വിവാഹശേഷം ഭർത്താവിനോടൊപ്പം തന്നെ ജോലി ചെയ്യണം എന്നതായിരുന്നു ജിജിനയുടെ ആഗ്രഹം. ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസും സ്വന്തമാക്കിയതോടെ ആ ആഗ്രഹത്തിലേക്കുള്ള ദൂരം നന്നേ കുറഞ്ഞു.
കണ്ണൂരിലെ ചെറുപുഴ - വെള്ളരിക്കുണ്ട് - പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ബസിൽ കയറിയാൽ മനോഹരമായ ഒരു ജീവിതയാത്ര കൂടി കാണാം. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് പുത്തൻപുരയ്ക്കൽ ജോമോൻ, ഇദ്ദേഹത്തിൻറെ യാത്രകൾക്ക് പിന്നിൽ നിന്നും ബെല്ലടിച്ച് വഴിതെളിക്കുന്നത് ആരാണെന്നറിയണ്ടേ? ജോമോന്റെ പ്രിയപ്പെട്ടവൾ, ഭാര്യ ജിജിനയാണ് ഈ ബസിന്റെ കണ്ടക്ടറും ക്ലീനറും.
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ ഒരേ ബസ്സിൽ ഒരുമിച്ചു ജോലിചെയ്യുന്ന അപൂർവ്വ ദമ്പതികളാണ് ഇവർ. ജീവിതയാത്രയിൽ എപ്പോഴും ഭർത്താവിനൊപ്പം കൂട്ടായി വേണം എന്ന ജിജിനയുടെ ആഗ്രഹമാണ് ഭർത്താവിനൊപ്പമുള്ള ഈ വേറിട്ട യാത്രയ്ക്ക് തുടക്കമിട്ടത്.
undefined
ചെറുപ്പം മുതൽ തന്നെ വാഹനങ്ങളോട് ഏറെ പ്രിയമുള്ള ആളായിരുന്നു ജിജിന. പക്ഷേ, വാഹനങ്ങൾ ഓടിക്കാൻ പഠിച്ചത് ജീവിതയാത്രയിൽ ജോമോൻ കൂട്ടായി എത്തിയപ്പോഴാണ്. ഡ്രൈവറായ ജോമോൻ വീട്ടിൽ കൊണ്ടുവരുന്ന വാഹനങ്ങൾ ഓടിച്ചു പഠിച്ചാണ് ജിജിനയുടെ തുടക്കം. പ്രിയപ്പെട്ടവളുടെ ആഗ്രഹത്തിന് ഡബിൾ ബെൽ അടിച്ച് ജോമോൻ കൂടെ നിന്നപ്പോൾ കാര്യങ്ങൾ ഏറെ എളുപ്പമായി. ഡ്രൈവിങ്ങിൽ മികവ് തെളിയിച്ച ജിജിന അധികം വൈകാതെ തന്നെ ഹെവി ലൈസൻസ് സ്വന്തമാക്കി. അതൊരു തുടക്കം മാത്രമായിരുന്നു.
കണ്ടക്ടർ ലൈസൻസ് കൂടി എടുത്താൽ രണ്ടുപേർക്കും ഒരുമിച്ച് ജോലി ചെയ്യാമല്ലോ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് ജോമോൻ തന്നെ ആയിരുന്നു. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല അങ്ങനെ കണ്ടക്ടർ ലൈസൻസും സ്വന്തമാക്കി.
വിവാഹശേഷം ഭർത്താവിനോടൊപ്പം തന്നെ ജോലി ചെയ്യണം എന്നതായിരുന്നു ജിജിനയുടെ ആഗ്രഹം. ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസും സ്വന്തമാക്കിയതോടെ ആ ആഗ്രഹത്തിലേക്കുള്ള ദൂരം നന്നേ കുറഞ്ഞു. പിന്നെ വൈകിയില്ല, ജീവിതത്തിലും തൊഴിലിലും ജോമോനും ജിജിനയും ഒരേ റൂട്ടിലായി. ഇപ്പോൾ രണ്ടുമാസമായി ഇരുവരും ഒരേ ബസ്സിലാണ് ജോലി ചെയ്യുന്നത്. ബസ്സിന്റെ ഉടമകളുടെ ഭാഗത്തുനിന്നും തങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇവർ പറയുന്നു.
വാവൽമടയിലെ വീട്ടിൽ നിന്ന് ഒരുമിച്ചിറങ്ങി രാവിലെ 7. 30 -ന് ബസ്സിൽ കയറിയാൽ വൈകിട്ട് 6.30 -ന് അവസാന റൂട്ടിലേക്കുള്ള യാത്രക്കാരെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതിനുശേഷം ആണ് തിരികെ വീട്ടിലേക്കുള്ള ഇവരുടെ മടക്കം. ആറാം ക്ലാസിൽ പഠിക്കുന്ന ജോവാനാ ട്രീസയും യുകെജിക്കാരൻ ജോഷ്വാ ജോമോനുമാണ് മക്കൾ. തങ്ങളുടെ യാത്രയ്ക്ക് കട്ട സപ്പോർട്ട് ആയി മക്കളും കുടുംബാംഗങ്ങളും കൂടെയുണ്ടെന്നാണ് ജോമോനും ജിജിനയും പറയുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങി രാത്രി തിരികെ എത്തുന്നതുവരെ മക്കളുടെ കാര്യങ്ങൾ നോക്കുന്നതും അവരെ സ്കൂളിൽ വിടുന്നതും ഒക്കെ ജിജിനയുടെ മാതാപിതാക്കളായ ബാബുവും ആലീസും ചേർന്നാണ്.
വിദേശത്ത് പോകാൻ പരീക്ഷകൾ എഴുതിയിരുന്നെങ്കിലും ഇനി അതൊന്നും വേണ്ട എന്നാണ് ജിജിനയുടെ തീരുമാനം. കാരണം മറ്റൊന്നുമല്ല, ഇനിയങ്ങോട്ടുള്ള യാത്രകളെല്ലാം സ്വപ്നങ്ങളുടെ സ്റ്റോപ്പുകളിൽ കൃത്യമായി നിർത്തുമെന്ന് ജിജിനയ്ക്ക് അറിയാം. കാരണം ഡ്രൈവിംഗ് സീറ്റിൽ ഉള്ളത് ജോമോനാണ്. ഭാര്യ കൂടെയുള്ളതിനാൽ ഇപ്പോൾ തൻ്റെ എല്ലാ യാത്രകളും ഏറ്റവും പ്രിയപ്പെട്ടതാകുന്ന പ്രണയവഴികളിലൂടെയാണ് എന്നാണ് ജോമോൻ പറയുന്നത്.
(തയ്യാറാക്കിയത്: റിന്‍റു ജോണ്‍)