വിദ്യാര്‍ത്ഥിയില്‍ നിന്ന് അധ്യാപികയിലേക്ക് മാറുമ്പോള്‍, പണ്ട് തല്ലിച്ചതച്ച് മനസ്സ് മുറിവേല്‍പ്പിച്ച അധ്യാപകരെ കാണുന്ന രീതി മാറുമോ? പഴയൊരു ക്ലാസ് മുറിയുടെ മുറിവോര്‍മ്മ. അനുപമ വിനീത് എഴുതുന്നു
പഴയൊരു ക്ലാസ് മുറിയുടെ മുറിവോര്‍മ്മ. ചെക്ക് റിപ്പബ്ലിക്കിലെ ക്ലാസ്മുറിയില്‍നിന്നും ഒരു മലയാളി അധ്യാപികയുടെ കുറിപ്പ്. അനുപമ വിനീത് എഴുതുന്ന ഹൃദയസ്പര്‍ശിയായ അനുഭവം
പുതിയ കാലത്തെ കുട്ടികളുടെ ചിന്താവഴികളില്‍ ഒപ്പമെത്തുക. ഒട്ടും എളുപ്പമല്ലാത്ത അത്തരമൊരു യത്‌നമായിരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത വിധം എന്റെ മുന്നില്‍ മതില്‍ പോലെ വന്നുനിന്നത്. വിദ്യാര്‍ത്ഥിനിയുടെ കുപ്പായം അഴിച്ചുവെച്ച്, അധ്യാപികാ വേഷത്തില്‍ ക്ലാസ് മുറിയില്‍ ചെന്നുകയറിയതു മുതല്‍ എന്റെ മുന്നിലെ പ്രധാന കടമ്പ അതായിരുന്നു.
ടൈം ടേബിള്‍ കളങ്ങളില്‍ എപ്പോളെവിടെയെന്ന് കൃത്യമായി അടയാളപ്പെടുത്തി, അകത്തേക്കും പുറത്തേക്കും ഒരേയൊരു വാതിലെങ്കിലും തുറക്കുന്ന, ഉള്ളില്‍ എണ്ണിയാലൊടുങ്ങാത്തത്ര വഴികള്‍ കൂടിപ്പിണയുന്ന ഒരു എലിക്കെണിയിലേക്കാണ് ദിവസേന ചെന്നു കയറുന്നതെന്ന തോന്നലായിരുന്നു ആദ്യ ഫലം. ആ തോന്നല്‍ ശക്തമായതോടെ ഒരു മാറ്റം ആവശ്യമായി. പണ്ട് ചിത്രകഥാ പുസ്തകങ്ങളിലെ മോട്ടുമുയലിന് കണ്ണടച്ച് തുറക്കുംമുമ്പേ വഴികാണിച്ചു കൊടിത്തിരുന്ന ഞാന്‍, പുതിയ കുട്ടികളുടെ ചിന്താവഴികളില്‍ ഒപ്പമെത്താന്‍ കഴിയാതെ വഴിമുട്ടിത്തിരിഞ്ഞു. വര്‍ഷങ്ങളോളം ഉറക്കമൊഴിഞ്ഞു പഠിച്ച്, മുനവെച്ചതും വെക്കാത്തതുമായ ചോദ്യങ്ങള്‍ കേട്ടുകേട്ട് തേഞ്ഞ്, ആശിച്ചുമോഹിച്ചു നേടിയ അദ്ധ്യാപകജോലിയിലാണ് മൂന്നു വര്‍ഷത്തിനുള്ളില്‍, 'അയ്യോ ഇതെങ്ങനെ മുപ്പതു കൊല്ലം വലിച്ചെത്തിക്കും' എന്ന ചിന്ത വന്നത്.
ചിന്ത വന്ന് വഴി അടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ഇടവേള അനിവാര്യമായി. അഞ്ചു വര്‍ഷത്തെ ശമ്പളമില്ലാത്ത അവധിയെടുത്ത്, രാജ്യത്തിന്റെ പേര് പറയുമ്പോള്‍ മിക്കവാറും ആളുകള്‍ അതേതു സ്ഥലമെന്നു ചോദിക്കുന്ന, സ്ഥൂപികാശിഖരങ്ങളുടെ നാടായ ചെക്ക് റിപ്പബ്ലിക്കിലേക്ക് ചേക്കേറി. ഫ്രാന്‍സ് കാഫ്കയുടേയും, ദുബ്‌ചെഖിന്റേയും നാട്. നാസി ജര്‍മെനിയുടേയും, കമ്യൂണിസ്റ്റ് റഷ്യയുടേയും അധിനിവേശങ്ങളില്‍ പതറാതെ നിന്ന നാട്. വലിയ ബഹളങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാത്ത കുഞ്ഞ് രാജ്യം. അവിടത്തെ കൊച്ചു യൂണിവേഴ്‌സിറ്റിയില്‍ നിന്നുംവന്ന പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍ ക്ഷണം രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ സ്വീകരിച്ചു.
മുഴുസമയ ഗവേഷക എങ്കിലും അപൂര്‍വ്വമായി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിരുന്ന എനിക്ക് ചെക്ക് ക്ലാസ് മുറികള്‍ പുതിയൊരു അനുഭവമായി. യാനും, വാവ്രയും ഹോന്‍സയും, തോമാസും, മഗദയെന്ന മഗ്ദലീനയും ഒക്കെ അടങ്ങുന്ന ക്ലാസ് മുറി. ബെല്ലടികളും വിളിച്ചുകയറ്റലുകളും, ഒന്നുമില്ലാതെ കൃത്യസമയത്തു തുടങ്ങി അവ കൃത്യമായി അവസാനിക്കും. എന്റെ സഹായം വേണ്ടത് എന്തിലെന്ന് അവര്‍ പറയും, അതൊട്ടും കുറക്കാതെ കൂട്ടാതെ നല്‍കുക അത്രമാത്രം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഉപഭോക്താവിനും സേവനദാതാവിനുമിടയിലുള്ളത് പോലൊരു ബന്ധം. പലവിധ ജോലികള്‍ ചെയ്തു സമ്പാദിക്കുന്നതിനിടയില്‍ സമയമുണ്ടാക്കിയാണ് അവരെന്റെ മുന്നില്‍ വന്നിരിക്കുന്നത്, അതിനാല്‍, സമയം കൃത്യമായി വിനയോഗിക്കപ്പെടണമെന്ന് എന്നെക്കാള്‍ നിര്‍ബന്ധം അവര്‍ക്കുണ്ട്. എന്റെ ക്ലാസിനേക്കാള്‍ മൂല്യമുള്ള എന്തെങ്കിലും ആ സമയത്തിനുണ്ടെന്ന് തോന്നിയാല്‍ യാതൊരു ദയയുമില്ലാതെ അവരെന്നെ അവഗണിച്ചു. കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്ന, വലിയ പൊട്ടിത്തെറികളോ പൊട്ടിച്ചിരികളോ ഇല്ലാതെ ഏറെക്കുറേ വിരസതയാര്‍ന്ന ക്ലാസ മുറി. അവിടെയാണ് ഞാന്‍ 'മൂക്കൊടി' മാഷിനെ മിസ്സ് ചെയ്യാന്‍ തുടങ്ങിയത്. പുള്ളിക്കാരനെ എന്നെങ്കിലും കാണാന്‍ കിട്ടുമെന്ന് കരുതാനാവാത്ത തരം ക്ലാസ് മുറിയായിരുന്നിട്ടും എനിക്ക് മാഷെ ഓര്‍മ്മവന്നു.
കലി കയറുന്ന ക്ലാസ് മുറി, മൂക്കുപൊടി മണം!
കെട്ടിയവനുമായി ഇടിവെച്ച് വന്നൊരു നശിച്ച ദിവസത്തെ ആദ്യ അവര്‍ ക്ലാസ്. വാംഅപ്പ് കൊച്ചുവര്‍ത്താനങ്ങള്‍ ഒഴിവാക്കി നേരെ പ്രൊജക്റ്റര്‍ സെറ്റ് ചെയ്തു തുടങ്ങിയിട്ടും, ഒരു ചങ്ങാതി ക്ലാസ്സില്‍ കയറാതെ മൊബൈലില്‍ ചര്‍ച്ചയിലാണ്. 'മോനേ ഡാ, ഇനീം നീ കയറീല്ലേല്‍ ഞാന്‍ അറ്റന്‍ഡെന്‍സ് തരികേലാട്ടൊ' എന്നൊന്ന് പറഞ്ഞതും, അവന്‍ റൂളും വകുപ്പും കൊണ്ട് വരുന്നു,
''ക്ലാസ് തുടങ്ങി 15 മിനിറ്റിനുള്ളില്‍ എപ്പോ കയറിയാലും അറ്റന്‍ഡെന്‍സ് തരണം എന്നാണ് റൂള്....''
കലി കയറി,
''എന്നാ നീയാ റൂളൊണ്ടാക്കിയവന്റെ ക്‌ളാസ്സില്‍പ്പോയി കയറിക്കോ, ഇങ്ങോട്ട് വരണ്ടാ''
അതു പറയാന്‍ വാ തുറക്കുമ്പോഴാണ്, കൃത്യം മൂക്ക് പൊടിയുടെ മണമെനിക്ക് കിട്ടിയത്. ഇതൊരു സ്ഥിരം പരിപാടിയായതു കൊണ്ട് ആശ്ചര്യത്തിന് വകയില്ല. 'ദി ബിഗ് ബാങ് തിയറി' വെബ് സീരീസില്‍, ഷെല്‍ഡന്‍ കൂപ്പറിന് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന, മരിച്ചു പോയ അദ്ദേഹത്തിന്റെ പ്രൊഫസര്‍ പ്രോട്ടോണിനെ കണ്ടിട്ടില്ലേ, അത് പോലെ എനിക്ക് കലികയറുന്ന ക്ലാസ്സ് മുറികളിലെല്ലാം ഒരു മൂക്ക് പൊടി മണം വന്ന് നിറയും.
ഏതേലുമൊരു മൂലയില്‍, ആഞ്ഞ് പൊടി വലിച്ച് കയറ്റി, തുമ്മി ചീറ്റി നില്‍പ്പുണ്ടാകും മൂക്കൊടി മാഷ്. ഒന്നൂടിആഞ്ഞ് തുമ്മിയ സൗഖ്യത്തില്‍ മതിമറന്ന് പുള്ളി ന്യായംപറച്ചില്‍ തുടങ്ങി.
''അതിനിത് ടീച്ചറുടെ ക്ലാസ്സല്ലാലോ ടീച്ചറെ, അവന്റെയല്ലെ. അതിനകത്ത് ടീച്ചര്‍ വന്നു പഠിപ്പിക്കുവല്ലേ ചെയ്യണേ?. അപ്പോപ്പിന്നെ അവനോട് കയറണ്ടാന്നു പറയാന്‍ പറ്റുവോ..''
ഇത്തവണ അയയാവുന്ന മാനസികാവസ്ഥയില്‍ അല്ല. ഞാന്‍ മാഷിന് നേരെ ചീറി, ''ദേ മാഷെ ഇച്ചെക്കന് വക്കാലത്തും ആയി വരണ്ടട്ടോ, പണ്ട് എനിക്കോരല്‍പ്പം കൂടി ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞിരുന്നേല്‍ നിങ്ങളൊരു കൊല്ലം മുമ്പേ അങ്ങെത്തിയേനെ, ഞാന്‍ വെല്ല ദുര്‍ഗ്ഗുണപരിഹാര പാഠശാലയിലും...''
ഭാവംപകര്‍ന്ന്, കുനിഞ്ഞ ശിരസ്സുമായി, പൊടിഡപ്പിയും അരയില്‍ തിരുകി, മാഷിറങ്ങി നടന്നു. ലോകത്തെ എല്ലാ തോല്‍വിയും ഏറ്റുവാങ്ങിയ ആ പോക്ക് കണ്ട് എന്റെ മനസ്സുലഞ്ഞു, ഇപ്പഴിപ്പോള്‍ ഈ ചങ്ങാതിയോട് ഒന്നും പറയാന്‍ വയ്യാതായിട്ടുണ്ട്.
ചൂരല്‍ത്തിണര്‍പ്പില്‍ മാഞ്ഞ തുമ്പിച്ചിറകുകള്‍
ഏതായാലും ആ നടത്തത്തില്‍ മാഷെന്നെയും കൂടെ കൂട്ടി, പഴയ അഞ്ചാം ക്ലാസ്സിലേക്ക്.
സ്‌കൂളില്‍ ഞാനൊരു ഒന്നാംനിര പഠിപ്പിസ്റ്റാണ്. ശാസ്ത്രം കൗതുകമാണ്, സാമൂഹ്യപാഠത്തോടു സ്‌നേഹമാണ്, കണക്ക് കുസൃതിയാണ്, മലയാളത്തിനോടും, മലയാളം പഠിപ്പിക്കുന്ന ചന്ദ്രിക ടീച്ചറോടും ഒരു പൊടിക്ക് പ്രണയം പോലുമാണ്. വെറുതെയവരെ കാണാന്‍ മാത്രമായി ഇടവേളകളില്‍ ഞാന്‍ ടീച്ചേഴ്‌സ്‌റൂമില്‍ കയറിയിറങ്ങും. ആരോടെങ്കിലുമൊക്കെ ഉദാരമായി ചിരിക്കുന്നതില്‍ നിന്നൊരുപാതി ചിരിയെടുത്തവര്‍ എനിക്കുനേരേയും വെച്ചുനീട്ടും.
അങ്ങനെ ആസ്വദിച്ചാഘോഷിച്ച് ഞാന്‍ അഞ്ചിലെത്തി. 'ദേ വരുന്നു' ഹിന്ദി എന്ന പുതിയൊരു മാരണം. തലയ്ക്കു മുകളില്‍ കമ്പികള്‍ നിരത്തി വെച്ച് തൂങ്ങിയാടുന്ന അക്ഷരങ്ങളോട് ആദ്യ നോട്ടത്തില്‍ തന്നെ ഒരതൃപ്തി. പുലി പിടിക്കാനായിട്ട് അത് പഠിപ്പിക്കാന്‍ വന്നതാകട്ടെ മൂക്ക് പൊടിയുടെ മണമുള്ള, മടിക്കുത്തില്‍ ഒരു കുഞ്ഞു പൊടി ഡപ്പിയും കറ പിടിച്ചൊരു തൂവാലയും കൊണ്ട് നടക്കുന്ന, തല മുഴുവനും കഷണ്ടി കയറിയ കുഞ്ഞികൃഷ്ണന്‍ മാഷ്.
കസവോ, പത്രാസോ ഇല്ലാത്ത, അടിയിലെ വള്ളിനിക്കര്‍ തെളിഞ്ഞു കാണുന്ന പഴയ പോളിസ്റ്റര്‍ മുണ്ടിലും, വെളുത്ത ഫുള്‍ കൈ ഷര്‍ട്ടിലുമായി ആ അയഞ്ഞ ശരീരം കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് വളരെയേറേ വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവണം. മൂക്കുപൊടി ലോപിച്ച് ''മൂക്കൊടി'' എന്നൊരു വിളിപ്പേരും അദ്ദേഹത്തിന് തലമുറതലമുറയായി കൈമാറി കിട്ടിയിട്ടുണ്ട്.
ആദ്യ ആഴ്ചകളിലെ അക്ഷരം പഠിപ്പിക്കലിന് ശേഷം, മാഷ് നാളെ പരീക്ഷ നടത്തും എല്ലാവരും പഠിച്ചിട്ടു വരണമെന്ന് പറഞ്ഞു. അമ്മയന്ന് രാത്രി മൂന്നു റൗണ്ട് പരീക്ഷയും ഇടവിട്ടോരോ റൗണ്ട് ലാത്തിച്ചാര്‍ജ്ജും നടത്തി, ഭാഷയോടുള്ള എന്റെ വെറുപ്പ് അരക്കിട്ടുറപ്പിച്ചു. പിറ്റേന്നത്തെ പരീക്ഷയില്‍ ഒറ്റവളവും തെറ്റാതെ, ഒറ്റക്കൊളുത്തും പിഴക്കാതെ, മുഴുവന്‍ മാര്‍ക്കുമായി ഞാന്‍ ഒന്നാമത്. അടുത്ത ദിവസം മാഷ് ക്ലാസ്സില്‍ വന്നപ്പോള്‍ കയ്യിലൊരു ആശംസാകാര്‍ഡുണ്ട്. അതിലെ വാചകങ്ങള്‍ ഓര്‍മയിലില്ലെങ്കിലും വെളുത്ത പ്രതലത്തിലുള്ള കറുത്ത മുന്തിരിക്കുലയും അതിനെ ചുറ്റിയുള്ള സ്വര്‍ണ്ണവരകളും പച്ചറിബ്ബണുമൊക്കെ ഇപ്പൊഴും കണ്‍മുമ്പിലുണ്ട്. അടുത്തേക്ക് വിളിച്ച് സ്‌നേഹത്തോടെ മാഷ് കാര്‍ഡ് കയ്യില്‍ത്തന്നു, ചുറ്റിനും കരഘോഷം. പക്ഷേ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്ലാസ്സിന്റെ ഒത്ത നടുക്ക് നിന്ന് ഞാനൊരു കരച്ചില്‍!
എനിക്ക് ഹിന്ദി പഠിക്കേണ്ടെന്ന് കരച്ചിലിനിടയില്‍ പറഞുകാണണം. ഏതായാലും ചൂരലിന്റെ രുചി കാര്യമായി അറിഞ്ഞിട്ടില്ലാത്ത ഞാന്‍ ഹിന്ദി ക്ളാസ്സില്‍ മാത്രം നിരന്തരം അടി വാങ്ങി. 'നിനക്കെന്താ ഹിന്ദി പഠിച്ചാല്‍' എന്ന് മാഷും, 'കഴിവുണ്ടേ പഠിപ്പിക്ക്' എന്ന് ഞാനും. ആറാം ക്ലാസ്സിലും മാഷ് തന്നെ ഹിന്ദി. ഏഴിലെത്തിയപ്പോളൊരു മാലതി ടീച്ചര്‍ വന്നു, കാര്യങ്ങളല്‍പ്പം മെച്ചപ്പെട്ടു.
അങ്ങനെയിരിക്കെ, ഒരുദിവസം ഉച്ചക്ക് ആദ്യ പിരീഡ് ടീച്ചറില്ല. ക്ലാസ്സ് ലീഡറായ ഞാന്‍ സംസാരിക്കുന്നവരുടെ പേരെഴുതാന്‍ ടീച്ചറുടെ മേശക്കരികില്‍ നില്‍ക്കുന്നു. ഞങ്ങളുടെ ഏഴാം ക്ലാസ്സിനു പുറകില്‍, അരമതില്‍ കഴിഞ് ഒരു ചെറിയ മുറ്റത്തിനപ്പുറം, അടിത്തറ ഉയര്‍ത്തി കെട്ടിയ ടീച്ചേഴ്‌സ് റൂമിന്റെ വരാന്തയാണ്. പുലിയും കടുവയുമൊക്കെ വടിയും പിടിച്ച് വിഹരിക്കുന്ന അപകടമേഖല. ക്ലാസ്സില്‍ വലിയ ബഹളങ്ങള്‍ പതിവില്ല. കട്ട ഗൌരവത്തില്‍, ക്ലാസിന്റെ ലോ ആന്‍ഡ് ഓര്‍ഡര്‍ കയ്യില്‍ ഭദ്രമെന്ന് നെഞ്ചും തള്ളി നില്‍ക്കവെ, അവസാന ബെഞ്ചിലിരിക്കുന്ന ഉല്ലാസ് അടുത്തിരിക്കുന്നവനുമായി എന്തോ കശപിശ. ഉഴപ്പനെങ്കിലും മനോഹരമായി പാടുന്നവനാണ്. ഞാന്‍ പേരെഴുതിയെന്ന് വെറുതേ ഭാവിക്കുന്നു. ''ഓ പിന്നേ, എന്നേയിപ്പഴങ്ങ് തൂക്കിക്കൊല്ലും'' എന്നവന്‍ മുഖം കോട്ടുന്നു. ഞാന്‍ തിരിച്ചു വിസ്തരിച്ചു കൊഞ്ഞനം കുത്തുന്നു.
ഈയൊരു പ്രകടനം കഴിഞ്ഞാണ്, ടീച്ചേഴ്‌സ് റൂമിന്റെ വരാന്തയില്‍, നേര്‍രേഖയില്‍, എന്നെ തന്നെ നോക്കി നില്‍ക്കുന്ന മാഷിനെ ഞാന്‍ കാണുന്നത്. പുള്ളി കൈകാട്ടി വിളിക്കുന്നു. ഞാന്‍ തെല്ല് ആശങ്കയോടെ ടീച്ചേഴ്‌സ് റൂമിലേക്ക് ചെല്ലുന്നു, കൈ നീട്ടാന്‍ പോലുമിട തരാതെ പുള്ളി പൊതിരെ തല്ലുന്നു.
എന്ന് പറഞ്ഞാല്‍ പുറത്തും ചുമലിലും ഒക്കെയായി ചൂരലിന് എത്താവുന്നിടത്തെല്ലാം വീശിവീശി അടി. കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്‍മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി. 'മാഷേ തല്ലല്ലേ' എന്നും പറഞ്ഞ് മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി.
കരയാനോ, ഒന്നു മിണ്ടാന്‍ പോലുമോ മറന്നു പോയിരുന്നു ഞാന്‍. പരിചയമുള്ളൊരു സദസ്സിനുമുമ്പില്‍, പെട്ടന്ന് ആക്രമിക്കപ്പെടുമ്പോള്‍ വേദനയല്ല, ഒരുതരം ഷോക്കാണ്. ആത്മാവിനോളം ആഴത്തിലെത്തുന്ന മരവിപ്പ്. അടിയും കഴിഞ്ഞ്, ഹിസ്റ്റീരിയ ബാധിച്ച പോലെ പരിസരം മറന്ന് പുലമ്പിക്കൊണ്ടിരുന്ന മാഷിനടുത്ത് തറഞ്ഞു നില്‍ക്കുന്ന എന്നെ ബലമായി പിടിച്ച് മാറ്റിനിര്‍ത്തി, തല്ലിയതെന്തെന്ന് ചോദിക്കുന്നുണ്ട് എന്റെ ക്ലാസ്സ് ടീച്ചര്‍.
എനിക്കൊന്നിനും മറുപടി ഉണ്ടായിരുന്നില്ല. വായുവില്‍ പുളയുന്ന ചൂരലിന്റെ മൂളലല്ലാതെ മറ്റൊന്നും എന്റെ ചെവിയിലേക്കെത്തുന്നില്ല. ഏതായലും അവരെന്നെ വീട്ടില്‍ പോകാനനുവദിച്ചു. വീട്ടിലെത്തിയ ഞാന്‍ കഥ മുഴുവന്‍ വിസ്തരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. മാഷ് തല്ലിയെന്ന് മാത്രം പറഞ്ഞു. മകളുടെ ദേഹത്തെ ചൂരലിന്റെ ചുവന്നു തിണര്‍ത്ത പാടുകളില്‍ പരിഭ്രമിച്ച അച്ഛന്‍ കാര്യമറിയാന്‍ മാഷിനെ വന്ന് കണ്ടു.
മരണം ദുര്‍ബലം!
അവര്‍ക്കിടയിലെ സംഭാഷണത്തില്‍ നിന്നാണ് ഇക്കണ്ട തല്ല് മുഴുവന്‍ വാങ്ങിക്കൂട്ടിയതിന്റെ ശരിയായ കാരണം എനിക്ക് വ്യക്തമായത്. വരാന്തയില്‍ പൊടി വലിച്ചു നിന്നിരുന്ന മാഷിനെ ഞാന്‍ ക്ലാസില്‍, പിള്ളേരുടെ മുന്നില്‍ വെച്ച് കൊഞ്ഞനം കുത്തി അപമാനിച്ചു എന്നതാണ് കേസ്. അരമതില്‍ കാരണം ക്ലാസിന് പുറകുവശം മാഷിന്റെ കാഴ്ചവട്ടത്തില്‍ വന്നിരുന്നില്ല. ശിക്ഷ നടപ്പിലായ നിലക്ക് ഇനിയൊരു വിശദീകരണം കൊടുക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. പക്ഷേ, ഏത് കൊടുങ്കാറ്റിലും പാറ പോലെ കൂടെ നില്‍ക്കുമെന്ന് വിശ്വസിച്ചിരുന്ന അച്ഛനും രൂക്ഷമായെന്നെ നോക്കിയതോടെ, നാളതുവരെ തോന്നത്ത വല്ലാത്തൊരു അനാഥത്വത്തില്‍ പെട്ട് പോയി ഞാന്‍.
അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ തുമ്പിച്ചിറകുകളെല്ലാം ഇനി ഒരിക്കലും പറക്കാനാവാത്ത വിധം നനഞ്ഞു കുതിര്‍ന്നു തിടം വെച്ചു. അച്ഛനുമമ്മയ്ക്കും ഇടയിലുള്ള കുഞ്ഞ് ചതുരം സ്വര്‍ഗ്ഗത്തില്‍നിന്നും പുറത്താക്കപ്പെട്ട്, സ്വീകരണ മുറിയിലൊരു കട്ടിലില്‍ ഒറ്റക്കാണെറെന്‍ കിടപ്പ്. മലര്‍ന്ന് കിടക്കുമ്പോള്‍, മുതുകിലെ തിണര്‍ത്ത മുറിവുകളില്‍ വേദനയുടെ മിന്നലുകള്‍. ആ രാവിരുട്ടി വെളുത്തപ്പോഴേക്കും പക എന്നൊരു പുതിയ വികാരമെന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു. കണ്ണില്‍ കനലെരിഞ്ഞ കണ്ണകിയുടെ പക, മുലയറുത്തു ആട്ടിപ്പായിച്ചപ്പോള്‍ ശൂര്‍പ്പണഖക്കു തോന്നിയ അതേ പക. പക്ഷെ, വാരിക്കുഴി കുഴിക്കാനോ, മറഞ്ഞിരുന്നു തലമണ്ട എറിഞ്ഞു പൊളിക്കാനോ ഉള്ള സമര്‍ത്ഥ്യമോ, മനക്കട്ടിയോ അന്നുമില്ല ഇന്നുമില്ല. ഇടംവലം ആടിയാടി നടന്നു പോകുന്ന മാഷിനെ ഒന്നിലേറെ തവണ ഞാനെന്റെ ലേഡിബേര്‍ഡ് സൈക്കിളില്‍ പിന്തുടര്‍ന്നിട്ടുണ്ട്, അവസാന നിമിഷം ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയില്‍, പക്ഷേ കിട്ടിയില്ല. അവസാനം, ഏതൊരു ദുര്‍ബല ഹൃദയത്തിന്റെയും അത്താണിയായ ദൈവത്തിനു ഞാനെന്റെ ക്വട്ടേഷന്‍ നേരിട്ടേല്‍പ്പിച്ചു കൊടുത്തു. നേര്‍ച്ചക്കാശ് കുറേ വാങ്ങി തിന്നതല്ലാതെ അങ്ങോര് ചെറുവിരലനക്കിയില്ല. ഞാനെന്റെ ടീച്ചേഴ്‌സ് റൂം സന്ദര്‍ശനങ്ങള്‍ നിര്‍ത്തി. മാഷിനെ കാണുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കി. എങ്ങാനും മാഷ് ഇന്‍വിജിലേറ്റര്‍ ആയി വരുന്ന പരീക്ഷാമുറികളില്‍ പെട്ടാല്‍ എന്റെ കൈകള്‍ തന്നിഷ്ടം കാണിച്ചു. എന്റെ ഉത്തരക്കടലാസുകളില്‍ പലവിധ പടങ്ങളും രൂപങ്ങളും കയറിക്കൂടി.
അങ്ങനെ ഒരു വര്‍ഷം കൂടി കഴിഞ്ഞു. ഞാന്‍ എട്ടിലെത്തി. എന്നത്തേയും പോലെ ഒരു സാധാരണ സ്‌കൂള്‍ ദിനം. ക്ലാസില്‍ താരതമ്യേന വാ തുറക്കാതെ അദൃശ്യനായി ഇരിക്കാറുള്ളവനാണ് വിപിന്‍. ഞങ്ങളുടെ സ്‌ക്കൂളില്‍ത്തന്നെ ആദ്യമായിട്ട് കോഴിക്കോട്ടെ ക്രൗണില്‍ പോയിരുന്നൊരു ഇംഗ്ലിഷ് പടം കണ്ടിരിക്കുന്നു പഹയന്‍!. എന്നിട്ടോ, സംവിധായകനിട്ടതും പോരാഞ്ഞ് കുറച്ചുമസാല കയ്യീന്നുമിട്ട്, മുങ്ങുന്ന കപ്പലിലെ പ്രഭുകുമാരിയുടേയും പാവപ്പെട്ടവന്റെയും പ്രണയം, ക്ലാസിനെ മുഴുവനും ചുറ്റിനുമിരുത്തി കേള്‍പ്പിച്ച് ആ ദിവസമവന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടു. പക്ഷേ, ആ ദിവസത്തിന് വേറെ ചില പദ്ധതികള്‍ കൂടി സ്വന്തമായി ഉണ്ടായിരുന്നു.
തന്റെ കൈവിടുവിച്ച്, പ്രിയപ്പെട്ടവന്‍ കടലാഴങ്ങളിലേക്ക് പോകുന്നത് കാണേണ്ടി വന്ന കാമുകിയുടെ സങ്കടത്തില്‍ മനസ്സിടറി, ഞങ്ങള്‍ പെങ്കുട്ടികള്‍ നിശ്ശബ്ദമോരോ തുരുത്തുകളായി നിന്ന ആ ഉച്ചയിലേക്ക് മാലതി ടീച്ചര്‍ പരിഭ്രമിച്ച് ഓടിക്കയറി വന്നു. ''മ്മടെ കുഞ്ഞികൃഷ്ണന്‍ മാഷ് മരിച്ചു, കാണാന്‍ പോണം'' എന്നൊറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ച്, വന്നതിലും വേഗത്തിലവര്‍ തിരിച്ചു പോയി.
മരണം മായ്ക്കാത്ത മുറിപ്പാടുകള്‍ ഇല്ലെന്നാണ്, പക്ഷേ എന്റെ മുതുകിലെ മങ്ങിത്തുടങ്ങിയ ചൂരല്‍പ്പാടുകള്‍ വരിയൊപ്പിച്ചു തിണര്‍ത്തു വരുന്നത് ഞാനറിഞ്ഞു. കണ്ണിലങ്ങനെ ചൂടടിച്ചു കയറി നിറഞ്ഞുനിറഞ്ഞു വരുന്നു. ഓര്‍ക്കാപ്പുറത്ത് കിട്ടിയൊരു അരദിവസത്തെ അവധിയുടെ ആശ്വാസത്തിലും ആത്മസ്‌നേഹിതയുടെ കണ്ണീരിന്റെ പൊരുളറിയാതെ, ആമീനു ആശ്വസിപ്പിക്കാനൊര് ശ്രമം നടത്തി, ''പൊട്ടെന്റെബ്‌ളേ, ഓള് ബേറൊരു ബര്‍ക്കത്തുള്ളോനെ കെട്ടിക്കോളും, ഇജ്ജിങ്ങനെ നെലോളിക്കണത് എന്ത്ന്നിനാണ്...''
ഞങ്ങള്‍ കുട്ടികള്‍ വരി വരിയായി മാഷിന്റെ വീട്ടിലെത്തി. പുള്ളിക്കാരന്‍ തന്റെ സ്ഥിരം വേഷത്തില്‍, അങ്ങേയറ്റത്തെ ശാന്തതയോടെ പുതപ്പിനടിയില്‍ കിടക്കുന്നു. എല്ലാവരും കണ്ടുകഴിഞ്ഞു തിരിച്ചു പോരാന്‍ തുടങ്ങി. പക്ഷെ ഞാനിറങ്ങിയില്ല. ഞാനാ മുറിയിലും പരിസരത്തും തന്നെ ചുറ്റിപ്പറ്റി നിന്നു. കത്തിക്കാന്‍ പറമ്പിലേക്കെടുത്തപ്പോഴും ഞാന്‍ പിന്നാലെ കൂടി. താഴേന്ന് എരിഞ്ഞു കത്തിക്കയറുന്ന ഐവര്‍ മഠം ചിതക്കുള്ളില്‍, മാഷ് പതിയെപ്പതിയെ പുകയും, തീയും കടന്ന് കനലായി മാറുന്നത് വരെ ഞാനൊരേ നില്‍പ്പ് നിന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം ആ കുഞ്ഞ് വീടിന്റെ പിന്‍വരാന്തയില്‍ ഒരോരം പറ്റി, കത്തുന്ന ചിത കണ്‍കോണുകളില്‍ നിന്ന് മായാതെ, മറയാതെ ഞാന്‍ നോക്കി നിന്നു.
മാഷിന്റെ മകന്‍ കൊണ്ടുത്തന്ന നേന്ത്രപ്പഴവും കട്ടന്‍ ചായയും കഴിച്ച്, ശ്ശോ എന്ത് ഗുരുത്വമുള്ള കൊച്ചെന്ന നെടുവീര്‍പ്പുകള്‍ക്കിടയിലൂടെ, നിറഞ്ഞ സ്വാസ്ഥ്യത്തോടെ ഞാന്‍ തിരിച്ചു നടന്നു. പയ്യെ ഓരോ അടിയും അളന്ന്, വഴിയില്‍ കടന്നു പോകുന്ന ഓരോ പോസ്റ്റും എണ്ണി ഞാന്‍ നടന്നു. എപ്പോഴോ മാഷിന്റെ ശബ്ദം ചെവിയില്‍ കേട്ടു. ''സമയം വല്ലാതെ വൈകി കുഞ്ഞേ ഓടാന്‍ നോക്കിക്കൊ...''.
പിന്നെ ഞാന്‍ നിര്‍ത്താതെ ഓടി. വീട്ടിലെ പഴയ ഗോദറേജ് അലമാരിയുടെ നീളമുള്ള കണ്ണാടിക്ക് മുമ്പിലാണാ ഓട്ടം ചെന്നു നിന്നത്. നോക്കുമ്പോള്‍, ചുമലിലെ ചൂരല്‍പ്പാടുകള്‍ മാഞ്ഞിരിക്കുന്നു, പകരം പഴയ തുമ്പിച്ചിറകുകള്‍ തളിരിട്ടു വരുന്നു. ഞാന്‍ മനസ്സറിഞ്ഞു കുറേ ചിരിച്ചു, പിന്നെ കുറേ കരഞ്ഞു...
പഴയ എട്ടാം ക്ലാസ്സുകാരിയില്‍ നിന്ന് ഞാനെന്റെ ക്ലാസ്സ്മുറിക്കുള്ളില്‍ തിരിച്ചെത്തുമ്പോള്‍, ഞൊടിയിടയിലേക്ക് കിളിപറന്നുപോയ ഫിസിക്‌സ് ടീച്ചറെ നോക്കിയിയിരിക്കുകയാണ് രണ്ടാംവര്‍ഷ ബിരുദക്ലാസ്. അവരുടെ കണ്ണുകളിലെ കുസൃതിക്കുറുമ്പെന്നെ എന്തുകൊണ്ടോ സന്തോഷിപ്പിച്ചു. ഞാന്‍ ദേഷ്യപ്പെട്ടാല്‍, തിരിച്ചു പറയാനുള്ള വാക്കുകള്‍ക്ക് മൂര്‍ച്ച വരുത്തി പടിക്കെട്ടില്‍ തന്നെ നില്‍പ്പുണ്ട് കഥാനായകന്‍. രജിസ്റ്ററെടുത്ത് അവന്റെ പേരിന് നേരെ ടിക്കിട്ട് 'ആ, നീ സൗകര്യപ്പെടുമ്പോള്‍ കയറി ഇരിക്ക്' എന്നും പറഞ്ഞ് അന്നത്തെ ശീതസമരം സമരിയാക്കി.
മാഷിന്റെ മൂക്ക്‌പൊടി മണമുള്ള അവസാന നിശ്വാസം വായുവിലലിഞ്ഞു ചേര്‍ന്ന് ഏതാണ്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ചെയ്തത് അനീതിയെങ്കിലും, ഒരധ്യാപികയുടെ കുപ്പായത്തില്‍ കയറിനിന്ന് ആലോചിക്കുമ്പോള്‍, എനിക്കദ്ദേഹത്തെ കുറച്ചുകൂടി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ക്ലാസ്സിനു മാതൃകയാകേണ്ട ഒരാള്‍ നേരെ എതിര്‍പക്ഷത്തു പോയി നില്‍ക്കുന്നത് കാണുമ്പോള്‍ വരുന്ന നിരാശയും, ദേഷ്യവും എനിക്കിന്ന് മനസ്സിലാകും. കിട്ടുന്നവരെയെല്ലാം ചവിട്ടിതേക്കുന്നതില്‍ ആത്മനിര്‍വൃതി കൊള്ളുന്ന ഭാസ്‌കരപട്ടേലര്‍മാരും, തന്റെ പ്രീയപ്പെട്ട ശിഷ്യനായി, ഏകലവ്യന്‍മാരുടെ പെരുവിരല്‍ ഛേദിച്ചു വാങ്ങുന്ന ദ്രോണാചാര്യന്മാരും ഇന്നും ഇല്ലെന്നെല്ല, പക്ഷേ കുറവാണ്. കുറച്ചു പേര്‍ക്കെങ്കിലും ഒരു നിമിഷത്തിന്റെ ദേഷ്യത്തിനു പിടിവിട്ടു പോകുന്നതാണ്, ആ ഒരു നിമിഷം കഴിയുമ്പോള്‍ ചെയ്യരുതായിരുന്നു എന്ന് ചിന്തിക്കുന്നവരുമാണ്, പക്ഷെ അപ്പോഴേക്കും അദ്ധ്യാപക-വിദ്യാര്‍ഥി ഈഗോ പണി തുടങ്ങിയിട്ടുണ്ടാകും.
സമാനമായി മുറിപ്പെടുത്തുന്ന കൂട്ടുകാരോടും, സഹോദരങ്ങളോടുമൊക്കെ നമ്മള്‍ പിണക്കം ഭാവിക്കുന്നത് ഒരു മണിക്കൂര്‍, കൂടിയാലൊരു ദിവസം. അത് കഴിഞ്ഞാല്‍ നമ്മളതു മറക്കുന്നു, ക്ഷമിക്കുന്നു. എന്നാല്‍, അദ്ധ്യാപകരെ മാത്രമെന്തേ നമ്മളിങ്ങനെ ഒര്‍മ്മകളുടെ അറ്റത്തോളം മഴയത്തു നിര്‍ത്തുന്നു?
മഴയത്തു നിര്‍ത്തിയ, ഇപ്പഴും നിര്‍ത്തിയിരിക്കുന്ന ഒരദ്ധ്യാപികയോ, അദ്ധ്യാപകനോ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും. ഇനിയെങ്കിലും അവര്‍ക്കായി നമുക്കൊരു ക്ഷമയുടെ കുട ചൂടി കൊടുത്തുകൂടെ. കഴിയുമെങ്കിലവരെ തപ്പിയെടുത്തു ഫോണിലോ നേരിട്ടോ സംസാരിച്ചുകൂടെ. പൊറുത്തു കൊടുത്തുകൂടേ... ചിലപ്പോള്‍ മൂക്കൊടി മാഷിനേപ്പോലെ വെറുപ്പും പകയും ഒന്നുമില്ലാത്തൊരു ലോകത്ത് എത്തിചേര്‍ന്നിട്ടു പോലും ഉണ്ടാകുമവര്‍.
നോട്ട് : മൂക്കുപൊടി പുതിയ തലമുറ കണ്ടിട്ടുണ്ടോ എന്നറിയില്ല, ഈ പൊടി വലിച്ചു മൂക്കില്‍ കയറ്റുന്നത്, വെറ്റില മുറുക്കുന്നത് പോലെ ഒരു പ്രത്യേക ക്രമവും, താളവും, പരിചയവും ഒക്കെ വേണ്ട ഒരു കലാപരിപാടിയാണ്. വംശനാശം സംഭവിച്ചു എന്ന് തോന്നുന്നു, തീര്‍ച്ചയായും ആരോഗ്യത്തിന് ഹാനികരം.