പച്ചപിടിച്ചാല്‍ ആസ്വദിച്ചു ഭരിക്കാം, ഇല്ലെങ്കില്‍ നിലംപതിക്കാം; മുന്നണി പരീക്ഷണങ്ങളുടെ ഭാവി

By Web TeamFirst Published Jul 8, 2024, 1:10 PM IST
Highlights

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ലാണ് രാജ്യത്ത് ആദ്യമായി മുന്നണി സംവിധാനത്തിലൂടെ സര്‍ക്കാരുണ്ടായത്.

സഖ്യ സര്‍ക്കാരുകള്‍ പലപ്പോഴും അസ്ഥിരതകളുടെ കൂട്ടായ്മയാണ്. അഞ്ച് വര്‍ഷം തികച്ചു ഭരിക്കുന്നതിന്റെ കണക്ക് പരിശോധിച്ചാല്‍  വിജയശതമാനം കുറവാണ്. 1977 മുതല്‍ 91 വരെയുളള കാലയളവില്‍ നാല് സഖ്യ സര്‍ക്കാരുകള്‍ ഇന്ത്യ ഭരിച്ചു. നാല് പ്രധാനമന്ത്രിമാര്‍. എന്നാല്‍, ഇവരാരും അഞ്ച് വര്‍ഷം തികച്ചില്ല. 91-ല്‍ പി വി നരസിംഹ റാവു ആണ് അഞ്ച് വര്‍ഷം തികച്ച പ്രധാനമന്ത്രി. 96 മുതല്‍ 98 വരെ മൂന്ന് പ്രധാനമന്ത്രിമാരുണ്ടായി. ഇതില്‍ 98-ല്‍ എ.ബി വാജ്‌പേയി 13 ദിവസം മാത്രമാണ് പ്രധാനമന്ത്രിയായത്.

 

Latest Videos

 

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയതലത്തില്‍ മുന്നണി ഭരണം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. 2014-ലും 2019-ലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ മുന്നണി ഭരണമെന്നത് മറന്ന മട്ടായിരുന്നു. തനിച്ച് ഭൂരിപക്ഷം കിട്ടിയെങ്കിലും മുന്നണി മര്യാദ അനുസരിച്ച് ബിജെപി എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയിരുന്നു. എന്നാലും പൊതുവില്‍ ബിജെപി സര്‍ക്കാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലക്ഷ്യമിട്ട് മത്സരിച്ച ബിജെപിക്ക് ഫലം വന്നപ്പോള്‍ എന്നാല്‍, നിരാശയായിരുന്നു ബാക്കി. കേവല ഭൂരിപക്ഷമായ 272 തികയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.  എന്‍ഡിഎ മുന്നണി എന്ന നിലയിലായിരുന്നു അധികാരത്തിലേക്കുളള ബിജെപിയുടെ മൂന്നാംവരവ്. 1962-ന് ശേഷം കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന പാര്‍ട്ടിയായി ബിജെപി മാറിയപ്പോഴും തനിച്ച്  ഭൂരിപക്ഷമില്ലാത്തത് വിജയത്തിന്റെ നിറം കെടുത്തി. ജെഡിയു, ടിഡിപി  പാര്‍ട്ടികളുടെ 'ആയാ റാം ഗയാറാം' നിലപാടുകള്‍ അതിവിദൂര ഭാവിയില്‍ എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍. ഘടകകക്ഷി സമര്‍ദ്ദങ്ങളില്‍ ബിജെപി വലഞ്ഞു തുടങ്ങുമെന്നും അവര്‍ മനക്കോട്ട കെട്ടുന്നു. 


മുന്നണി എന്ന പരീക്ഷണം
ഇന്ത്യയില്‍ മുന്നണി ഭരണം ഒരു പുതിയ കാര്യമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ച 1960-കള്‍ക്ക് ശേഷം ദേശീയ- സംസ്ഥാന തലങ്ങളിലെല്ലാം മുന്നണി രാഷ്ട്രീയം ശക്തി പ്രാപിച്ചു. 1947-ല്‍ രാജ്യം സ്വതന്ത്ര്യമായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ലാണ് രാജ്യത്ത് ആദ്യമായി മുന്നണി സംവിധാനത്തിലൂടെ സര്‍ക്കാരുണ്ടായത്. കോണ്‍ഗ്രസിതര പാര്‍ട്ടികളെ കോര്‍ത്തിണക്കി ജനതാ പാര്‍ട്ടിയാണ് മുന്നണിക്ക് രൂപം നല്‍കിയത്. പിന്നീടിങ്ങോട്ട് ഇത്തരം മുന്നണി സംവിധാനങ്ങള്‍ തുടര്‍ന്നു. 

സാധാരണ ഗതിയില്‍ രണ്ട് തരത്തിലാണ് മുന്നണി രൂപീകരണം. തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കി മത്സരിക്കുക എന്നതാണ് ഇതിലൊന്ന്. രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തിക്കനുസരിച്ച് സീറ്റ് വീഭജനം നടത്തി മത്സരിക്കുന്നതാണ് ഈ രീതി. തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യമാണ് രണ്ടാമത്തേത്. തൂക്കുസഭയാണ് എങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കാന്‍ സമാന പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കുന്ന രീതിയാണ് ഇത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തരം മുന്നണി സംവിധാനങ്ങളുടെ  പ്രവര്‍ത്തനം. മന്ത്രിസ്ഥാനങ്ങളെല്ലാം എംപിമാരുടെ എണ്ണത്തിന് അനുസരിച്ച് വീതം വെയ്ക്കും. കേന്ദ്രം ഭരിച്ച മുന്നണികളുടെ വിവരങ്ങള്‍ ചുവടെ. 

പ്രധാനപ്പെട്ട മുന്നണികള്‍ 
..........................
ജനതാ പാര്‍ട്ടി സര്‍ക്കാര്‍ (1977- 1979)
പ്രധാനമന്ത്രി- മൊറാര്‍ജി ദേശായി

ജനതാപാര്‍ട്ടി സെക്യുലര്‍ (1979-80)
പ്രധാനമന്ത്രി- ചരണ്‍ സിങ്

നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ (1989-90)
പ്രധാനമന്ത്രി -വി പി സിങ് 

ജനതാദള്‍ സോഷ്യലിസ്റ്റ് (1990-91)
പ്രധാനമന്ത്രി ചന്ദ്രശേഖര്‍

കോണ്‍ഗ്രസ് സഖ്യം (1991-96)
പ്രധാനമന്ത്രി പി വി നരസിംഹ റാവു 

യൂണൈറ്റഡ് ഫ്രണ്ട് (1996-97)
പ്രധാനമന്ത്രി - എച്ച് ഡി ദേവഗൗഡ

യുണൈറ്റഡ് ഫ്രണ്ട് (1997-98)
പ്രധാനമന്ത്രി ഐ കെ ഗുജറാള്‍

എന്‍ഡിഎ (1997-98)
പ്രധാനമന്ത്രി എ ബി വാജ്‌പേയി

എന്‍ഡിഎ (1999-2004)
പ്രധാനമന്ത്രി എ ബി വാജ്‌പേയി

യുപിഎ (2004-2014)
പ്രധാനമന്ത്രി -മന്‍മോഹന്‍ സിങ്

എന്‍ഡിഎ (2014-2024)
പ്രധാനമന്ത്രി നരേന്ദ്രമോദി

ചീട്ടുകൊട്ടാരങ്ങള്‍ വീഴുന്ന വിധം

സഖ്യ സര്‍ക്കാരുകള്‍ പലപ്പോഴും അസ്ഥിരതകളുടെ കൂട്ടായ്മയാണ്. അഞ്ച് വര്‍ഷം തികച്ചു ഭരിക്കുന്നതിന്റെ കണക്ക് പരിശോധിച്ചാല്‍  വിജയശതമാനം കുറവാണ്. 1977 മുതല്‍ 91 വരെയുളള കാലയളവില്‍ നാല് സഖ്യ സര്‍ക്കാരുകള്‍ ഇന്ത്യ ഭരിച്ചു. നാല് പ്രധാനമന്ത്രിമാര്‍. എന്നാല്‍, ഇവരാരും അഞ്ച് വര്‍ഷം തികച്ചില്ല. 91-ല്‍ പി വി നരസിംഹ റാവു ആണ് അഞ്ച് വര്‍ഷം തികച്ച പ്രധാനമന്ത്രി. 96 മുതല്‍ 98 വരെ മൂന്ന് പ്രധാനമന്ത്രിമാരുണ്ടായി. ഇതില്‍ 98-ല്‍ എ.ബി വാജ്‌പേയി 13 ദിവസം മാത്രമാണ് പ്രധാനമന്ത്രിയായത്. 99-ല്‍ എന്‍ഡിഎ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ലോക്‌സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനിറങ്ങി. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ അമിത ആത്മവിശ്വാസത്തോടെ നേരിട്ട ബിജെപിയ്ക്കും വാജ്‌പേയിയ്ക്കുമേറ്റ തിരിച്ചടിയായിരുന്നു ഫലം. 

പിന്നീട് 2004 -ല്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുളള യുപിഎ സര്‍ക്കാര്‍ 10 കൊല്ലം ഭരിച്ചു. 2014 മുതല്‍ ബിജെപിയും കാലാവധി തികച്ചു തന്നെയാണ് രണ്ട് ടേം പൂര്‍ത്തിയാക്കിയത്. 20204-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 240 സീറ്റോടെ  ബിജെപി ഏറ്റവും കൂടുതല്‍ എംപിമാരുളള പാര്‍ട്ടിയായി. എന്‍ഡിഎ സഖ്യത്തിനാകെ 293 എംപിമാരുണ്ട്. ടിഡിപി 16, ജെഡിയു 12, ശിവസേന 7, എല്‍ജെപി 5, ആര്‍ എല്‍ ഡി 2 , ജനതാതദള്‍ സെക്യുലര്‍ 2 എന്നിങ്ങനെയാണ് എന്‍ഡിഎയിലെ മറ്റു സഖ്യകക്ഷികളുടെ സീറ്റ്. മറ്റ് എഴ് ചെറുപാര്‍ട്ടികള്‍ക്കായി ഏഴ് സീറ്റുകളും ഉണ്ട്.

നിലവില്‍ എന്‍ഡിഎ മുന്നണിക്ക് വലിയ പ്രതിസന്ധികള്‍ ഇല്ലെങ്കിലും വരാനിക്കുന്ന മഹാരാഷ്ട്ര, ബിഹാര്‍ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. ആന്ധ്രയ്ക്കും ബിഹാറിനുമായി പ്രത്യേക പദവിയെ പാക്കേജോ ആവശ്യപ്പെടുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും സമ്മര്‍ദം ശക്തമാക്കിയാല്‍ ബിജെപിക്ക് തലവേദനയാകും. ജാതി സെന്‍സസ് നടത്തണമെന്ന ജെഡിയു ആവശ്യത്തോട് ബിജെപി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചന്ദ്രാബു നായിഡുവും നിതീഷും നടത്തുന്ന നീക്കങ്ങള്‍ ആയിരിക്കും എന്‍ഡിഎ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുക

പിന്‍കുറിപ്പ്
കാലങ്ങളായി മുന്നണി സംവിധാനം നിലവിലുളള കേരളത്തില്‍ സിപിഎമ്മിന് തനിച്ച് ഭൂരിപക്ഷം ഇല്ല. കേവല ഭൂരിപക്ഷത്തിന് 71 സീറ്റ് വേണമെന്നിരിക്കെ സിപിഎമ്മിനുളളത് 62 എംഎല്‍എമാരാണ്. സിപിഐയ്ക്ക് 17 സീറ്റുണ്ട്. കേരളാ കോണ്‍ഗ്രസ്, എന്‍സിപി ജെഡിഎസ് എന്നിവരാണ് എല്‍ഡിഎഫ് സഖ്യത്തിലെ മറ്റു പ്രധാന പാര്‍ട്ടികള്‍.
 

click me!