നാട്ടുകാരെ പ്ലീസ്, 'ഞാൻ കുറുവ സംഘാംഗം അല്ല, മരം മുറി തൊഴിലാളി'; നാടാകെ പ്രചരിച്ച സന്ദേശം, ഗതികേടിലായി യുവാവ്

By Web Team  |  First Published Nov 22, 2024, 1:55 PM IST

നാട്ടുകാരന്‍ വഴി അറിഞ്ഞ പ്രദേശത്തെ മോഷണ ശല്യത്തെക്കുറിച്ചും വിനോദ് കടയില്‍ തിരക്കി. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കുകയായിരുന്നു.


തൃശൂര്‍: തന്‍റെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറുവ സംഘാംഗം എന്ന് പ്രചരിപ്പിക്കുന്നതിനെതിരേ മരംമുറിത്തൊഴിലാളിയായ യുവാവ് രംഗത്ത്. ഇരിങ്ങാലക്കുടയില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂര്‍ കൊല്ലയില്‍ വിനോദ് (44) നിയമനടപടിക്കൊരുങ്ങുകയാണ്. ജോലിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് ആറാട്ടുപുഴ തേവര്‍ റോഡില്‍ എത്തിയപ്പോഴാണ് ദുരനുഭവങ്ങളുടെ തുടക്കം. 

ജനാര്‍ദനന്‍ എന്നയാളുടെ വീടിന്‍റെ പരിസരത്ത് മുറിച്ചിട്ട മരക്കൊമ്പുകള്‍ വിനോദ് വാങ്ങിയിരുന്നു. ഒരു ടെമ്പോയ്ക്കുള്ള മരം ഇല്ലാത്തതിനാല്‍ സമീപത്തെ മറ്റൊരു വീട്ടിലെ മരക്കൊമ്പുകള്‍കൂടി മുറിച്ച് വാങ്ങാനുള്ള ശ്രമം നടത്തി. ഇതിന്‍റെ ഭാഗമായി സമീപത്തെ കടയില്‍ ഈ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. നാട്ടുകാരന്‍ വഴി അറിഞ്ഞ പ്രദേശത്തെ മോഷണ ശല്യത്തെക്കുറിച്ചും വിനോദ് കടയില്‍ തിരക്കി. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കുകയായിരുന്നു.

Latest Videos

undefined

വിനോദിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ആരോ വാട്‌സ് ആപ്പ് മുഖേന സന്ദേശം പ്രചരിപ്പിച്ചു. മൂന്ന് പേരുടെ ശബ്‍ദ സന്ദേശവും വിനോദിന്‍റെ ചിത്രം കൂടാതെ മറ്റൊരു വ്യക്തിയുടെ ചിത്രവും ഉള്‍പ്പെടുത്തി ഈയിടെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. മൂന്ന് ശബ്‍ദസന്ദേശങ്ങളില്‍ ഒരാളുടെ സന്ദേശത്തിലാണ് ഇവര്‍ കുറുവാസംഘം ആണെന്ന് പറയുന്നത്. 

ചേര്‍പ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിലെ ഒരാള്‍ കാട്ടൂര്‍ സ്വദേശിയാണെന്ന് വ്യക്തമായത്. വിനോദിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിനോദും സഹോദരനും സുഹൃത്തുക്കളും ചേര്‍പ്പ് പഞ്ചായത്തംഗവും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് വിനോദിന്‍റെ തീരുമാനം.

വിദേശത്ത് നിന്നും മറ്റു ജില്ലകളിൽ നിന്നും വ്യാജ പ്രചാരണം കണ്ട് ബന്ധുക്കള്‍ ഇദ്ദേഹത്തെ വിളിക്കുന്നുണ്ട്. ഡെല്‍ കമ്പനിയില്‍ ബോയിലര്‍ ഓപ്പറേറ്റര്‍ ആയി ഇന്ത്യയുടെ പലഭാഗങ്ങളില്‍ ജോലിചെയ്തിട്ടുണ്ട് വിനോദ്. വിദേശത്തും ജോലിചെയ്തിരുന്നു. പെരുമ്പിള്ളിശ്ശേരിയില്‍ വള കട്ടിങ് സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. കരിങ്കല്ലുപണി, മരംമുറി എന്നിവയും ചെയ്യുന്നു. 

'പറഞ്ഞ കാശ് കൊണ്ട് വന്നല്ലോ, എങ്കിൽ എസ്ബിഐ സിഡിഎമ്മിലേക്ക് പോയേക്കാം'; ഡെപ്യൂട്ടി തഹസീൽദാരെ കുരുക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!