ഈ കൊടുമുടി കയറാന്‍ ആദ്യം 12 ലക്ഷം അടക്കണം, അതിനുള്ള കാരണമറിഞ്ഞാല്‍ ആരും ഭയക്കും!

By Web Team  |  First Published Aug 6, 2022, 6:47 PM IST

നിങ്ങള്‍ അപകടത്തില്‍ പെട്ടാല്‍, മൃതദേഹം അവിടെ ചെന്ന് എടുക്കുന്നതിനും ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഈ പണമെന്നാണ് മേയര്‍ പറയുന്നത്. 


ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മോണ്ട് ബ്ലാങ്ക്. മിക്ക പര്‍വതാരോഹകരുടെയും സ്വപ്നമാണ് അത് കീഴക്കുക എന്നത്. എന്നാല്‍ ഇനി അതെളുപ്പമല്ല. കൊടുമുടിയില്‍ കയറണമെങ്കില്‍, ആദ്യം ഒരു വന്‍തുക അതിന് ഫീസായി നല്‍കാനാണ് നഗരസഭയുടെ തീരുമാനം. വിചിത്രമായ ഒരു കാരണമാണ് അതിനായി നഗരത്തിന്റെ മേയര്‍ പറയുന്നത്. 

നിങ്ങള്‍ അപകടത്തില്‍ പെട്ടാല്‍, മൃതദേഹം അവിടെ ചെന്ന് എടുക്കുന്നതിനും ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഈ പണമെന്നാണ് മേയര്‍ പറയുന്നത്. അവിടെ പോയി നിങ്ങള്‍ എങ്ങാന്‍ തട്ടി പോയാല്‍, നിങ്ങളെ കണ്ടെത്തുന്നതിനും, മരണാന്തര ചടങ്ങുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ഈ തുക ഉപയോഗിക്കും.

Latest Videos

undefined

15,000 യൂറോവാണ് ആകെ അടക്കേണ്ട തുക. മൃതദേഹം കണ്ടെത്തുന്നതിന് 10,000 യൂറോയും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മറ്റൊരു 5,000 യൂറോയും. അതായത്, ഏതാണ്ട് പന്ത്രണ്ട് ലക്ഷം രൂപ. 

മോണ്ട്-ബ്ലാങ്കിന്റെ അടിവാരത്തുള്ള ഫ്രഞ്ച് നഗരമായ സെന്റ്-ഗെര്‍വൈസിന്റെ മേയറാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. നിങ്ങള്‍ യാത്ര പൊയ്ക്കോ, എന്നാല്‍ നിങ്ങള്‍ക്ക് എന്തേലും സംഭവിച്ചാല്‍ അടക്കം ചെയ്യാനുള്ള പണം കൂടി നല്‍കിയിട്ട് വേണം പോകാനെന്നാണ് മേയര്‍ ജീന്‍ മാര്‍ക് പീലെക്‌സിന്റെ നിലപാട്. കേട്ടാല്‍ അല്പം കടുപ്പമെന്ന് തോന്നുമെങ്കിലും, ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് മറ്റൊന്നായിരുന്നു.  

കൊടുമുടിയിലേക്കുള്ള യാത്ര തീര്‍ത്തും അപകടം നിറഞ്ഞ, സാഹസിക നിറഞ്ഞ ഒന്നാണ്. പോകുന്ന പോക്കില്‍ എന്തും സംഭവിക്കാം. തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. അതിന് പുറമെ ഇപ്പോള്‍ അവിടെ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുന്നു. ഈ കാലാവസ്ഥയില്‍ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം. പാറ ഇടിയുമ്പോള്‍ മലകയറ്റം കൂടുതല്‍ അപകടകരമായി തീരുന്നു. ഇക്കാരണത്താല്‍, പ്രാദേശിക മൗണ്ടന്‍ ഗൈഡിംഗ് കമ്പനികള്‍ അവരുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്ന പാതകള്‍ എല്ലാം അടക്കുകയും ചെയ്തു. 

എന്നാല്‍ ഈ ഭയാനകമായ സാഹചര്യങ്ങള്‍ക്കിടയിലും, ചില പര്‍വതാരോഹകര്‍ നിരോധനം മറികടന്ന് എങ്ങനെയും കൊടുമുടി കയറാന്‍ ശ്രമിക്കുകയാണ്. ജൂലൈ ആദ്യം, പതിനൊന്ന് പേര്‍ ഇവിടെയുണ്ടായ കനത്ത ഉരുള്‍ പൊട്ടലില്‍ മരിച്ചു. ജൂലൈ മുപ്പതിനും ഒരു കൂട്ടം യാത്രികരെ പൊലീസ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയുണ്ടായി. അതിന് ശേഷവും അവിടേയ്ക്ക് യാതൊരു ശ്രദ്ധയും, മുന്‍കരുതലുമില്ലാതെ കയറി പോകുന്നവര്‍ നിരവധിയാണ്. 

ഇങ്ങനെ പോയി എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍, അവരെ കണ്ടെത്താനും, മരണാന്തര കര്‍മങ്ങള്‍ ചെയ്യാനും പണം ചിലവാക്കുന്നത് സര്‍ക്കാരാണ്. അതായത് നികുതി അടക്കുന്ന സാധാരണ ജനങ്ങളുടെ പോക്കറ്റില്‍ നിന്നാണ് അതിനുള്ള പണം മുഴുവന്‍ ചിലവാകുന്നത്. അതുകൊണ്ടാണ് മുന്‍കരുതലുകളില്ലാതെ, നിയമങ്ങള്‍ കാറ്റില്‍ പറത്തി തീര്‍ത്തും നിരുത്തരവാദിത്വത്തോടെ കൊടുമുടി കയറാന്‍ ശ്രമിക്കുന്നവരെ തടുക്കാന്‍ ഇങ്ങനെയൊരു നിയമം കൊണ്ട് വന്നതെന്നാണ് മേയര്‍ ട്വീറ്റ് ചെയ്തത്.   

'വിഡ്ഢികള്‍ നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അനന്തരഫലങ്ങളുണ്ടാകുമെന്ന് എല്ലാവരും അറിയണം'- അദ്ദേഹം പറയുന്നു. അതേസമയം പണം അടച്ചാല്‍ ആര്‍ക്ക് വേണമെങ്കിലും പോകാമെന്നും, അവരെ തടയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!