മാനേജർക്ക് ദേഷ്യം വന്നു, ഭക്ഷണം കഴിക്കാനെത്തിയവരുടെമേൽ ചൂടുവെള്ളമൊഴിച്ചു

By Web Team  |  First Published Jul 28, 2022, 2:45 PM IST

ഇരകൾ 1,000,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കയാണ്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നതായും അവർ ആരോപിച്ചു. ബ്രിട്ടാനിയുടെ നെഞ്ചിലും വയറ്റിലും ആഴത്തിലുള്ള പൊള്ളലേറ്റിട്ടുണ്ട്.


ഒരു റെസ്റ്റോറന്റിലെ ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കടയിൽ വരുന്ന ആളുകളോട് നല്ല രീതിയിൽ പെരുമാറാനാണ് ഓരോ ജീവനക്കാരും ശ്രമിക്കാറുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ മറിച്ചുള്ള അനുഭവങ്ങളും ഉണ്ടായെന്ന് വരാം. എന്നാലും കസ്റ്റമറെ പരിധിവിട്ട് ഉപദ്രവിക്കാൻ സാമാന്യം ആരും മുതിരാറില്ല. എന്നാൽ, യുഎസിലെ ഡല്ലാസിലെ ഒരു ഭക്ഷണശാലയിൽ നടന്നത് തീർത്തും ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കോപം നിയന്ത്രിക്കാനാവാതെ കടയുടെ മാനേജർ അവിടെ വന്ന കസ്റ്റമേസ്‌സിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ അവർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.  

ബ്രിട്ടാനി ഡേവിസ്, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതായിരുന്നു അവിടെ. അവർ ഓർഡർ ചെയ്തതിൽ എന്തോ പിശക് പറ്റി ഓർഡർ രണ്ട് തവണ ബിൽ ചെയ്യപ്പെട്ടു. ഇതിനെ പറ്റി സംസാരിക്കാൻ ബ്രിട്ടാനിയും, അനന്തിരവളും കൗണ്ടറിന് സമീപം ചെന്നു. കടയുടെ മാനേജരുമായി ഇതിനെ പറ്റി സംസാരിച്ചു. എന്നാൽ ഇത് പതുക്കെ തർക്കത്തിലേയ്ക്ക് എത്തി. ഒടുവിൽ മാനേജർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും, അയാൾ ഭക്ഷണം തയ്യാറാക്കുന്ന മുറിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ അകത്തേയ്ക്ക് പോയ അയാൾ തിരികെ എത്തിയത് ഒരു പാത്രം തിളച്ച വെള്ളവുമായിട്ടാണ്. കൗണ്ടറിൽ നിൽക്കുന്ന അവരുടെ മുഖത്തേയ്ക്ക് അയാൾ ആ തിളച്ച വെള്ളം ഒഴിച്ചു.  

Latest Videos

undefined

അയാൾ രണ്ടാമതും വെള്ളം നിറക്കാൻ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതോടെ ബ്രിട്ടാനി ഡേവിസും, അനന്തിരവളും അവിടെ നിന്ന് ഭയന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ജൂൺ 17 -നാണ് സംഭവം. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരകൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 13 -ന് അവർ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു.

ഇരകൾ 1,000,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കയാണ്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നതായും അവർ ആരോപിച്ചു. ബ്രിട്ടാനിയുടെ നെഞ്ചിലും വയറ്റിലും ആഴത്തിലുള്ള പൊള്ളലേറ്റിട്ടുണ്ട്. അന്ന് നടന്ന സംഭവങ്ങൾ അവിടെയുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അവ ഇപ്പോൾ വൈറലായി മാറുകയാണ്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയും ക്ഷേമവും ഗൗരവമായി എടുക്കുന്നുവെന്ന് ടാക്കോ ബെൽ റെസ്റ്റാറന്റ് പ്രസ്താവനയിൽ പറഞ്ഞു.

click me!