രാജ്യം കണ്ട ധീരനായ വിപ്ലവകാരി-രാജ്‍​ഗുരു|സ്വാതന്ത്ര്യസ്പർശം|India@75

Jul 13, 2022, 10:20 AM IST

ഭഗത് സിംഗിനൊപ്പം തൂക്കിക്കൊന്ന രണ്ടു പേരിൽ ഒരാളാണ് രാജ് ഗുരു എന്ന ശിവറാം ഹരി രാജ്ഗുരു. മഹാരാഷ്ട്രയിലെ പുണെ-നാസിക് റോഡിൽ ഭീമ നദി തീരത്ത് ഖേഡിൽ ബ്രാഹ്മണകുടുംബത്തിൽ ജനനം. അച്ഛൻ ഹരിനാരായൻ രാജ്ഗുരു. അമ്മ പാർവതി ദേവി. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന രാജ് ഗുരുവും അന്നത്തെ പല ചെറുപ്പക്കാരെപ്പോലെ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗത്തിൽ വിശ്വസിച്ചില്ല. സായുധവിപ്ലവം മാത്രമാണ് ശരിയെന്ന് രാജ് ഗുരു വിശ്വസിച്ച്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡിൽ സ്വയം പിടിച്ചുകൊണ്ട്  രാജ്‍​ഗുരു കനത്ത പോലീസ്  മർദ്ദനം സഹിക്കാൻ സ്വന്തം ശരീരത്തെ  പരിശീലിപ്പിച്ചെന്ന് കഥയുണ്ട്. സാഹസികരായ മറ്റ് യുവാക്കൾക്കൊപ്പം രാജ്ഗുരുവും ഭഗത് സിംഗിന്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ എത്തി ചേർന്നു. രഘുനാഥ് എന്നായിരുന്നു രാജ് ഗുരുവിന്റെ സംഘടനയിലെ രഹസ്യനാമം. 

ഭഗത് സിങ് അടക്കം യുവാക്കളുടെ ആവേശമായിരുന്നു ലാലാ ലജ്പത് റായിയുടെ മരണം ഇവരെ രോഷാകുലരാക്കി. സൈമൺ കമീഷനെതിരെ ഒരു പ്രകടനത്തിൽ പോലീസ് മർദ്ദനമേറ്റ റായിയുടെ മരണം അതു മൂലമാണെന്ന് അവർ വിശ്വസിച്ചു. ഇതിനു പ്രതികാരമായി 1927 ഡിസംബർ 17ന് പോലീസ് ഉദ്യോഗസ്ഥനായ ജോൺ സാന്റേഴ്സിനെ ബോംബെറിഞ്ഞുകൊന്ന കേസിൽ ഭഗത് സിംഗിനൊപ്പം രാജ് ഗുരുവും ഉൾപ്പെട്ടു. 

ഭഗത് സിങ്ങിൻേറയും കൂട്ടരുടെയും വിചാരണ ദേശീയശ്രദ്ധ പിടിച്ചെടുത്തു. ഗാന്ധിജിയും മറ്റും അവർക്ക് വധ ശിക്ഷ നൽകരുതെന്ന് അഭ്യർത്ഥിച്ചു.  ബ്രിട്ടീഷുകാരനായ ജഡ്ജിയെ പ്രകോപിപ്പിക്കാൻ രാജ് ഗുരു ചോദ്യങ്ങൾക്കൊക്കെ സംസ്കൃതത്തിലായിരുന്നു മറുപടി നല്കിയതത്രെ. 1931 മാർച്ച് 23ന് ഭഗത് സിങ്ങിനെയും രാജ്‌ഗുരുവിനെയും സുഖ്‌ദേവ് ഥാപ്പറെയും തൂക്കിക്കൊന്നു.