ആശ്രയമറ്റ അവസ്ഥയിലായിരുന്നു രണ്ടുപേരും. എന്നാല്‍, ഇരുവരുടെയും വിധി രണ്ടായിരുന്നു. ഒരാള്‍, കേരളത്തിന്റെ കനിവിലൂടെ നഷ്ടപ്പെട്ട സ്വന്തം ജീവിതം വീണ്ടെടുത്തു. മറ്റേയാള്‍ക്ക് നിത്യജീവിതപ്പെരുക്കങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ടു- നൗഫല്‍ ബിന്‍ യൂസഫ് എഴുതുന്നു. ഫോട്ടോസ്:: വിപിന്‍ മുരളി
ഇത് രണ്ട് സ്ത്രീകളുടെ കഥയാണ്. റിപ്പോര്‍ട്ടിംഗ് ജീവിതത്തിനിടെ മുന്നിലേക്ക് വന്ന രണ്ട് സ്ത്രീകള്‍. സീത ഖനാല്‍ എന്ന നേപ്പാളി സ്ത്രീ. ജിയ ലോട്ട് എന്ന മറാത്തി സ്ത്രീ. ആരോരുമില്ലാത്ത നിലയില്‍ തെരുവില്‍നിന്നും കണ്ടെത്തിയതായിരുന്നു ഇരുവരെയും. ആശ്രയമറ്റ അവസ്ഥയിലായിരുന്നു രണ്ടുപേരും. എന്നാല്‍, ഇരുവരുടെയും വിധി രണ്ടായിരുന്നു. ഒരാള്‍, കേരളത്തിന്റെ കനിവിലൂടെ നഷ്ടപ്പെട്ട സ്വന്തം ജീവിതം വീണ്ടെടുത്തു. മറ്റേയാള്‍ക്ക് നിത്യജീവിതപ്പെരുക്കങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ടു. രണ്ടിനും വഴിയൊരുക്കിയത് നമ്മുടെ നാടാണ്. ഇവിടത്തെ സ്ത്രീസുരക്ഷാ സംവിധാനങ്ങളാണ്. കനിവുള്ള ചില മനുഷ്യരാണ് സീതയ്ക്ക് പുനര്‍ജന്‍മം നല്‍കിയത്. കരുണയില്ലാത്ത ചില മനസ്സുകള്‍ ജിയ ലോട്ടിന് മരണത്തിലേക്കുള്ള വഴി തുറന്നു.
ഒന്നാമത്തെ സ്ത്രീ: ലക്ഷ്മി എന്ന സീത ഖനാല്‍
undefined
സീത ഖനാല്‍
''ക്ഷമയോടെ കാത്തുനില്‍ക്കുക. എല്ലാം ശരിയായ നിമിഷത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും''
ശ്രീ ബുദ്ധന്‍
2015 ഫെബ്രുവരി 17. പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്താണ് നാട്ടുകാര്‍ അവരെ ആദ്യം കാണുന്നത്. 45 വയസ് തോന്നിക്കും. സ്വന്തം പേരോര്‍മ്മയില്ല, നാടേതാണെന്നറിയില്ല. സംസാരം ഹിന്ദിയോട് സാമ്യമുള്ള ഏതോ ഭാഷ. പൊലീസ് അവരെ പിലാത്തറയിലെ സാന്ത്വന കേന്ദ്രമായ 'ഹോപ്പി'ലേക്ക് കൊണ്ട്‌പോയി.
മാനേജിംഗ് ട്രസ്റ്റി ജയമോഹന്‍ അവര്‍ക്കൊരു പുതിയ പേര് നല്‍കി- ലക്ഷ്മി. കടുത്ത മാനസിക അസ്വാസ്ഥ്യം ആയിരുന്നു അന്ന് ലക്ഷ്മിക്ക്. രാത്രികാലങ്ങളില്‍ ആരെയും കാണാതെ ഇറങ്ങി ഏതെങ്കിലും കുറ്റിക്കാട്ടില്‍ പോയി കിടന്നുറങ്ങും. രാവിലെയായാല്‍ ഹോപ്പിലെ അന്തേവാസികള്‍ എല്ലായിടവും അന്വേഷിച്ച് ആളെ കണ്ടെത്തും. മൂന്ന് തവണ അങ്ങനെ സംഭവിച്ചു. പിന്നെ ലക്ഷ്മിയെ അവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചു. പതിയെ പതിയെ ആ ജീവിതത്തില്‍ സമാധാനത്തിന്റെ വെളിച്ചം വീശിത്തുടങ്ങി.
''ആരോടും വഴക്കിന് പോകില്ല. എന്ത് ജോലി ചെയ്യാനും ഉത്സാഹം. പെണ്‍കുട്ടികളോട് വല്ലാത്ത വാത്സല്യമാണ്. ചില ദിവസങ്ങള്‍ രാവിലെ കരഞ്ഞ മുഖവുമായി ഇരിക്കുന്നത് കാണാം. ചോദിച്ചാല്‍ പറയും ഉറക്കത്തില്‍ ഭര്‍ത്താവിനെയും കുട്ടികളെയും സ്വപ്നം കണ്ടു എന്ന്. പക്ഷെ അവരുടെ പേരോ നാടോ ചോദിച്ചാല്‍ സങ്കടത്തോടെ എന്നെത്തന്നെ ഉറ്റ് നോക്കും'' -ഹോപിലെ നഴ്‌സായ മോളി ഓര്‍ക്കുന്നു.
ജസ്റ്റിന നിവില്‍
സീതയെ കണ്ടെത്തിയ പെണ്‍കുട്ടി
ജീവിതം മറിക്കുന്ന ഒരാള്‍ എന്നെങ്കിലും വരും എന്ന് പറയാറില്ലേ. അങ്ങനെ ഒരാള്‍ ആ ജീവിതത്തിലും എത്തി. കോട്ടയം
ഹോളിക്രോസ് കോളേജില്‍ എംഎസ്ഡബ്‌ള്യൂ പഠിക്കുന്ന ജസ്റ്റിന നിവില്‍. ഇന്റേണ്‍ഷിപ്പിനായി 2021-ല്‍ എത്തിയ ജസ്റ്റീനയെ ഹോപ്പിന്റെ ട്രസ്റ്റി ജയമോഹന്‍ ഒരു ദൗത്യം ഏല്‍പിച്ചു. ലക്ഷ്മിയുടെ ഒപ്പം ജീവിച്ച് കഴിവിന്റെ പരമാവധി ശ്രമിച്ച് അവരുടെ ഓര്‍മ്മകളെ തിരികെ പിടിക്കുക.
ജസ്റ്റീന ലക്ഷ്മിയെ അമ്മയേപോലെ നോക്കി. അവര്‍ ഒരുപാട് കാര്യങ്ങള്‍ പരസ്പരം സംസാരിച്ചു. ആറ് കൊല്ലമായി മറവിയുടെ മാറാല പിടിച്ച ആ മനസ്സില്‍ ഓരോ ചലനങ്ങളുണ്ടാകുന്നത് ജസ്റ്റീന തിരിച്ചറിഞ്ഞു. ഒരു ദിവസം ആ അത്ഭുതം സംഭവിച്ചു. നേപ്പാളാണ് തന്റെ നാടെന്നും സീത ഖനാല്‍ എന്നാണ് പേരെന്നും ഏഴ് മക്കളുണ്ടെന്നും ഭര്‍ത്താവ് ഒരു ബുദ്ധവിഹാരത്തിലെ പൂജാരിയാണെന്നും അവര്‍ ഓര്‍ത്തെടുത്തു.
ജസ്റ്റീന ആഹ്‌ളാദം കൊണ്ട് തുള്ളിച്ചാടി. പിന്നീടുള്ള ദിവസങ്ങളില്‍ ഗൂഗിള്‍ മാപ്പ് എടുത്ത് വച്ച് നേപ്പാളിലെ ഓരോ നാടുകളും ബുദ്ധവിഹാരങ്ങളും കാട്ടിക്കൊടുത്തു. ലുംബിനി പ്രവശ്യയിലെ കപിലവസ്തു ജില്ലയിലെ ബുദ്ധവിഹാരം കാട്ടിയപ്പോള്‍ സീത എഴുന്നേറ്റ് നിന്ന് കൈകൂപ്പി. താന്‍ പഠിച്ച സ്‌കൂളും അമ്പലങ്ങളും ആശുപത്രിയും ഒക്കെ സീത തിരിച്ചറിഞ്ഞു.
ഹോപ് മാനേജിംഗ് ട്രസ്റ്റി ജയമോഹന്‍ സീതയ്‌ക്കൊപ്പം
ബുദ്ധന്റെ മണ്ണിലേക്ക് സീതയുടെ മടക്ക യാത്ര
ഹോപ് മാനേജിംഗ് ട്രസ്റ്റി ജയമോഹന്‍ പിന്നീടങ്ങോട്ട് ഉത്സാഹത്തോടെ കാര്യങ്ങള്‍ നീക്കി. ''ഞങ്ങള്‍ വിദേശകാര്യമന്ത്രാലയത്തെയും അതുവഴി നേപ്പാള്‍ എംബസിയേയും ബന്ധപ്പെട്ടു. കേന്ദ്രസഹമന്ത്രി വി മുരളീധരനെ നേരില്‍ കണ്ടു. പിന്നെ കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. നേപ്പാള്‍ എംബസി ഉദ്യോഗസ്ഥര്‍ സീതയുടെ വീട് അന്വേഷിച്ചു കണ്ടെത്തി. സീതയേയും ഭര്‍ത്താവ് ദേവ് രാജ് ഖനാലിനെയും ഫോണ്‍വഴി സംസാരിപ്പിച്ചു. ഇനി ദില്ലി കേരള ഹൗസില്‍ വച്ച് സീതയെ നേപ്പാള്‍ എംബസിക്ക് കൈമാറും. എന്റെ അമ്മയെപോലെയായിരുന്നു ഇവിടെ അവര്‍. അവിടെ പോയാലും ഞാന്‍ ഇടക്കിടെ വിളിച്ച് സുഖവിവരം തിരക്കും'' -ജയമോഹന് സന്തോഷവും സങ്കടവും ഒരേസമയത്ത് തിങ്ങി വന്നു.
ഇന്നലെകളെക്കുറിച്ച് ഒരു ഓര്‍മ്മയും ഇല്ലാതെ മറ്റൊരു രാജ്യത്ത് ഏഴ് വര്‍ഷം അഭയാര്‍ത്ഥിയായി ജീവിക്കേണ്ടി വരിക. ഒട്ടും നിനച്ചിരിക്കാതെ ഒരു ദിനം സ്വന്തം കുടുംബത്തെ തിരിച്ചറിഞ്ഞ് അവരുടെ അടുത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയുക. അവനവന്‍ കടമ്പയും കടന്ന് ലോകത്തെ സ്‌നേഹിക്കുന്ന ഒരു പറ്റം മനുഷ്യര്‍ സീതയുടെ ജീവിതം തൊട്ടപ്പോഴാണ് ഇത് സാധ്യമായത്.
രണ്ടാമത്തെ സ്ത്രീ: ജിയ ലോട്ട്
ജിയ ലോട്ട്
'ഒരുവനേയും സ്‌നേഹിക്കാത്തവന് ഒരു വ്യഥ പോലുമുണ്ടാവില്ല'
ശ്രീ ബുദ്ധന്‍
പിലാത്തറയിലെ ഹോപ്പില്‍ നിന്നും കണ്ണൂരേക്ക് മടങ്ങുമ്പോള്‍ മനസില്‍ മറ്റൊരു മുഖം തെളിയുന്നു. മുപ്പത്തിയഞ്ചുകാരി ജിയ ലോട്ട്. ആറ് മാസം മുന്‍പ് ഒക്കത്ത് രണ്ട് വയസുള്ള ഒരാണ്‍കുഞ്ഞിനേയും എടുത്ത്, മുഷിഞ്ഞ ഉടുപ്പിട്ട് കണ്ണൂര്‍ നഗരത്തില്‍ വച്ചാണ് അവരെ ആദ്യം കണ്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും ഭര്‍ത്താവിനെയും അന്വേഷിച്ച് വന്നതാണ്. മറാത്തിയില്‍ ഹിന്ദി കലര്‍ത്തി അവര്‍ ആവലാതിയോടെ നിര്‍ത്താതെ സംസാരിച്ചു.
''എന്റെ ഭര്‍ത്താവ് കണ്ണൂരുകാരനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗ്പൂര്‍ വച്ചായിരുന്നു കല്യാണം. കുറച്ച് നാള്‍ ഒരുമിച്ച് കഴിഞ്ഞ ശേഷം അവരെ പിന്നെ കാണാതായി. ഫോണിലും കിട്ടുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും സഹായം ഇല്ല. റെയില്‍വേ സ്റ്റേഷനിലാണ് ഇപ്പോള്‍ കിടന്നുറങ്ങുന്നത്. ഭര്‍ത്താവിനെ കണ്ടെത്തും വരെ താമസിക്കാന്‍ ഒരു സ്ഥലം വേണം''
ഭര്‍ത്താവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്ക് അറിയില്ലായിരുന്നു. സംസാരത്തിനിടയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കും പോലെ പെരുമാറുന്നു. കുളിച്ചിട്ടും ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായെന്നും വ്യക്തം. ഞാന്‍ അവര്‍ക്ക് ഭക്ഷണത്തിനുള്ള പണം നല്‍കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ അവരെ കൂത്തുപറമ്പിലെ സഖിയിലും തലശ്ശേരിയിലെ മഹിളാ മന്ദിരത്തിലുമായി താമസിച്ചു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജിയ പറഞ്ഞത്. അതിനാല്‍ ഭര്‍ത്താവിനെ കണ്ടെത്തല്‍ ബുദ്ധിമുട്ടായിരുന്നു. മഹിളാമന്ദിരത്തില്‍ നിന്നും ഇടയ്ക്കിടെ ജിയ ഇറങ്ങി നടന്നു. പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങി.
ജിയ ലോട്ട്
കുതിരവട്ടത്തെ കൊലപാതകം
ഫെബ്രുവരി 10 -ന് രാവിലെ ഓഫീസിലെത്തിയപ്പോള്‍ ടിവി സ്‌ക്രീനില്‍ തെളിഞ്ഞ ബ്രേക്കിംഗ് ന്യൂസ്. കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെ അന്തേവാസി കൊല്ലപ്പെട്ട നിലയില്‍. അത് ജിയാ ലോട്ട് ആയിരുന്നു!
വനിത സെല്ലിലെ മറ്റൊരു അന്തേവാസിയായ സ്ത്രീയാണ് അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സെല്ലില്‍ ഒരു സിമന്റ് ബഞ്ചാണ് ഉണ്ടായിരുന്നത്. ഇതില്‍ കിടക്കാനായി ഇരുവരും വാശിപിടിച്ചു. പിന്നെ പരസ്പരം ആക്രമിച്ചു. കഴുത്ത് ഞെരിച്ച് കൊലചെയ്തു. തലശ്ശേരിയിലെ സര്‍ക്കാര്‍ ഹോമായ മഹിള മന്ദിരത്തില്‍ ഉണ്ടായിരുന്ന ജിയ എങ്ങനെ കോഴിക്കോട് കുതിരവട്ടത്ത് എത്തിയെന്ന് അന്വേഷിച്ചു.
മാനസിക അസ്വാസ്ഥ്യം കാണിച്ചപ്പോള്‍ കുതിരവട്ടത്തേക്ക് കൊണ്ടുപോയതാണത്രെ. കിടക്കാന്‍ പോലും മതിയായ സൗകര്യം നല്‍കാതെ ക്രിമനല്‍ കേസില്‍ പെട്ട അക്രമവാസനയുള്ള മറ്റൊരു സ്ത്രീയോടൊപ്പം സെല്ലില്‍ അടച്ച് അവര്‍ ജോലി തീര്‍ത്തു. (ഇതേ സെല്ലില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ മറ്റൊരു സ്ത്രീ ചാടി പോവുകയും ചെയ്തു) കൊലപാതകം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ഒന്നും ഉണ്ടായില്ല. ജിയാ ലോട്ടിനെ കോഴിക്കോട് തന്നെ മറവ് ചെയ്തു. നഷ്ടം ഒരാള്‍ക്ക് മാത്രം. അമ്മയുടെ ഒക്കത്ത് അള്ളിപ്പിടിച്ചിരുന്ന, ചെമ്പിച്ച മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ആ രണ്ടുവയസുകാരന്!
ഒരു കൈക്കുഞ്ഞുമായി തെരുവില്‍ മാസങ്ങള്‍ അലഞ്ഞ ജിയ ലോട്ടിന് നീതി കൊടുക്കാന്‍ കേരളത്തിലെ സ്ത്രീ സുരക്ഷ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. (എന്തൊക്കെ പേരില്‍ എന്തെല്ലാം പദ്ധതികളും കോടികളുടെ ഫണ്ടും ഉണ്ടെന്ന കണക്ക് ഇവിടെ നിരത്തുന്നില്ല)
ഹോപ് പോലുള്ള സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സേവനങ്ങളുടെ പ്രസക്തി കൂടുന്നത് ഇതുപോലുള്ള അനുഭവങ്ങളിലൂടെയാണ്. ജിയ ലോട്ടും സീത ഖനാലും കേരളത്തിന്റെ അടയാളം തന്നെയാണ്.