Jun 29, 2022, 10:24 AM IST
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയതയുടെയും മുഖമുദ്രയാണ് ബഹുസ്വരത. സമൂഹത്തിന്റെ എല്ലാ തലത്തിലും ഉണർന്ന ആത്മബോധം ആണ് അതിന്റെ അടിസ്ഥാനം. രാഷ്ട്രീയം, കല, കായികരംഗം എന്നിവയിൽ മാത്രമല്ല, കച്ചവടരംഗത്തും പ്രകടമായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് ഉണർന്ന ദേശീയബോധം. കപ്പലോടിച്ചും ബ്രിട്ടനെ പ്രതിരോധിക്കാമെന്ന് തെളിയിച്ച ആളാണ് കപ്പലോട്ടിയ തമിഴൻ എന്ന പേരുകേട്ട വള്ളിയപ്പൻ ഉലഗനാഥൻ ചിദംബരം പിള്ള അഥവാ വി ഓ സി.
1872 തൂത്തുക്കുടിയിലെ ഒറ്റപ്പിടാരം എന്ന ഗ്രാമത്തിലായിരുന്നു ഒരു സമ്പന്ന കുടുംബത്തിൽ ചിദംബരം പിള്ളയുടെ ജനനം. അച്ഛന്റെ പാത പിന്തുടർന്ന് അഭിഭാഷകനായി അദ്ദേഹം. പക്ഷെ ചെറുപ്പത്തിൽ തന്നെ ദേശീയബോധവും സാഹിത്യതാൽപ്പര്യവും പാവപ്പെട്ടവരോടുള്ള അനുഭാവവും ഒക്കെ ചിദംബരത്തിന്റെ സവിശേഷതകൾ. 1905 ലെ ബംഗാൾ വിഭജനത്തോടെയാണ് ചിദംബരം സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയത്. സ്വദേശിപ്രസ്ഥാനത്തിന്റെ പ്രചാരകനും ബാലഗംഗാധര തിലകന്റെ ആരാധകനായി അദ്ദേഹം കോൺഗ്രസ്സ് പ്രവർത്തനമാരംഭിച്ചു. തീവ്രദേശീയവാദികളായ അരവിന്ദ ഘോഷും ബിപിൻ ചന്ദ്രപാലും ഒക്കെ ആയി അദ്ദേഹത്തിന്റെ മാർഗ്ഗദർശികൾ.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടന്റെ അധിനിവേശത്തെ ചെറുക്കാൻ ചിദംബരം തെരഞ്ഞെടുത്തത് പുതിയൊരു പാതയാണ്. അന്താരാഷ്ട്രവ്യാപാരരംഗത്ത് ബ്രിട്ടൻ കൈവശമാക്കിയ കുത്തകയെ വെല്ലുവിളിക്കുന്ന പാത. ബ്രിട്ടന്റെ സമുദ്ര വ്യാപാര രംഗത്തെ പ്രമുഖ കപ്പൽ കമ്പനിയായിരുന്നു ബ്രിട്ടീഷ് ഇന്ത്യൻ Steam നാവിഗേഷൻ കമ്പനി. 1906 ൽ ചിദംബരം പിള്ള ചെയ്തത് ഈ കമ്പനിക്ക് വെല്ലുവിളി ആയി മറ്റൊരു സ്ഥാപനം തുടങ്ങുകയാണ്. അതായിരുന്നു സ്വദേശി Steam നാവിഗേഷൻ കമ്പനി. ഇന്ത്യയുടെ ആദ്യത്തെ സ്വദേശി കപ്പൽ കമ്പനി. തൂത്തുക്കുടിക്കും സിലോണിലെ കൊളംബോയ്ക്കും ഇടയിൽ ആയിരുന്നു ചിദംബരത്തിന്റെ കപ്പൽ മാർഗ്ഗം. ഇതോടെ ബ്രിട്ടൻ അധികാരികൾ തിരിച്ചടി ആരംഭിച്ചു. സ്വന്തമായി കപ്പൽ വാങ്ങാനുള്ള ചിദംബരത്തിന്റെ ശ്രമങ്ങളെ അവർ തടഞ്ഞു. പക്ഷെ ലോകമാകെ സഞ്ചരിച്ച് ചിദംബരം എസ് എസ് ഗല്ലിയ എന്ന കപ്പൽ ഫ്രാൻസിൽ നിന്ന് സ്വന്തമാക്കി. അപ്പോൾ മാറ്റ് രീതികളിലുണ്ട് ബ്രിട്ടൻ അദ്ദേഹത്തെ നേരിട്ടു. ബിപിൻ ചന്ദ്രപാലിന്റെ മോചനത്തെ വാഴ്ത്തി പ്രസംഗിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കമ്പനി പൂട്ടുകയും കപ്പലുകൾ ലേലം ചെയ്യുകയും ചെയ്തു.
മോചിതനായശേഷവും പിള്ള സജീവമായി സ്വാതന്ത്ര്യസമര രാഷ്ട്രീയം തുടർന്ന്. സുബ്രഹ്മണ്യ ഭാരതി, സുബ്രഹ്മണ്യം ശിവ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. ഗാന്ധിയുമായി നിരന്തരബന്ധം പുലർത്തി. ഒപ്പം മിൽ തൊഴിലാളികളെ സംഘടിപ്പിച്ചു സമരരംഗത്ത് ഇറങ്ങി. ഒപ്പം തമിഴ് സാഹിത്യത്തിലും ആണ്ടിറങ്ങി തൊല്കാപ്പിയത്തിനും തിരുക്കുറലിനും വ്യാഖ്യാനങ്ങൾ രചിച്ച്.
1936 നവംബർ 18 നു അറുപത്തിനാലാം വയസ്സിൽ തൂത്തുക്കുടിയിൽ കോൺഗ്രസ്സ് ഓഫീസിൽ കിടന്ന് മരിക്കുമ്പോൾ ബ്രിട്ടീഷ് കച്ചവട സാമ്രാജ്യത്തെ വിറപ്പിച്ച കപ്പലോട്ടിയ തമിഴൻ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു.