുപത്രിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് രണ്ട് കുടുംബങ്ങളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍റെ ജീവിതം വിയറ്റ്നാമീസ് സമൂഹ മാധ്യമങ്ങളില്‍ രാജ്യത്തെ ആശുപത്രി സംവിധാനങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്.