ബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തികൂടിയ ന്യൂനമർദ്ദം, നാളെ തീവ്രന്യൂനമർദ്ദമാകും, 27നും 28നും മഴ ശക്തമാകും

By Web Team  |  First Published Nov 24, 2024, 3:55 PM IST

നവംബർ 25ഓടെ തെക്കൻ  ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 


തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ  25ഓടെ തെക്കൻ  ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട്  ദിവസങ്ങളിൽ തമിഴ്നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ നവംബർ  27, 28 തിയ്യതികളിൽ കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരളത്തിൽ അടുത്ത അഞ്ച്  ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നവംബർ 27ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്. നവംബർ 28ന് എറണാകുളം ജില്ലയിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

Latest Videos

undefined

തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ  ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ  പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!