ഓടുന്ന ട്രെിയിന്‍റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന യുവതിയുടെ വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു.
യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നും ഓടുന്ന ട്രെയിനിന് മുകളിലൂടെ ഓടുന്ന യുവാക്കളുടെ നിരവധി വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അപകടകരമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികളുമായി രാജ്യങ്ങള്‍ മുന്നോട്ട് വന്നെങ്കിലും ഇപ്പോഴും ഇത്തരം റീല്‍സുകള്‍ ഷൂട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ബംഗ്ലാദേശില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നത്. ഓടുന്ന ഒരു ലോക്കല്‍ ട്രെിയിന്‍റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന ഒരു യുവതിയുടെ വീഡിയോയാരുന്നു അത്. ജനപ്രിയ മൊബൈൽ ഗെയിമായ സബ് വേ സർഫേഴ്സിനെ ഓർമ്മപ്പെടുന്ന വീഡിയോ.
'യഥാർത്ഥ ജീവിതത്തിലെ സബ് വേ സർഫേഴ്സ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റിപ്പോര്ട്ടുകള്‍ പറയുന്നു. തിരക്കേറിയ ഒരു പ്രദേശത്തിലൂടെ കടന്നുപോകുന്ന ട്രെയിനിന്‍റെ മുകളിലേക്ക് യുവതി എങ്ങനെ കയറിയെന്നത് വ്യക്തമല്ല. അതേസമയം തന്‍റെ ചുറ്റുമുള്ള ആള്‍ക്കൂട്ടമോ ഓടുന്ന ട്രെയിനോ അവരെ ഒരു തരത്തിലും ബാധിക്കുന്നതേയില്ലെന്ന് മട്ടിലാണ് അവര്‍ ഓടുന്നതും. കുറച്ച് നേരെ ട്രെയിന് എതിര്‍വശത്തേക്കും പിന്നെ തിരിഞ്ഞ് ട്രെയിന്‍റെ സഞ്ചാര പാതയിലേക്കും യുവതി ഓടുന്നു. ഇടയ്ക്ക് ഇവര്‍ ചില നൃത്ത ചുവടുകള്‍ വയ്ക്കുന്നതും കാണാം.
നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. 'ട്രെയിൻ എപ്പോൾ വേഗത കൈവരിക്കും?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ആശങ്കയോടെ ചോദിച്ചത്. 'സ്ത്രീ അവളുടെ ജീവിതം ജീവിക്കുന്നു. അവളെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ അഭിപ്രായം. 'സഹോദരാ, അവൾ കാർഡിയോ ചെയ്യുന്നു.' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ക്യാമറാമാന്‍ പോലീസായിരിക്കും എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ തമാശ. അതേസമയം അപകടകരമായ രീതിയില്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ അവര്‍ക്ക് ഭയമില്ലേയെന്ന് ചോദിച്ചവരും കുറവല്ല.