ആ തമിഴ് യുവാവ് വിൽക്കുന്ന ഞാവൽപ്പഴത്തിന് ചവർപ്പില്ല, നന്മയുടെ മധുരം; വൈറൽചിത്രത്തെ കുറിച്ച് അരുൺ ശ്രീധര്‍

By Web Team  |  First Published Jun 14, 2024, 10:45 AM IST

യാത്രക്കാരന്റെ വിഷമത്തിനു മുന്നിൽ തമിഴ് ചെറുപ്പക്കാരന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, തന്റെ മഴക്കോട്ട് ഊരി ആ അപരിചിതന് നൽകി അയാളെ യാത്രയാക്കി. ഇതു പറയുമ്പോൾ നനഞ്ഞൊട്ടിയ പ്രഭുവെന്ന ആ യുവാവിന്റെ മുഖത്ത് സംതൃപ്തിയുടെ ചിരി.


നന്മ വറ്റിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അപരിചിതനെ പോയിട്ട് പരിചിതനെ പോലും സഹായിക്കാൻ മടിക്കുന്ന കാലമാണിത്. എന്നാൽ, അപ്പോഴും നന്മയുടേയും കരുണയുടേയും ഉറവ വറ്റിയിട്ടില്ലാത്ത ചില മനുഷ്യരെ അപൂർവമായെങ്കിലും കാണാം. അതുകൊണ്ടായിരിക്കണം ഈ ലോകം ചിലപ്പോൾ ഇങ്ങനെ നിലനിൽക്കുന്നത്. അതിന്റെ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങൾ. 

മലയാള മനോരമയുടെ പിക്ചർ എഡിറ്ററായ അരുൺ ശ്രീധർ പകർത്തിയ ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മനോഹാരിത കൊണ്ട് മാത്രമല്ല, അതിന് പിന്നിലെ കഥ കൊണ്ടുകൂടിയാണ്. തോരാമഴയത്ത് വഴിയോരത്ത് ഞാവൽ വിൽക്കുന്ന ഒരു ചെറുപ്പക്കാരനും അപരിചിതനായ ഒരു യുവാവുമാണ് ചിത്രങ്ങളിൽ. തന്‍റെ ആരുമല്ലാത്ത, അതുവരെയറിയാത്ത ആ യുവാവിന്, അയാളുടെ അവസ്ഥ മനസിലാക്കി തന്റെ റെയിൻകോട്ട് ഊരിക്കൊടുത്ത് മഴ നനയുകയാണ് ഞാവൽപ്പഴം വിൽക്കുന്ന ചെറുപ്പക്കാരൻ. ആ കഥയാണ് അരുൺ ശ്രീധർ പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

ചിത്രങ്ങൾ വൈറലായതോടെ അത് പകർത്തിയ അരുൺ ശ്രീധറിന് പറയാനുണ്ടായിരുന്നത് ഇതാണ്: ''നന്മകൾ കുറഞ്ഞുവരുന്ന, ഇത്തരം കാഴ്ചകൾ കാണാനില്ലാത്ത ഒരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടാണ് ഈ കാഴ്ച കൗതുകമായി മാറുന്നത്. ചിത്രത്തിൽ അപരിചിതനായ യുവാവിനെ സഹായിക്കുന്നത് ഒരു തമിഴ് ചെറുപ്പക്കാരനാണ്. മലയാളിക്ക് നന്മ കുറവാണെങ്കിൽ തമിഴർക്ക് അത് ആവോളമുണ്ട്. ഒരു മലയാളി ഇങ്ങനെ ചെയ്യുമോ എന്ന് എനിക്ക് സംശയമാണ്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പിന്നിലെ കഥകൊണ്ട് കൂടിയാവണം.''

ഇനി വൈറലായ ആ പോസ്റ്റ് വായിക്കാം:  

ചോദിക്കുന്നവർക്കൊക്കെ ഒരേ സംശയം, ഈ ചിത്രം എങ്ങിനെ കണ്ടെത്തിയെന്ന്. സിംപിളാണ് കാര്യം. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ പെരുമഴ. തോപ്പുംപടി വോക്ക് വേ കഴിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ വഴിയിൽ ഞാവൽപ്പഴം വിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. വലിയ കുടയുണ്ടെങ്കിലും, വീശിയടിക്കുന്ന കാറ്റിൽ മഴ നനയാതിരിക്കാൻ മഴക്കോട്ടു ധരിച്ചാണ് അയാൾ‌ ഇരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഒരു കളർഫുൾ മഴപ്പടം. സെക്കന്റുകൾ കൊണ്ട് എടുക്കാവുന്ന പടമാണെങ്കിലും, ഗ്ലാസിൽ മഴത്തുള്ളികളോട്  ടാറ്റ പറയുന്ന വൈപ്പറുകൾക്കിടയിലൂടെ പടമെടുക്കാൻ കുറച്ചു സമയം എടുത്തു. 

ഈ സമയം ഒരു ബൈക്ക് യാത്രക്കാരൻ മഴയത്ത് വണ്ടി നിറുത്തി ഓടി കുടക്കീഴിൽ കയറി. കുറച്ചു സമയം കഴിഞ്ഞു, കച്ചവടക്കാരൻ തന്റെ മഴക്കോട്ട്  ഊരി കുടഞ്ഞ് ബൈക്ക് യാത്രക്കാരന് നൽകുന്നു. അയാൾ അതു ധരിച്ച് തിരക്കുപിടിച്ച് ഓടി ബൈക്കിൽ കയറി പോകുന്നു. കച്ചവടക്കാരൻ തിരിച്ചു വന്ന് കസേരയിലിരുന്നു. തണുത്ത കാറ്റും മഴത്തുള്ളികളും അയാളെ നനച്ചു. അതൊന്നും ശ്രദ്ധിക്കാതെ അയാൾ ഞാവൽപ്പഴത്തിന്റെ ആവശ്യക്കാരെ കാത്തിരുന്നു.

എനിക്ക് കൗതുകമായി. കാറോടിച്ച്  ഞാൻ അയാൾക്കരുകിൽ എത്തി. മഴ കനത്തു. കാറിനുള്ളിലിരുന്നു ഞാൻ അയാളോട് തിരക്കി. അയാൾ പറഞ്ഞു, മഴയത്തെത്തിയ ബൈക്ക് യാത്രികന് വളരെ അത്യാവശ്യമായി എവിടെയോ എത്തണം. അയാളുടെ യാത്ര മുടക്കി മഴ നിറുത്താതെ പെയ്യുകയാണ്. അസ്വസ്ഥനായ അയാൾ തന്റെ നിസഹായവസ്ഥ കച്ചവടക്കാരനോട് പറഞ്ഞുകൊണ്ടിരുന്നു. യാത്രക്കാരന്റെ വിഷമത്തിനു മുന്നിൽ തമിഴ് ചെറുപ്പക്കാരന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, തന്റെ മഴക്കോട്ട് ഊരി ആ അപരിചിതന് നൽകി അയാളെ യാത്രയാക്കി. ഇതു പറയുമ്പോൾ നനഞ്ഞൊട്ടിയ പ്രഭുവെന്ന ആ യുവാവിന്റെ മുഖത്ത് സംതൃപ്തിയുടെ ചിരി. നന്മയുടെ ഒരു വലിയ മരം എന്റെ മുന്നിൽ നിൽക്കുന്നു. അതിനു കീഴിലെ ഞാവൽപ്പഴത്തിന് ചവർപ്പല്ല മധുരം മാത്രം.

- അരുൺ
 

tags
click me!