ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്ത നാഗാ പോരാളി; ഹൈപൗ ജാദുനാങ്ങ് മലാങ്‌മേ

Jul 22, 2022, 9:56 AM IST


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് വേണ്ടത്ര അറിയപ്പെടുന്നില്ല.  ആ പ്രദേശങ്ങളിലെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്ത ആവേശകരമായ ചരിത്രമുണ്ട്. അതിലൊന്നാണ് മണിപ്പൂരിലെ നാഗവിഭാഗനേതാവായിരുന്ന ഹൈപൗ ജാദുനാങ്ങ് മലാങ്മേയുടെ  കഥ. 1905 ല്‍ തമീന്‍ഗെലോങ് ജില്ലയിലെ കമ്പിരാന്‍ ഗ്രാമത്തിലെ പാവപ്പെട്ട കര്ഷകകുടുംബത്തിലായിരുന്നു മലാങ്മേയുടെ ജനനം. റോംഗ്മെയ് നാഗ വിഭാഗത്തില്‍പെട്ട ജാദുനാങ്ങ് നയിച്ചത്  രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശത്തിനെതിരെയുള്ള  പോരാട്ടം. 

ഹെറാക എന്ന സാമൂഹ്യരാഷ്ട്രീയ സംഘടനയും 'റിഫെന്‍' എന്ന സൈന്യവും രൂപീകരിച്ച  ജാദുനാങ്ങ് ഗോത്രവിഭാഗക്കാരെ മതം മാറ്റാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ ശ്രമങ്ങളെയും ഹൈന്ദവമതാധിപത്യത്തെയും  അദ്ദേഹം ചെറുത്തു.  പലയിടത്തോടും അധിനിവേശകര്‍ക്കെതിരെ അദ്ദേഹം ആയുധമെടുത്ത് പോരാടി.  മൃഗബലി പോലെ തന്റെ സമുദായത്തിന്റെ കെട്ട ആചാരങ്ങളെ അദ്ദേഹം തള്ളി. പക്ഷെ സാംസ്‌കാരികത്തനിമയുള്ളവ സംരക്ഷിച്ചു.  തിങ് കാവോ റാഗ്പാങ് ആയിരുന്നു അദ്ദേഹം ആരാധിച്ച നാഗദൈവം. ദൈവത്തിനു വേണ്ടി ഗുഹാക്ഷേത്രങ്ങള്‍ പണിതു. നാഗരാജാവ് ബ്രിട്ടീഷുകാര്‍ക്ക് വിധേയനായപ്പോള്‍ ഗോത്രത്തിന്റെ രാജാവായി ജാദുനാങ്ങ്  സ്വയം പ്രഖ്യാപിച്ചു.  

 ഒരു ബ്രിട്ടീഷുകാരന്റെ വേഷം ധരിച്ച കുതിരപ്പുറത്തേറി മലകളിലൂടെയും  വനങ്ങളിലൂടെയും സഞ്ചരിച്ച് സെലിയാന്‍ഗ്രോങ് ഗോത്രജനതയെ സംഘടിപ്പിച്ചു . ഒരിക്കല്‍ ബ്രിട്ടീഷുദ്യോഗസ്ഥനായ ആര്‍ സി ഡങ്കന്‍ ജാദുനാങ്ങിനെ  തടഞ്ഞ് പാശ്ചാത്യ വസത്രം അഴിച്ചുവെയ്ക്കാനും  കുതിരപുറത്തുനിന്ന് താഴെയിറങ്ങാനും കല്പിച്ചു. വിസമ്മതിച്ച ജാദുനാങ്ങിനെ അറസ്‌റ് ചെയ്തു.  

മഹാത്മാ ഗാന്ധിയെ ബഹുമാനിച്ച ജാദുനാങ്ങ് 1927 ല്‍ അദ്ദേഹം സില്‍ച്ചറില്‍ എത്തുമെന്ന് അറിഞ്ഞ് നൂറുകണക്കിന് നാഗാജനതയുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തി. പക്ഷെ ഗാന്ധിയുടെ  ആ സന്ദര്‍ശനം നടന്നില്ല.   നാഗര്‍ക്ക് സ്വയംഭരണാവകാശം അഭ്യര്‍ത്ഥഹിച്ചുകൊണ്ട് സൈമണ്‍ കമിഷനു നിവേദനം നല്‍കി. 

സ്വതന്ത്രനാഗ രാജ്യമായ മകം ഗവാങ്ടി രൂപീകരിക്കുക ആയിരുന്നു ജാദുനാങ്ങിന്റെ സ്വപ്നം.  ജഡനാങിനെ  അറസ്‌റ് ചെയ്തത് നാഗ ജനതയില്‍ രോഷം ആളിക്കത്തിച്ചു. വിമോചിതനായ ശേഷം ജാദുനാങ്ങ് സെലിംഗ്ഗ്രോങ് ജനതയെ ആകെ ഒരു അവസാന യുദ്ധത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്തു. വ്യാപകമായി ആയുധങ്ങള്‍ സമാഹരിക്കപ്പെട്ടു. പക്ഷെ വലിയ കലാപം ഒരുങ്ങുന്നുണ്ടെന്ന് ബ്രിട്ടീഷുകാര്‍ക്ക് വിവരം ലഭിച്ചു. മണിപ്പൂരിലെ ബ്രിട്ടീഷ് അധികാരി ജെ സി ഹിഗ്ഗിന്‍സ് ആസാം റൈഫില്‍സിന്റെ ഒരു സംഘവുമായി ജഡനാങ്ങിന്റെ  പുയിലിയാന്‍ ഗ്രാമത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. വീടുകളും ആരാധനാലയങ്ങളും തകര്‍ത്തു. നൂറുകണക്കിന് പേരെ തടവിലാക്കി. 1931 ഫെബ്രുവരി 19 നു ജാദുനാങ്ങ് റാണി ഗയിഡിന്‍ലിയു അടക്കം 200 ഓളം അനുയായികളുമായി പിടിക്കപ്പെട്ടു. ആഗസ്ത് 29 നു പുലര്‍ച്ചെ ആറു മണിക്ക് ഇ0ഫാല്‍ ജയിലിനു പിന്നില്‍ നംബുല്‍ നദിക്കരയില്‍ ജാദുനാങ്ങിനെ  തൂക്കിക്കൊന്നു.