Russia Ukraine Crisis: യുക്രൈനിൽ നിന്ന് മലയാളികൾ മടങ്ങി തുടങ്ങി; കേരളത്തിലേക്കുള്ള വിമാനനിരക്ക് ഒന്നേകാൽ ലക്ഷം

Feb 16, 2022, 2:48 PM IST

തിരുവനന്തപുരം: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാകട്ടെ യുക്രൈനെ ശക്തമായി പിന്തുണക്കുന്നുണ്ട്. മറ്റൊരു വലിയ യുദ്ധത്തിന്റെ വക്കിലാണോയെന്ന് ലോകം ഭയക്കുമ്പോൾ അതിന്റെ പ്രഹരം ഓഹരി വിപണികളിലടക്കം പ്രതിഫലിക്കുന്നു. ഇന്ത്യക്കാരോട് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എംബസി. യുക്രൈനിൽ താമസിക്കുന്ന ഇന്ത്യാക്കാരും മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളും വലിയ ഭീതിയിലാണെന്ന് കഴിഞ്ഞ 27 വർഷമായി യുക്രൈനിലെ കീവിൽ സ്ഥിരതാമസമാക്കിയ മലയാളി ഡോ സൈലേഷ് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

'യുദ്ധത്തെ കുറിച്ചുള്ള വാർത്തകൾ വലിയ തോതിൽ വരുന്നുണ്ട്. ഇന്ത്യാക്കാരിൽ തന്നെ നല്ലൊരു വിഭാഗം വിദ്യാർത്ഥികളാണ്. 12000ത്തിലേറെ വരും മെഡിസിനും എഞ്ചിനീയറിങും പഠിക്കുന്ന കുട്ടികളുടെ എണ്ണം. അവരെല്ലാം ഒരാഴ്ചയിലേറെയായി ഭീതിയിലാണ്. എംബസി തിരികെ പോകാൻ ആവശ്യപ്പെട്ടതോടെ ഇവിടെ നിന്ന് വിദേശികളെല്ലാം മടങ്ങുകയാണ്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇന്ത്യാക്കാരെല്ലാം നാട്ടിലെത്തി തുടങ്ങും,'- കൊല്ലം പാരിപ്പള്ളി സ്വദേശിയും ഹെറ്റെറോ ലാബ്സ് എന്ന ആഗോള ഫാർമ കമ്പനിയുടെ യുക്രൈനിലെ മേധാവി കൂടിയായ ഡോ സൈലേഷ് പ്രതികരിച്ചു. എന്നാൽ റഷ്യയെ യുക്രൈൻ ജനതയ്ക്ക് ഭയമില്ലെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാക്കാർ ഭീതിയിൽ

'ഒരു ഷെൽ പതിച്ചാൽ ഇപ്പോഴത്തെ സ്ഥിതി മാറുമായിരിക്കും. പക്ഷെ റഷ്യയ്ക്ക് യുക്രൈനെ ഒരു തരത്തിലും സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ ഇന്ത്യാക്കാരുടെ കാര്യം അങ്ങിനെയല്ല. ഉത്തരേന്ത്യക്കാരാണ് ഇവിടെയുള്ളവരിൽ ഏറെയും. കീവിലുള്ള ഞങ്ങളുടെ ഇന്ത്യൻ കൂട്ടായ്മയിൽ മാത്രം 500 ലേറെ ഇന്ത്യാക്കാരുണ്ട്. അവർക്ക് ഭയമുണ്ട്. ഇന്ത്യാക്കാർ തിരികെ പോകണമെന്ന എംബസി നിലപാടിനോട് അനുകൂലമായി തന്നെ അവർ പ്രതികരിക്കും. സ്ഥിതി കൂടുതൽ സങ്കീർണമാകുന്നത് വരെ കാത്തുനിൽക്കാൻ അവരിൽ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നില്ല' - സൈലേഷ് പറഞ്ഞു.

'കേരളത്തിൽ നിന്നടക്കം ഇന്ത്യാക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെയുണ്ട്. എഞ്ചിനീയറിങും മെഡിസിനുമൊക്കെ പഠിക്കാനായി വന്ന നിരവധി പേരാണുള്ളത്. ഏകദേശം 12000ത്തോളം വരും അവരുടെ എണ്ണം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നത് ഇവരെയൊക്കെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരിൽ തന്നെ ഭൂരിപക്ഷവും ഇവിടെ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ്. കൊവിഡിന്റെ കാര്യമായ നിയന്ത്രണമൊന്നും ഇവിടെയില്ല. ഒരു പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആർക്കും ഏത് വിദേശരാജ്യത്തേക്കും പോകാനാവും. അതിനാൽ ഇവർക്കൊന്നും തിരികെ പോകാൻ വലിയ തടസമുണ്ടാവില്ല'- അദ്ദേഹം പറഞ്ഞു.

പതിവിൽ മാറ്റമില്ലാതെ യുക്രൈൻ

'ഈ കോലാഹലമെല്ലാം തുടങ്ങുന്നതിന് മുൻപ് എങ്ങിനെയായിരുന്നോ യുക്രൈൻ, അതേ നിലയിലാണ് ഇവിടുത്തുകാർ ഇപ്പോഴും. റഷ്യയെ അവർക്ക് നന്നായറിയാം. റഷ്യയ്ക്ക് ഭയപ്പെടുത്താൻ കഴിയുന്നൊരു ജനതയല്ല യുക്രൈൻ,'- സൈലേഷ് പറഞ്ഞു. മഞ്ഞുപുതച്ചുകിടക്കുന്ന അതിർത്തിയിൽ സൈനികരെ വിന്യസിച്ച് യുക്രൈനെതിരെ യുദ്ധത്തിനെന്ന് പ്രതീതിയുണർത്തി മുന്നോട്ട് പോയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, സൈന്യത്തിൽ ഒരു വിഭാഗത്തെ തിരികെ വിളിച്ചതിലും ഈ യുക്രൈൻ മലയാളിക്ക് തെല്ലും അമ്പരപ്പില്ല.

'സോവിയറ്റ് കാലത്ത് തന്നെ തുടങ്ങിയ തെർമർ പവർ സ്റ്റേഷനുകളും ആറ്റമിക് പദ്ധതികളും അമോണിയം പ്ലാന്റുകളുമെല്ലാമായി യുക്രൈൻ സാമ്പത്തിക രംഗം ശക്തമാണ്. കീവിൽ മാത്രം 40 ലക്ഷത്തിലേറെ ജനങ്ങളുണ്ട്. ഇന്നലെ വൈകീട്ട് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഞാൻ പോയ സൂപ്പർമാർക്കറ്റിൽ പോലും നല്ല തിരക്കായിരുന്നു. യുദ്ധത്തിന്റെ സഹാചര്യമാണെന്ന നിലയിൽ ഒരു ഭീതി ജനങ്ങളിൽ തീരെയില്ല,'- സൈലേഷ് പറഞ്ഞു.

ആഗോള തലത്തിൽ ഉയർന്ന ഭീതി താഴേത്തട്ടിലെ ജനങ്ങളെ ബാധിച്ചിട്ടില്ല. ഇവിടെ ഐടി, ഫാർമ, കെമിക്കൽ രംഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികളുണ്ട്. അവരെല്ലാം ഇപ്പോഴും പതിവ് പോലെ ജോലിക്ക് പോകുന്നുണ്ട്. തങ്ങളുടെ പതിവ് വിനോദങ്ങളിൽ അവർ ഏർപ്പെടുന്നുണ്ട്. യുക്രൈനും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറിലേറെ വർഷത്തിന്റെ പഴക്കമുണ്ട്. മെഡിസിൻ പഠിച്ച ശേഷം കഴിഞ്ഞ 27 വർഷമായി ഞാനിവിടെയാണ്. യുക്രൈൻ ജനതയെ എനിക്ക് നേരിട്ടറിയാം. 

യുക്രൈനെ കുറിച്ച്

കിഴക്കൻ യൂറോപ്പിൽ നാലു കോടി ജനങ്ങളുള്ള രാജ്യമാണ് യുക്രൈൻ. 87 ശതമാനം ക്രിസ്തുമത വിശ്വാസികൾ. 1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് പിളർന്നു മാറി സ്വതന്ത്രമായ രാജ്യങ്ങളിൽ ഒന്ന്. ആൾബലത്തിലും ആയുധബലത്തിലും റഷ്യ യുക്രൈനെക്കാൾ ഏറെ മുന്നിലാണ്. യുക്രൈന്റെ സൈനികരുടെ എണ്ണം 11.5 ലക്ഷം. റഷ്യക്ക് ഇതിന്റെ മൂന്നിരട്ടി സൈനികർ ഉണ്ട്. യുക്രന്റെ പക്കൽ യുദ്ധ വിമാനങ്ങൾ 67. റഷ്യക്ക് 1531 അത്യന്താധുനിക യുദ്ധവിമാനങ്ങൾ സ്വന്തം. യുദ്ധ ടാങ്കുകളുടെ കാര്യത്തിലും റഷ്യ ഏറെ മുന്നിൽ. യുക്രൈന് സ്വന്തമായുള്ളത് 13 ചെറു യുദ്ധക്കപ്പലുകൾ എങ്കിൽ റഷ്യക്ക് അത് 214. 

സൈനിക ശക്തിയിൽ ഏറെ പിന്നിലെങ്കിലും യുക്രൈൻ ആവർത്തിച്ച് പറയുന്ന ഒരു കാര്യം ഏറെ ശ്രദ്ധേയം. ഞങ്ങളെ റഷ്യ ആക്രമിച്ചാൽ അത് വെറും റഷ്യ - യുക്രൈന് യുദ്ധം ആയിരിക്കില്ല. റഷ്യ - നാറ്റോ യുദ്ധമായിരിക്കും. 27 യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക സഹകരണ സഖ്യമായ നാറ്റോ തങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്ന് യുക്രയിൻ മുന്നറിയിപ്പ് നൽകുന്നു. സൈനിക ബലം കുറവാണെന്നതുകൊണ്ടു മാത്രം യുക്രൈനെ ദുർബലരായി കാണാനാകില്ല.

യുദ്ധനീക്കത്തിന് പിന്നിൽ

യൂറോപ്പിന്റെ സൈനിക സഖ്യമായ നാറ്റോയിൽ ചേർന്ന് യുക്രൈൻ ഒരു യൂറോപ്യൻ സഖ്യ രാജ്യമാകുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. ഇതാണ് യുദ്ധത്തിന് കാരണം. ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളും ഇന്ന് നാറ്റോയുടെ ഭാഗമാണ്. നാറ്റോ അമേരിക്കയോട് തികഞ്ഞ കൂറുള്ള ഒന്നാണ്. ശീതയുദ്ധ കാലം തൊട്ടുതന്നെ, തങ്ങളുടെ അതിർത്തികൾക്കടുത്ത് എവിടെയും നെറ്റോയുടെ സാന്നിധ്യം ഉണ്ടാകരുത് എന്ന് റഷ്യക്ക് നിർബന്ധമായിരുന്നു.