കേസ് എങ്ങുമെത്തിയില്ല, അതിവേഗ കോടതി ചുവപ്പുനാടയില്‍, വര്‍ഷം ഏഴ് കഴിഞ്ഞിട്ടും ഗൗരി ലങ്കേഷിന് നീതി അകലെ

By Savithri TMFirst Published Sep 5, 2024, 4:34 PM IST
Highlights

തീവ്രവലതുപക്ഷ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ  ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ ഗൗരി നിരന്തരം തുറന്ന് കാണിച്ചു. ഇതിന്‍റെ പ്രതികാരം 7.65 എംഎം പിസ്റ്റളിന്‍റെ രൂപത്തില്‍ മുന്നിലെത്തുമെന്ന് ഗൗരി കരുതിയിരുന്നില്ല. 


രാജ്യത്തെ മതതീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീടിന് മുന്നില്‍ വെടിവച്ച് കൊന്നിട്ട് ഇന്നേക്ക് ഏഴാണ്ട്. വിചാരണ ഇഴഞ്ഞ് നീങ്ങുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ തത്വത്തില്‍ ഉത്തരവിറങ്ങിയിട്ടും സര്‍ക്കാര്‍ ഇനിയും ഒരു ജഡ്ജിയെ നിയമിച്ചിട്ടില്ല. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതി ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും, പ്രതികള്‍ ഓരോരുത്തരായി ജാമ്യത്തില്‍ ഇറങ്ങുന്നത് കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമെന്നും ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2017 സെപ്റ്റംബര്‍ 13 -നായിരുന്നു ഗൗരി ലങ്കേഷ് പത്രികെയുടെ അവസാന പതിപ്പ് ഇറങ്ങിയത്. ഗൗരി ലങ്കേഷ് എന്നും എഴുതിയിരുന്നത് വ്യാജവാര്‍ത്തകളെക്കുറിച്ചായിരുന്നു. അവസാന എഡിറ്റോറിയലിലും ഗൗരി എഴുതിയത് ബിജെപി നേതാക്കള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു. തീവ്രവലതുപക്ഷ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ  ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ ഗൗരി നിരന്തരം തുറന്ന് കാണിച്ചു. ഇതിന്‍റെ പ്രതികാരം 7.65 എംഎം പിസ്റ്റളിന്‍റെ രൂപത്തില്‍ മുന്നിലെത്തുമെന്ന് ഗൗരി കരുതിയിരുന്നില്ല. കാരണം, ഇന്ത്യന്‍ ജനധിപത്യം ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലായിരുന്നു ഗൗരിയുടെ വിശ്വാസമത്രയും.

Latest Videos

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ട് ആറ് വര്‍ഷം പിന്നിട്ടു. 2022 -ല്‍ കൊവിഡ് കാലത്ത്, കേസിലെ പ്രതികള്‍ പല കോടതികളില്‍ നിന്നായി ജാമ്യം വാങ്ങി പുറത്തിറങ്ങി. 530 സാക്ഷികളായിരുന്നു കേസിനുണ്ടായിരുന്നത്. അതില്‍ 130 പേരെ മാത്രമേ കോടതി ഇതുവരെ വിസ്തരിച്ചിട്ടുള്ളൂ. ആയിരത്തിലധികം തെളിവുകളുടെ രേഖകളും ഇനിയും പരിശോധിക്കാന്‍ കിടക്കുന്നു. അതേസമയം കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും കോടതികളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കയറി ഇറങ്ങുകയാണ് ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്.

എക്സിന് പൂട്ടിട്ട് ബ്രസീലില്‍ ജസ്റ്റിസ് മോറൈസിന്‍റെ 'ഇന്‍റർനെറ്റിന്‍റെ ശുദ്ധികലശം'

മൂണ്‍ഫിഷ് മരിച്ചതെങ്ങനെ? യുഎസ് യുദ്ധവിമാനം എഫ് 16 ന്‍റെ തകർച്ച അന്വേഷിക്കാന്‍ യുക്രൈയ്ന്‍

'ഒരു പ്രത്യേക കോടതി ഉണ്ടായിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കാന്‍ കഴിഞ്ഞേനെ. നാല് പ്രതികള്‍ ഇപ്പോള്‍ തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി. അതിനെതിരെയും ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൗരിക്ക് വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതി ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. നടപടി വേണം.'- കവിതാ ലങ്കേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'വിചാരണ നീണ്ട് പോകുന്നത് പഴുതായി പ്രതികള്‍ ഉപയോഗിക്കുകയാണ്. സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ ജാമ്യം വാങ്ങിയെടുക്കുന്നു. അതിനാലാണ് വിചാരണ വേഗത്തിലാക്കാന്‍ എത്രയും പെട്ടെന്ന് പ്രത്യേക കോടതി വേണമെന്ന് ഞങ്ങളാവശ്യപ്പെടുന്നത്.'-കവിതാ ലങ്കേഷ് കൂട്ടിചേര്‍ക്കുന്നു.

2023 ഡിസംബറിലാണ് പ്രൊഫ. കല്‍ബുര്‍ഗിയുടെയും ഗൗരിയുടെയും കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനായി അതിവേഗ കോടതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടത്. എന്നാല്‍ ആ ഉത്തരവിന്റെ ഫയല്‍ ഇപ്പോഴും നിയമവകുപ്പിന്റെ മേശയില്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്നു. 10 മാസം പിന്നിട്ടിട്ടും ഒരു ജഡ്ജിയെ നിയമിക്കാന്‍ കോടതിക്കോ നിയമവകുപ്പിനോ സമയം കിട്ടിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ, മതതീവ്രവാദത്തിനെതിരെ എഴുതാന്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറായി. പക്ഷേ ഇന്ത്യന്‍ ജനാധപത്യത്തില്‍ വിശ്വസിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കേണ്ടത് രാജ്യത്തെ ഭരണ നിയമ സംവിധാനങ്ങള്‍ തന്നെ.
 

click me!