കഴിഞ്ഞ സീസണില്‍ തകര്‍ന്നടിഞ്ഞ കെകെആറിനെ കൈപിടിച്ചുയര്‍ത്തിയത് ഗംഭീറിന്റെ വരവാണെന്നതില്‍ സംശയമില്ല.
കൊല്‍ക്കത്ത: ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ താരങ്ങളെക്കാള്‍ നിറഞ്ഞു നില്‍ക്കുന്നത് മെന്റര്‍ ഗൗതം ഗംഭീറാണ്. എന്നാല്‍ കൊല്‍ക്കത്തയെ കിരീടത്തില്‍ എത്തിക്കുന്നതില്‍ ഗംഭീറിനൊപ്പം നിര്‍ണായക പങ്കുവഹിച്ച മൂന്നുപേര്‍ കൂടി പരിശീലക സംഘത്തിലുണ്ട്. ശ്രേയസ് അയ്യരും സംഘവും ഐപിഎല്‍ കിരീടം സ്വന്തമാക്കിയെങ്കിലും മുന്നിലും പിന്നിലും തിളങ്ങിനില്‍ക്കുന്നത് മെന്റര്‍ ഗൗതം ഗംഭീറും ടീം ഉടമ ഷാരൂഖ് ഖാനും.
കഴിഞ്ഞ സീസണില്‍ തകര്‍ന്നടിഞ്ഞ കെകെആറിനെ കൈപിടിച്ചുയര്‍ത്തിയത് ഗംഭീറിന്റെ വരവാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഗംഭീറിനൊപ്പം മുഖ്യ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും സഹപരിശീലകന്‍ അഭിഷേക് നായരും ബൗളിംഗ് കോച്ച് ഭരത് അരുണും വിജയ വഴിയില്‍ നിര്‍ണായക പങ്കുവഹിച്ചു. യുവതാരങ്ങളെ ടീമിലേക്ക് തെരഞ്ഞെടുത്തതും മത്സര സജ്ജമാക്കിയതും ആത്മവിശ്വാസം നല്‍കിയതുമെല്ലാം അഭിഷേക് നായര്‍.
undefined
വൈഭവ് അറോറയും ഹര്‍ഷിത് റാണയും രമണ്‍ദീപ് സിംഗുമെല്ലാം വിജയശില്‍പികളായി ഉയര്‍ന്നതിന്റെയും നിറംമങ്ങിയ വെങ്കിടേഷ് അയ്യരെ ഫോമിലേക്ക് എത്തിച്ചതും വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിംഗ് മൂര്‍ച്ച കൂട്ടിയതും അഭിഷേകിന്റെ പിന്തുണയോടെ. ടീമിനായി ഇന്ത്യന്‍ താരങ്ങളുടെ മികവ് പൂര്‍ണമായി ചോര്‍ത്തിയെടുത്തത് അഭിഷേക് നായരാണെന്ന് വെങ്കടേഷ് അയ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. ബ്രണ്ടന്‍ മക്കല്ലത്തിന് പകരം മുഖ്യ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ് നടപ്പാക്കിയ കര്‍ശന അച്ചടക്ക ശൈലി കൊല്‍ക്കത്തയെ കെട്ടുറപ്പുള്ള സംഘമാക്കി.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടീം കൊല്‍ക്കത്തയാണെന്നത് ബൗളിംഗ് കോച്ച് ഭരത് അരുണിന്റെ മികവും വ്യക്തമാക്കുന്നു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറകിടന്നു.