ഇരുനൂറോളം ജീപ്പുകള്‍, ബൈക്കുകള്‍, ഓട്ടോകള്‍, കാറുകള്‍ അങ്ങനെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനതയുടെ അന്നമായിരുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ഉരുളിനൊപ്പം ഇല്ലാതായത്. കണ്ടെത്തിയവയില്‍ ചിലതിന് മാത്രമാണ് ഇന്‍ഷുറന്‍സ് ക്ലൈം ലഭിച്ചത്. ഇന്‍ഷുറന്‍സ് ലഭിക്കാത്ത വാഹനങ്ങളാണ് അധികവും. സാങ്കേതികതയുടെ പേരില്‍ തടയപ്പെട്ട ആ വാഹന ഇന്‍ഷുറന്‍സുകളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്‍മാന്‍ വി ആര്‍ രാഗേഷ് എഴുതുന്നു.
മനുഷ്യരുടെ മാത്രമല്ല തകര്‍ന്ന വീടുകളുടെയും വാഹനങ്ങളുടെയും നീണ്ട ഒരു ശവപ്പറമ്പാണ് ചൂരല്‍മല. കഴിഞ്ഞ ഒരു മാസത്തിനിടെ ഉരുളൊഴുകിയ വഴിയിലൂടെ പലകുറി ചൂരല്‍മല ടൗണിന് മുകളിലേക്കും താഴേക്കും ക്യാമറയുമായി നടന്ന് കയറിയപ്പോഴുണ്ടായ തിരിച്ചറിവുകളിലൊന്നാണത്. ടൗണില്‍ പലരുടെയും ജീവിതാശ്രയമായിരുന്ന, അന്നമായിരുന്ന നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ പുതഞ്ഞ് കിടക്കുന്നു. അപകടത്തെ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ പുഞ്ചിരിമട്ടത്ത് ജെസിബികള്‍ പുറത്തെടുത്ത് വച്ച വാഹനങ്ങളുടെ വലിയൊരു കൂട്ടം കാണാം. പുഞ്ചിരി മട്ടം മുതല്‍ ചൂരല്‍മല വരെ ആറ് കിലോമീറ്റര്‍ ദൂരത്തും കാണാം, പാതിയോ പൂര്‍ണ്ണമായോ തകര്‍ന്നതോ മണ്ണിനടിയില്‍ പുതഞ്ഞതോ ടയര്‍ മാത്രമായതോ ആയ നിരവധി വാഹനങ്ങള്‍, സ്വപ്നങ്ങള്‍. ഇത് മണ്ണിന് മുകളിലെ കാഴ്ചയാണെങ്കില്‍, ആള്‍പ്പൊക്കം ഉയരത്തില്‍ വീണടിഞ്ഞ ചളിയ്ക്കും പാറയ്ക്കുമിടയിലും നിരവധി വാഹനങ്ങള്‍ ഇനിയൊരു വീണ്ടെടുപ്പില്ലാത്തവണ്ണം കിടപ്പുണ്ട്.
പുഞ്ചിരിമട്ടത്തെ പ്രകൃതി കുന്നും മലകളും നിറഞ്ഞതാണ്. അവിടെ ഏറ്റവും അനുയോജ്യം ഓഫ് റോഡ് വണ്ടികളാണ്. 200 ഓളം ജീപ്പുകളാണ് ഇവിടെ ഓടിയിരുന്നതെന്ന് അറിയുമ്പോള്‍ തന്നെ അവ എത്രമാത്രം ആ നാടിന്റെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാകും. കൂടുതലും തൊഴിലാളികളായിരുന്നു ഇവിടെ. ജീവിതം കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം പണിയെടുത്ത സാധാരണക്കാര്‍. അവരെ തൊഴിലിടത്തേക്ക് എത്തിച്ചിരുന്നത് ജീപ്പുകളും ഓട്ടോകളുമായിരുന്നു. പുഞ്ചിരിമട്ടത്ത് തകര്‍ന്ന വാഹനങ്ങളില്‍ അധികവും ജീപ്പുകളും ഓട്ടോകളും തന്നെ. പിന്നെ ബൈക്കുകളും കാറുകളും.
undefined
ഞെട്ടിക്കുന്ന ആ രാത്രിയിലെ സിസിടിവി കാഴ്ചകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ?
ജീവിതമാര്‍ഗമായ വാഹനങ്ങള്‍
തൊള്ളായിരം കണ്ടിയിലേക്കും അട്ടമലയിലെ രണ്ട് ഗ്ലാസ് ബ്രിഡ്ജുകളിലേക്കും സഞ്ചാരികളെയും എസ്റ്റേറ്റുകളിലേക്ക് തൊഴിലാളികളെയും കൊണ്ട് ഓടിയിരുന്നത് 200 ജീപ്പുകളാണ്. ഏതാണ്ട് അത്രതന്നെ കുടുംബങ്ങളുടെ വരുമാന മാര്‍ഗ്ഗമായിരുന്നു അവ. ഇതില്‍ തന്നെ പലതിനും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണുള്ളത്. ചിലതിന് അതുമില്ലായിരുന്നു. ഇന്‍ഷുറന്‍സ് അടവ് മുടങ്ങിയതിനാല്‍, കാശുണ്ടാകുമ്പോള്‍ അടക്കാനായി വീട്ടില്‍ ഒതുക്കിവച്ച വണ്ടികള്‍ പലതും ഇന്ന് മണ്ണിനടിയിലാണ്. അവയ്ക്ക് ഇനി ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ലെന്നത് മറ്റൊരു ദുരന്തം.
ചൂരല്‍മലയിലെത്തുമ്പോള്‍ വാഹനങ്ങളില്‍ വൈവിധ്യങ്ങള്‍ കാണാം. ജീപ്പുകളും ഓട്ടോകളും എണ്ണത്തില്‍ കുറയുന്നു. കാറുകളും ബുള്ളറ്റുകളും ബൈക്കുകളുമാണ് അവിടെ കൂടുതല്‍. വരുമാനം തേടി കടല്‍ കടന്ന് ഗള്‍ഫ് നാടുകളില്‍ ജീവിതത്തിന്റെ പച്ചപ്പ് തേടിപ്പോയവരുടെ ദേശമാണത്. ഇരുനിലവീടുകള്‍ക്ക് മുന്നിലുണ്ടായിരുന്ന കാറുകളില്‍ മാരുതി മുതല്‍ കിയവരെ. മിക്കതും ഇന്ന് മണ്ണിനടിയില്‍.
ജീപ്പുകളുടെയും ഓട്ടോകളുടെയും കഥ
അപകടസാധ്യത കൂടിയ മേഖലയായി വനംവകുപ്പ് കണക്കാക്കുന്ന തൊള്ളായിരം കണ്ടിയിലേക്കും അട്ടമല ഗ്ലാസ് ബ്രിഡ്ജിലേക്കുമുള്ള ഓഫ് റോഡുകളില്‍ ഓടിയിരുന്ന 200 ഓളം ജീപ്പുകളും അത്ര തന്നെ ഓട്ടോകളുടെയും ഉടമസ്ഥരില്‍ ഭൂരിഭാഗവും ജീവിച്ചിരുന്നത് പുഞ്ചിരിമട്ടത്തും ചൂരല്‍മലയിലും അപകടമുണ്ടായ സ്ഥലങ്ങളിലാണ്. ഇതില്‍ ഭൂരിഭാഗം വണ്ടികളും ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി.
മലയോര മേഖലയുടെ ഹൃദയത്തുടിപ്പുകളായിരുന്നു ജീപ്പുകള്‍. ഓഫ് റോഡുകളില്‍ ഒരു കല്ലില്‍ നിന്ന് മറുകല്ലിലേക്ക് ആടിയുലഞ്ഞ് ആളുകളെയും കൊണ്ട് അവ കയറിയിറങ്ങി. പണ്ട് ഇറങ്ങിയിരുന്ന ഓഫ് റോഡ് ജീപ്പുകളുടെ പുതിയ പതിപ്പുകളൊന്നും ഇപ്പോള്‍ നിരത്തിലിറങ്ങുന്നില്ല. ഉള്ളവയെല്ലാം പതിനഞ്ച് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളവയാണ്. തൊള്ളായിരംകണ്ടിക്കും അട്ടമല ഗ്ലാസ് ബ്രിഡ്ജിലേക്കും ഓടിയിരുന്ന ആ ജീപ്പുകള്‍ നിരത്തുകളുടെ ജീവനാഡിയായിരുന്നു.
തുലാമഴ കനത്താൽ 'ഡാമിംഗ് ഇഫക്ട്' എന്ന് ഗവേഷകർ, ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും മുന്നറിയിപ്പ്
പലകൈ മറിഞ്ഞ് ഒടുവില്‍ ഓഫ് റോഡ് ഉപയോഗത്തിനായി വാങ്ങി, പുതുക്കി പണിതാണ് എല്ലാ വണ്ടികളും സര്‍വ്വീസ് നടത്തിയിരുന്നത്. തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ള ജീപ്പുകള്‍. പലതിനും അത് പോലുമില്ല. ഇങ്ങനെ ഉപജീവനത്തിനായി വാങ്ങി, പുതുക്കി പണിത് ഉപയോഗിക്കുന്ന ജീപ്പുകളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടപ്പെട്ടു. അവയ്‌ക്കൊന്നിനും ഇനിയൊരിക്കലും ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല. ജീപ്പുടമകള്‍ ജീവനോടെ രക്ഷപ്പെട്ടെങ്കിലും ആ കുടുംബങ്ങളുടെ വരുമാന മാര്‍ഗം എന്നന്നേയ്ക്കുമായി അടഞ്ഞു.
ഓട്ടോകള്‍ക്കാകട്ടെ മറ്റൊരു കഥയാണ് പറയാനുള്ളത്. വരുമാനം കുറയുന്ന വേളയില്‍, തവണ അടയ്ക്കാന്‍ കഴിയാതെ വീട്ടുമുറ്റത്ത് ഒതുക്കി നിര്‍ത്തിയതാണ് അവയിലേറെയും. അവയും ഇന്ന് ഏതോ മണ്ണടരുകള്‍ക്കിടയിലാണ്. വണ്ടിയുടെ ഒരു ഭാഗം പോലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഉരുളില്‍ നഷ്ടപ്പെട്ടോ, അതോ വിറ്റൊഴിഞ്ഞോ എന്ന സാങ്കേതികത്വത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുക നല്‍കാതെ മാറ്റിനിര്‍ത്തിയവയാണ് പലതും. ഇനി പോലീസ് ക്ലെയിം ചെയ്ത് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കില്‍ വര്‍ഷം ഏഴ് കഴിയണം.
ബൈക്കുകളുടെയും കാറുകളുടെയും അവസ്ഥ
സാധാരണക്കാരുടെ വാഹനമാണ് ബൈക്ക്. മിക്ക വീടുകളിലും ഒരു ബൈക്കും കാണും. ആശിച്ച് ആറ്റ് നോറ്റുവാങ്ങിയ ഒരെണ്ണം കാണും പല വീടുകളിലും. പുതിയൊരെണ്ണം വാങ്ങാനായി മൊത്തം തുകയും കൈയില്ലാത്തതിനാല്‍ പലര്‍ക്കും സെക്കന്‍ഹാന്റ് ബൈക്കുകളാകും ഉണ്ടാവുക. ജീപ്പുകളുടേതിന് സമാനമായ അവസ്ഥ.
ആറ് മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ വിലയുള്ള നിരവധി കാറുകള്‍ ചൂരല്‍മലയ്ക്കും പുഞ്ചിരിമട്ടത്തിനും ഇടയില്‍ ധാരാളമുണ്ട്. പലതിന്റെയും പൊടി പൊലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത ഫൂള്‍ ബോഡി ഇന്‍ഷുറന്‍സ് ഉള്ള വണ്ടികള്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് പണം തിരിച്ച് കിട്ടി. അപ്പോഴും മണ്ണടരുകളിലെവിടെയോ പുതഞ്ഞ് പോയ വണ്ടികള്‍ക്ക് ഇനിയെന്ന് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടുമെന്നറിയാതെ വാഹന ഉടമകള്‍.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓർമ്മകളില്‍ നിന്നും മായാത്ത ദുരന്ത ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ഇന്‍ഷുറന്‍സ് ക്ലെയിം എന്ന മരീചിക
ഫുള്‍ കവര്‍ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. അതിനാല്‍, ദുരന്തഭൂമിയിലെ തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് വണ്ടികളുടെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ദുരന്തശേഷം കണ്ടെത്തിയ ഫുള്‍ കവര്‍ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുള്ളത്. ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് ഉള്ളതും അതേസമയം ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതുമായ വാഹനങ്ങള്‍ക്ക് അത് ലഭിക്കാന്‍ കുറഞ്ഞത് ഏഴ് വര്‍ഷം കാത്തിരിക്കണം. ഒപ്പം, പോലീസിന്റെ സാക്ഷ്യപത്രവും വേണം. ഈ സാങ്കേതിക തടസമാണ് വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്.
ഇന്‍ഷുറന്‍സ് അടയ്ക്കാതെ വീടുകളില്‍ നിര്‍ത്തിയിട്ടതാണ് പല വണ്ടികളും എന്നതാണ് മറ്റൊരു പ്രശ്‌നം. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണാറുള്ള രീതിയാണ് അത്. മിക്കവരും അന്നന്നത്തെ ഓട്ടത്തിനുള്ളത് മാത്രം ഓടുന്നവയാണ്. ഈ കൂട്ടത്തില്‍ ബൈക്കുകളും ജീപ്പുകളും ഓട്ടോകളും കാറുകളുമുണ്ട്. ഇത്തരം വണ്ടി ഉടമകളെല്ലാം മധ്യവര്‍ഗ്ഗമോ അടിസ്ഥാന തൊഴിലാളി കുടുംബങ്ങളോ ആണ്. നിരവധി ലോണുകളും മറ്റും കുടിശ്ശിക ഉള്ളവര്‍. ഇന്‍ഷുറന്‍സ് കമ്പനികളുടെ സാങ്കേതികത്വത്തില്‍ തട്ടി ഭൂരിപക്ഷം പേര്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജീപ്പ്, ഓട്ടോ ഉടമകളില്‍ പലര്‍ക്കും ഇത് 'കൂനിന്‍മേല്‍ കുരു' പോലെയാണ്. ജീവന്‍ തിരിച്ച് കിട്ടിയവര്‍ക്ക് തങ്ങളുടെ അന്നം മുട്ടിപ്പോയ അവസ്ഥ.
ഒഴുകിയിറങ്ങിയ ഉരുള്‍ വയനാടന്‍ ദുരന്തഭൂമിയിൽ ബാക്കിയാക്കിയത്