Feb 16, 2022, 3:51 PM IST
കണ്ണൂർ : തോട്ടടയിൽ ബോംബ് എറിഞ്ഞ(bomb blast) സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചെന്ന്(pre planned) പൊലീസ്(police). ബോംബ് ആക്രമണം സംഘർഷമായാൽ തിരിച്ചടിക്കാൻ വടിവാളും കരുതി.ഏച്ചൂരിൽ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി.സനാദും സംഘവും എത്തിയത് വടിവാളുമായിട്ടാണെന്നും പൊലീസ് പറയുന്നു,
തോട്ടട കൊലപാതകത്തിൽ ആകെ 4പേർ ആണ് അറസ്റ്റിൽ ആയത്. മിഥുൻ, ഗോകുൽ, സനാദ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചത്. രാത്രി പടക്കം വാങ്ങിയാണ് ബോംബ് നിർമിച്ചത്. മിഥുന്റെ വീട്ടിന്റെ പരിസരത്ത് വച്ചാണ് ബോംബ് ഉണ്ടാക്കിയത്.ആകെ 3 ബോംബുകൾ ഉണ്ടാക്കി. തലേ ദിവസവും ബോംബ് പരീക്ഷണം നടത്തി. സംഭവ സ്ഥലത്ത് ആദ്യം ഒരെണ്ണം എറിഞ്ഞു. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബോംബ് എറിയുന്നതിന് മുമ്പ് സംഭവ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഈ സംഘർഷത്തിൽ മിഥുന് അടിയേറ്റു. ഇതിന് പിന്നാലെ മിഥുൻ വടിവാൾ വീശി. തുടർന്ന് അക്ഷയ് ബോംബ് എറിയുകയായിരുന്നുവെന്നും പൊലിസിന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയിൽ നാട്ടിൽ തുടർ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് കണ്ണൂർ തോട്ടടയിലെ വരന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. തലേന്ന് രാത്രിയിലെ പാട്ടും ഡാൻസും ഏച്ചൂർ ,തോട്ടട സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. ഈ ആഘോഷത്തിൽ ഇല്ലാതിരുന്ന ജിഷ്ണു എന്ന ആളാണ് പിറ്റേന്നത്തെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കൾ വരുമെന്ന് കരുതിയില്ല. ഈ ദുരന്തത്തിൽ നിന്നെങ്കിലും യുവാക്കൾ പാഠം പഠിക്കണെന്ന് മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞായറാഴ്ച തോട്ടടയിലെ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി ജിഷ്ണു കൊല്ലപ്പെട്ട കേസിൽ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്. തോട്ടട സംഘത്തിന് നേരെ ഏച്ചൂർ സംഘം എറിഞ്ഞ ബോംബ് അബദ്ധത്തിൽ സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടുകയായിരുന്നു.
പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിൻറെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.
ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിൻറെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റു.
ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കൾ ചേർത്ത് നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൻറെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബോംബ് നിർമ്മാണത്തിന് വേണ്ട സ്ഫോടക വസ്തുക്കൾ വാങ്ങാൻ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. താഴെ ചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവർ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നൽകിയിരുന്നു