55 വർഷം നീണ്ട ദുരൂഹതയ്ക്ക് ഒടുവിൽ മറനീക്കിയെത്താൻ 'നൂൻഗാഹ്'; കപ്പലിനൊപ്പം കടലെടുത്തത് 21 ജീവനുകൾ

By Web Team  |  First Published Jul 26, 2024, 12:27 PM IST

1969ൽ കപ്പലിലുണ്ടായിരുന്ന 26 പേരിൽ 21 പേരെയും മരണത്തിന് വിട്ടു നൽകി മുങ്ങിപ്പോയ എം വി നൂൻഗാഹ് എന്ന കപ്പലിന്റെ അവശിഷ്ടമാണ് വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയത്. 233 അടി നീളമുള്ള ചരക്കുകപ്പൽ കടൽക്ഷോഭത്തിലാണ് തകർന്നത്


ന്യൂ സൌത്ത് വെയിൽസ്: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തത്തിന്റെ ദുരൂഹതയ്ക്ക് 55 വർഷത്തിന് ശേഷം അവസാനം. 1969ൽ കപ്പലിലുണ്ടായിരുന്ന 26 പേരിൽ 21 പേരെയും മരണത്തിന് വിട്ടു നൽകി മുങ്ങിപ്പോയ എം വി നൂൻഗാഹ് എന്ന കപ്പലിന്റെ അവശിഷ്ടമാണ് വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയത്. 233 അടി നീളമുള്ള ചരക്കുകപ്പൽ കടൽക്ഷോഭത്തിലാണ് തകർന്നത്. ന്യൂ സൌത്ത് വെയിൽസ് തീരത്തിന് സമീപത്തായി മുങ്ങിപ്പോയ നൂൻഗാഹിന് വേണ്ടി വലിയ രീതിയിലുള്ള തെരച്ചിലാണ് ഓസ്ട്രേലിയ നടത്തിയത്. എന്നാൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല. കപ്പലിലുണ്ടായിരുന്ന 5 പേർ മാത്രമാണ് അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുങ്ങി മരിച്ചവരിൽ ഒരാളുടെ മൃതദഹം മാത്രമാണ് വ്യാപക തെരച്ചിലിൽ കണ്ടെത്തിയത്. 

ഓസ്ട്രേലിയൻ സയൻസ് ഏജൻസിയാണ് കടലിന്റ അടിത്തട്ടിൽ നടത്തിയ ഹൈ റെസല്യൂഷൻ വീഡിയോ മാപ്പിംഗിലൂടെ മുങ്ങിപ്പോയ കപ്പലിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. 1969 ഓഗസ്റ്റ് 25ന് അപകട സന്ദേശം അയച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ മുങ്ങിപ്പോയത്. ഓസ്ട്രേലിയൻ നാവിക സേന, രക്ഷാപ്രവർത്തകർ, വിമാനങ്ങൾ, കപ്പലുകൾ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കപ്പലിനൊപ്പം കാണാതായ 21 പേരുടെ വിധിയും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത കണ്ടെത്തൽ. 

Latest Videos

undefined

വർഷങ്ങൾക്ക് മുൻപ് സൌത്ത് വെസ്റ്റ് റോക്കിലെ പ്രദേശവാസികൾ സിഡ്നിയിൽ നിന്ന് 460 കിലോമീറ്റർ അകലെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതായി വിശദമാക്കിയിരുന്നു. എന്നാൽ കണ്ടെത്തിയത് നൂൻഗാഹ് തന്നെയാണോ എന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുങ്ങിത്തപ്പുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ പരിമിതികളെ തുടർന്നായിരുന്നു ഇത്. 

എന്നാൽ കഴിഞ്ഞ മാസം കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ്  നൂൻഗാഹിന്റെ അവശിഷ്ടം കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. വലിയ കേടുപാടുകളിലാത്തെ കടൽത്തറയിൽ ലംബമായിയാണ് നൂൻഗാഹിനെ കണ്ടെത്തിയത്. ജലോപരിതലത്തിൽ നിന്ന് 170 മീറ്റർ താഴ്ചയിലാണ്  കപ്പൽ കണ്ടെത്തിയിട്ടുള്ളത്.  കാണാതായ കപ്പലുകളെ കണ്ടെത്തുന്ന സിഡ്നി പ്രൊജക്ടിന്റെ ഭാഗമായി നൂൻഗാഹിനെ ഉയർത്താനുള്ള തീരുമാനത്തിലാണ് ഓസ്ട്രേലിയ.

ഇതോടെ കപ്പൽ മുങ്ങിപ്പോയതിലെ ദുരൂഹതയ്ക്ക് അവസാനം കണ്ടെത്താനാകുമെന്നാണ്  കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ അധികൃതർ വിശദമാക്കുന്നത്. കപ്പലിന്റെ സ്ഥാനം കണ്ടെത്താനായത് വലിയ രീതിയിൽ ആശ്വാസം നൽകുന്നുവെന്നാണ് കപ്പലിനൊപ്പം കാണാതായ ജീവനക്കാരുടെ ബന്ധുക്കളുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!