Mar 17, 2022, 12:27 PM IST
ഇനി സർക്കാർ ഉദ്യോഗസ്ഥർക്ക് (Government Employees) കർശനമായ കാര്യക്ഷമത വിലയിരുത്തൽ. ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകൾ വെച്ച് താമസിപ്പിച്ചാലും പ്രൊമോഷൻ തടയും. ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർവീസ് റൂളിന്റെ ഭാഗമാകുന്ന നിർണായക മാറ്റങ്ങൾക്കാണ് കേരളം ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഭരണ പരിഷ്കാര കമ്മീഷൻ (Administrative Reforms Commission) ശുപാർശ സർക്കാർ അംഗീകരിച്ചു. പുതിയ തീരുമാനത്തെ ഇടതു സർവ്വീസ് സംഘടനകൾ സ്വാഗതം ചെയ്തു. ഭരണപരിഷ്കാര കമ്മീഷൻ ശുപാർശ അംഗീകരിച്ചുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലർ നടപടിയെ എൻജിഒ യൂണിയൻ സ്വാഗതം ചെയ്തു. സ്ഥാനക്കയറ്റ നടപടി കൂടുതൽ സുതാര്യമാക്കും. ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കും. എല്ലാ വർഷവും റിപ്പോർട്ട് എന്നത് ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്ക് നല്ലതാണ്. ഗ്രേഡിന് പകരം മാർക്ക് ഇടുന്നത് കുറച്ചുകൂടി കാര്യക്ഷമമാക്കുമെന്നും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, സർക്കാർ തീരുമാനത്തെ പൂർണ്ണമായി എതിർക്കാനോ പൂർണമായി യോജിക്കാനോ ആവില്ലെന്ന് എൻജിഒ അസോസിയേഷൻ പ്രതികരിച്ചു.